വേലൂര്‍ പഞ്ചായത്തിലെ വെങ്ങിലിശ്ശേരിയെന്ന കുഗ്രാമത്തിന്റെ കലാകേരളത്തിനുള്ള സംഭാവനയാണ് ജോണ്‍സണ്‍ വേലൂരെന്ന ശില്‍പ്പി. ഗാലറികളിലെ ശീതീകരിച്ച ഷോകേസുകളിലല്ല ശില്‍പ്പങ്ങളുടെ സ്ഥാനമെന്ന് കാനായി കുഞ്ഞിരാമനെപ്പോലെ ചിന്തിക്കുന്ന ജോണ്‍സണ്‍ ഇതിനകം തന്നെ പല പൊതുസ്ഥലങ്ങളിലും ശില്‍പ്പങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും പള്ളികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതില്‍പ്പെടും. പ്രസിദ്ധനടനായ മമ്മൂട്ടിയുടെ ചെന്നെയിലുള്ള വീട്ടിലും ജോണ്‍സന്റെ ശില്‍പങ്ങളുണ്ട്. ജോണ്‍സണ്‍ വേലൂരുമായി ചിത്രകാരന്‍ കെകെ സുരേഷ് നടത്തിയ അഭിമുഖത്തില്‍നിന്ന് പ്രസക്ത ഭാഗങ്ങള്‍ -
ശില്‍പ്പകലയെ ഇത്ര അഗാധമായി സ്‌നേഹിക്കാന്‍ കാരണം?
സുകുമാരകലകളില്‍ ഒന്നാണ് ശില്‍പ്പകലയും. എന്നാല്‍ ഇത് വ്യക്ത്യാധിഷ്ടിതമായ ഒരു കലയാണ്. നാടകം പോലെ, സിനിമ പോലെ ഇതിനൊരു കൂട്ടായ്‌മ വേണ്ടെന്നര്‍ത്ഥം. ശില്‍പ്പകലയെ വ്യക്ത്യാധിഷ്ടിതകലയെന്നുമാത്രം പറഞ്ഞാല്‍ പോരാ. ശില്‍പ്പം ത്രിമാനസ്വഭാവമുള്ളതാണ്. ചിത്രത്തിന് ദ്വിമാനസ്വഭാവമാണുള്ളത്. നീളവും വീതിയും മാത്രം. എന്നാല്‍ ശില്‍പ്പത്തിനാവട്ടെ കനം കൂടിയുണ്ട്. അന്ധനുപോലും സ്‌പര്‍ശനം കൊണ്ട് അനുഭവിച്ചറിയാന്‍ കഴിയുമെന്നാണതിന്റെ പ്രത്യേകത!
ഇന്നത്തെ സാഹചര്യത്തില്‍ ശില്‍പ്പകല അതിജീവനത്തിനും ഉപജീവനത്തിനും സഹായകമാണോ?
പണ്ടുകാലത്ത് ശില്‍പ്പകല വളര്‍ന്നത് രാജകൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലുമായിരുന്നു. രാജാക്കന്‍മാര്‍ ശില്‍പ്പികളെ ആദരിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്നു. ഇന്നാവട്ടെ ശില്‍പ്പിക്ക് അവന്റെ നിലനില്‍പ്പ് ഒരു പ്രശ്‌നമാണ്. കേരളത്തില്‍ പ്രത്യേകിച്ചും. കലാകാരന്റെ സര്‍ഗ്ഗാത്മകതയില്‍നിന്നുണ്ടാവുന്ന ഒരുല്‍പ്പന്നം കേരളത്തില്‍ അവന് ഭക്ഷണം ഉറപ്പാക്കുന്നില്ല. സര്‍ഗ്ഗാത്മകത കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയാത്ത കാലമാണിത്. കലാകാരന്‍ ക്രാഫ്റ്റ്‌സ്‌മാന്‍ കൂടി ആയിരിക്കേണ്ടതുണ്ട്. എന്നാലേ അവന് ജീവിക്കാന്‍ കഴിയൂ!
ഫൈന്‍ ആര്‍ട്ട്‌സ് പോലുള്ള സ്ഥാപനങ്ങളുടെ പോരായ്‌മയാണ് ഞാന്‍ പറഞ്ഞ് വരുന്നത്. ക്യൂബിസം, ഇംപ്രഷനിസം എന്നിങ്ങനെ കലാവിദ്യാര്‍ത്ഥികളുടെയുള്ളില്‍ വിഭ്രമാത്മകത സൃഷ്ടിക്കാതെ തൊഴില്‍ മേഖലക്കുപയുക്തമായ ഒരു പഠനസമ്പ്രദായം ഇത്തരം സ്ഥാപനങ്ങളില്‍ വരേണ്ടിയിരിക്കുന്നു. എന്നാലേ വളര്‍ന്ന് വരുന്ന കലാകാരന്‍ രക്ഷപ്പെടുകയുള്ളൂ.
സമൂഹത്തില്‍ കലാകാരനാരാണ്? അല്ലെങ്കില്‍ ആരായിരിക്കണം ഒരു കലാകാരന്‍?
കലാകാരന്റെ സര്‍ഗ്ഗാത്മകതയുടെ ഉല്‍പ്പന്നം അവന്‍ സമൂഹത്തിന് ചെയ്യുന്ന സംഭാവനയാണ്. അതിന്റെ ആസ്വാദനം വിവിധതലങ്ങളില്‍ നടക്കുന്നു. അല്ലെങ്കില്‍ അങ്ങിനെയാണ് വേണ്ടത്. ഒരിക്കലും സൃഷ്ടികര്‍ത്താവിനെക്കണ്ട് ആസ്വാദനം നടത്തരുത്. ഓ ഇയാളാണോ ഇതുണ്ടാക്കിയത്? ഇയാള്‍ പണ്ടേ പിശകാണല്ലോ..എന്നിങ്ങനെ പലരും ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്.
ഒരു കലാകാരന്റെ പൈതൃകം, പാരമ്പര്യം, വളര്‍ന്ന് വരുന്ന സാഹചര്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അവന്റെ സൃഷ്ടിയില്‍ സ്വാധീനം ചെലുത്താം. എന്നാല്‍ സൃഷ്ടി നടന്ന് കഴിഞ്ഞതിന് ശേഷം സൃഷ്ടിയെ കലാകാരനുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നത് ആശ്വാസകരമായ കാര്യമല്ല. സൃഷ്ടി സമൂഹത്തിന് കലാകാരന്‍ കൊടുത്ത ഒരു സംഭാവനയായി മാത്രമേ കാണേണ്ടതുള്ളൂ.
സമൂഹത്തിനെ സോഷ്യലിസത്തേക്ക് നയിക്കേണ്ടത് കലാകാരന്റെ കടമയല്ല. വാസനയുള്ള മാധ്യമത്തില്‍ താന്‍ നിരീക്ഷിക്കുന്ന കാര്യങ്ങള്‍ പകര്‍ത്തുക മാത്രമാണ് കലാകാരന്റെ ധര്‍മ്മം. കലാകാരന്റെ വാസനാവൈഭവമാണ് അതില്‍ പ്രതിഫലിക്കുക, അല്ലാതെ സമൂഹത്തെ നന്നാക്കാനുള്ള ഉത്തരവാദിത്വം ചുമലിലേറ്റേണ്ടവനല്ല കലാകാരന്‍. സൃഷ്ടിയില്‍ എന്തെങ്കിലും നല്ല സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ആസ്വാദകനത് എടുക്കാം. ഇല്ലെങ്കില്‍ തള്ളാം. അത്രതന്നെ!
എങ്ങിനെയാണ് ഈ മാധ്യമം തെരഞ്ഞെടുത്തത്?
കുട്ടിക്കാലത്ത് ചിത്രം വര കുറേശ്ശെയുണ്ടായിരുന്നു. വീട്ടില്‍ മുഴുപ്പട്ടിണിയായിരുന്നു. എങ്ങിനെയൊക്കെയോ പത്താം ക്ലാസ്സ് പാസ്സായി ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആ കാലത്താണ് ഞാനെന്റെ ഗുരുവെന്ന് വിളിക്കാനിഷ്ടപ്പെടുന്ന സൈമണ്‍ പിടിയെ പരിചയപ്പെടുന്നത്. ചിത്രകാരനായിരുന്ന ആ വലിയ മനുഷ്യനാണ് എന്നെ ഈ മാധ്യമത്തിലേക്ക് തിരിച്ചുവിട്ടതെന്ന് പറയാം.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഫൈന്‍ ആര്‍ട്ട്‌സ് എന്നൊരു സാധനം തൃശ്ശൂരിലുണ്ടെന്നറിയുന്നത്. പ്രീഡിഗ്രി പൂര്‍ത്തിയാക്കും മുന്‍പേ അവിടെ പ്രവേശനം ലഭിച്ചു. വളരെ കഷ്ടതയനുഭവിച്ചാണ് ഞാന്‍ പഠിച്ചതെന്ന് പറയാന്‍ എനിക്കൊരു മാനക്കേടുമില്ല. എന്റെ അപ്പന്‍ എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ മരിച്ചു. ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ 18 വയസ്സുണ്ടായിരുന്ന ചേട്ടന്റെ ചുമലിലായിരുന്നു കുടുംബഭാരം മുഴുവനും.