പൈതൃകം | സംഗീതം | ഉത്സവങ്ങള്‍ | നടനം | ലളിതകല
പ്രധാന താള്‍ » വിനോദം » കല, സംസ്കാരം » നടനം » സംസ്കാരത്തിന്‍റെ കഥ പറയുന്ന കുച്ചിപ്പുടി (Kuchipudi tells the story of culture)
Feedback Print Bookmark and Share
 
PRO
ഭാ‍രതീയ നൃത്ത രൂപങ്ങളില്‍ മുന്‍‌നിര സ്ഥാനമാണ് കുച്ചിപ്പുടിക്കുള്ളത്. ഒരു നൃത്തരൂപത്തിന്‍റെ ആസ്വാദ്യതയ്ക്കപ്പുറം ഒരു സംസ്കാരത്തിന്‍റെ ചരിത്രമാണ് കുച്ചിപ്പുടിയുടെ പിറവിക്ക് പിന്നിലുള്ള കഥ‍. ബിസി രണ്ടാം നൂറ്റാണ്ടില്‍ ശതവാഹന സാമ്രാജ്യത്തിലേക്കാണ് കുച്ചിപ്പുടിയുടെ ഉത്ഭവചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത്. കലയെയും കലാകാരന്‍‌മാരെയും ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന ആ കാലഘട്ടത്തിലായിരുന്നു കുച്ചിപ്പുടി എന്ന നൃത്തരൂപത്തിന്‍റെ പിറവി.

നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കുച്ചിപ്പുടിയുടെ രൂപവും ഭാവവും മാറി. ഓരോ കാലഘട്ടത്തിലെയും പ്രതിഭാധനരായ കലാകാരന്‍‌മാര്‍ ഈ കലാരൂപത്തെ ചിന്തേരിട്ട് മിനുക്കുകയായിരുന്നു. കുച്ചിപ്പുടിയുടെ പിറവിയെക്കുറിച്ച് പല ചരിത്രങ്ങള്‍ നിലവിലുണ്ട്. ആന്ധ്രയുമായിട്ടാണ് ഈ കലാരൂപത്തിന്‍റെ ഉത്പത്തി ബന്ധപ്പെട്ടു കിടക്കുന്നത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ കുച്ചിപ്പുടി എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ നൃത്തരൂപത്തിന്‍റെ പിറവി. കുശീലവപുരി, കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു. ഗ്രാമത്തിന്‍റെ പേരിനോട് സമാനമായ നാമകരണം നൃത്തരൂപത്തിനും നല്‍കുകയായിരുന്നു.

നൃത്തരൂപങ്ങളെയും കലാകാരന്‍‌മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന രാജവംശങ്ങളുടെ ഇഷ്ടവിനോദമായിരുന്നു കുച്ചിപ്പുടി. രാജഭരണ കാലഘട്ടത്ത് അരങ്ങേറിയ കുച്ചിപ്പുടിയുടെ പുരാതന രൂപം മുതല്‍ ഈ പിന്തുണയും പ്രോത്സാഹനവും ഈ കലാരൂപത്തിന് ലഭിച്ചിരുന്നു. ദേവദാസിനൃത്തവുമായും കുച്ചിപ്പുടിക്ക് ബന്ധമുണ്ടെന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്.

തലയില്‍ ചെറിയ കിണ്ണവുമായി തളികയില്‍ കയറി നൃത്തം ചെയ്യുന്ന കലാകാരന്‍റെ രൂപമാണ് കുച്ചിപ്പുടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുക. മറ്റ് നൃത്ത രൂപങ്ങളില്‍ നിന്ന് പ്രകടമായി കുച്ചിപ്പുടിയെ വേറിട്ടുനിര്‍ത്തുന്നതും ഈ വ്യത്യസ്തതയാണ്. മെയ്‌വഴക്കവും ശാരീരത്തിന്‍റെ ബാലന്‍സിംഗും പാദചലനങ്ങളും മനസിന്‍റെ ഏകാഗ്രതയും ഇവിടെ ഒരേപോലെ പരീക്ഷിക്കപ്പെടുന്നു.

പുരാണകഥാസന്ദര്‍ഭങ്ങളാണ് കുച്ചിപ്പുടിക്ക് വിഷയമാകാറുള്ളത്. പുരാണകഥകളെ അധികരിച്ചുള്ള നാടക നൃത്തരൂപമായി തെലുങ്കാനയിലെ ക്ഷേത്രങ്ങളിലാണ് ആദ്യകാലങ്ങളില്‍ ഈ നൃത്തം അവതരിപ്പിച്ചിരുന്നത്. ഒന്നിലധികം പേരുടെ പങ്കാളിത്തവും ഇതിനുണ്ടായിരുന്നു. വേദങ്ങളിലെയും മത ഗ്രന്ഥങ്ങളിലെയും കഥകളായിരുന്നു ഇതിന്‍റെ അവലംബം. കൃഷ്ണലീലകള്‍ക്ക് കുച്ചിപ്പുടിയില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പഴയ കാലത്ത് കൂടുതലും രാധ-കൃഷ്ണ ലീലകളായിരുന്നു കുച്ചിപ്പുടിയിലൂടെ അരങ്ങിലെത്തിയിരുന്നത്.

നൃത്തനാടകങ്ങളായി അവതരിപ്പിക്കപ്പെട്ടിരുന്ന ഈ രൂ‍പം കാലക്രമേണ പരിഷ്കരിക്കപ്പെട്ടു. മികവുറ്റ കലാകാരന്‍‌മാര്‍ കുടുതല്‍ മുഖം മിനുക്കലുകള്‍ നടത്തി കുച്ചിപ്പുടി ഇന്ന് കാണുന്ന രൂപത്തില്‍ എത്തിക്കുകയായിരുന്നു. സംഗീതവും, നൃത്തവും, നാടകവും സംയോജിപ്പിച്ച് കുച്ചിപ്പുടിയെ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, യോഗി തീര്‍ത്ഥാനന്ദയും മുതല്‍ ഈ കലാരൂപത്തെ ഇന്നത്തെ ശൈലിയില്‍ വാര്‍ത്തെടുക്കാന്‍ യത്നിച്ച കലാകാരന്‍‌മാര്‍ ഇക്കൂട്ടത്തില്‍ പെടും.

ചിത്രങ്ങള്‍ കടപ്പാട്: ചന്ദ്രകാന്ത.കോം, ട്രെക്‍എര്‍ത്ത്.കോം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍