പൈതൃകം | സംഗീതം | ഉത്സവങ്ങള്‍ | നടനം | ലളിതകല
പ്രധാന താള്‍ » വിനോദം » കല, സംസ്കാരം » നടനം » അനുഷ്ഠാനകലയായ മാര്‍ഗ്ഗം കളിയുടെ ചരിത്രം (History of performing art, Marggam Kali)
Feedback Print Bookmark and Share
 
Margam Kali
PRO
PRO
ഒരുകാലത്ത് ക്രിസ്ത്യാനികള്‍ക്കിടയില്‍ വളരെ പ്രചാരമുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമായിരുന്നു മാര്‍ഗ്ഗം കളി. ഇപ്പോള്‍ യുവജനോത്സവവേദികളിലും വിശേഷാവസര അവതരണങ്ങളിലും ഒതുങ്ങിപ്പോയെങ്കിലും അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമായാണ് മാര്‍ഗ്ഗം കളി എണ്ണപ്പെടുന്നത്. അനുഷ്ഠാന കലാരൂപങ്ങളെ ഇഷ്ടപ്പെടുന്നവരുടെ പ്രയത്നങ്ങള്‍ കൊണ്ട് മാര്‍ഗ്ഗം കളിയിപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ക്രിസ്ത്യാനികളാണ് മാര്‍ഗ്ഗം കളി അവതരിപ്പിച്ച് വരുന്നത്.

ആയിരത്തിയറുന്നൂറിനും ആയിരത്തിയെഴുന്നൂറിനും ഇടയ്ക്കാണ് മാര്‍ഗ്ഗം കളി ഉത്ഭവിച്ചത് എന്ന് കരുതുന്നു. ബുദ്ധമതത്തില്‍ ചേര്‍ന്നവരെ ബൌദ്ധമാര്‍ഗം ചേര്‍ന്നവര്‍ എന്നാണ് പണ്ട് കേരളത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ഈ പതിവിനെ തുടര്‍ന്ന്, മറ്റ് മതങ്ങളിലേക്ക് ചേര്‍ന്നിരുന്നവരെ മാര്‍ഗം ചേര്‍ന്നവര്‍ എന്ന് വിളിച്ചുപോന്നു. മാര്‍ഗ്ഗം കളിയെന്ന പേര് സൂചിപ്പിക്കുന്നത് ക്രിസ്തുമാര്‍ഗത്തിലേക്ക് ചേര്‍ന്നവരുടെ കലാരൂപം എന്നാണ്.

നമ്പൂതിരിമാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി മാര്‍ഗ്ഗം കളിക്ക് വളരെയധികം സാദൃശ്യങ്ങള്‍ ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘക്കളിയില്‍ നിന്ന് മാര്‍ഗ്ഗം കളി പലതും സാംശീകരിച്ചിട്ടുണ്ടെന്ന് പിജെ തോമസും സംഘക്കളിയുടെ അനുകരണം തന്നെയാണ് മാര്‍ഗ്ഗം കളിയെന്ന് ഉള്ളൂരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മാര്‍ഗ്ഗം കളിയില്‍, ക്രിസ്തുദേവന്‍റെ സങ്കല്പത്തില്‍ ഒരു നിലവിളക്ക് നടുക്ക് കത്തിച്ചുവെച്ച് പന്ത്രണ്ടോ പത്തോ നര്‍ത്തകികള്‍ അതിന് ചുറ്റും പാട്ടിന്റെ താളത്തിനനുസരിച്ച്‌ നൃത്തമാടുകയാണ് ചെയ്യുന്നത്. പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികളുടെ വേഷമായിരുന്ന ചട്ടയും മുണ്ടും കവണിയും കാതില്‍ സ്വര്‍ണ്ണക്കുണുക്കും അണിഞ്ഞ സ്ത്രീകളാണ്‌ ഈ കളി അവതരിപ്പിക്കുന്നത്‌.

നര്‍ത്തകികളുടെ നടുക്കുള്ള നിലവിളക്ക് ക്രിസ്തുവാണെന്നാണ് സങ്കല്‍‌പ്പം. പന്ത്രണ്ട് നര്‍ത്തകികള്‍ ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ജീവിതസംഭവങ്ങളെ ഉദ്ധരിക്കുന്ന പാട്ടുകളാണ്‌ താളത്തില്‍ പാടുക. ഇത്‌ മിക്കവാറും പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പുള്ള പാട്ടുകളായിരിക്കും.

കളിയാശാന്‍ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയില്‍ അണിനിരക്കുന്ന കളിക്കാര്‍ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് മാര്‍ഗ്ഗം കളി അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നുവെത്രെ. രാജ്യരക്ഷയ്ക്കായി പൊരുതാന്‍ ആയുധമേന്തി നടന്നിരുന്ന വിനോദാര്‍ത്ഥം ആരംഭിച്ചതാണ് മാര്‍ഗ്ഗംകളിയെന്ന് പറയപ്പെടുന്നു. മുണ്ടുടുത്ത് മറ്റൊരു മുണ്ട് തലപ്പാവായി കെട്ടി അതിനുമുകളില്‍ മയില്‍പ്പീലിയും ചൂടിയാണ് പുരുഷന്മാര്‍ മാര്‍ഗ്ഗം കളിച്ചിരുന്നത്.

ക്രിസ്തുവിന്റെ ഉത്ഥാനത്തിന് ശേഷം, ക്രിസ്തുമത തത്വങ്ങള്‍ ഭാരതത്തില്‍ പ്രചരിപ്പിക്കാന്‍ വന്ന ക്രിസ്തുശിഷ്യനായ മാര്‍ത്തോമാശ്ലീഹായുടെ ചരിത്രമാണ്‌ മാര്‍ഗ്ഗം കളിയുടെ ഇതിവൃത്തം. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും മാര്‍ഗ്ഗം കളിയുടെ പ്രധാന പ്രയോക്താക്കള്‍ ക്നാനായ സമുദായക്കാരാണ്‌. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും സീറോ മലബാര്‍ കത്തോലിക്കരും മാര്‍ഗ്ഗം കളി അവതരിപ്പിച്ച് വരുന്നുണ്ട്.

കേരള ക്രിസ്തീയ ആചാര സവിശേഷതകളുടെയും ജീവിത രീതികളുടെയും പ്രതിഫലനമായി മാര്‍ഗ്ഗം കളിയെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ അനുഷ്ഠാനകലകളുടെ കൂട്ടത്തില്‍ മാര്‍ഗ്ഗം കളിക്ക് തനതായ ഒരു സ്ഥാനമുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍