ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള കുട്ടി ഇനി അങ്ങനെ ചെയ്യില്ല എങ്കില്‍ അത് നല്ല കാര്യമല്ലേ?

ഹിപ്നോ പാരന്‍റിംഗ് - ഗുണവും ദോഷവും

Hypnosis, anxiety, pain, hypnotherapist, parenting, hypno-parenting, clinical technique, difficulties , ഹിപ്നോ പാരന്‍റിംഗ്, കുട്ടികള്‍, മക്കള്‍, മനഃശാസ്ത്രം, മണിച്ചിത്രത്താഴ്, പരീക്ഷാപ്പേടി, ഉറക്കം, ശീലം
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (21:26 IST)
ഹിപ്‌നോ പാരന്‍റിംഗ് - കേള്‍ക്കാനൊക്കെ കൊള്ളാം. എന്താണ് അതെന്ന് ആലോചിച്ചിട്ടുണ്ടോ? ‘നിന്നെ ഹിപ്നോട്ടൈസ് ചെയ്തുകളയും’ എന്നൊക്കെ സിനിമയില്‍ മന‌ഃശാസ്ത്ര ഡോക്ടര്‍ വിരട്ടുന്നത് കണ്ട് നമ്മളും ചിരിച്ചിട്ടുണ്ടാകും. എന്തായാലും ഹിപ്നോ പാരന്‍റിംഗ് എന്നാല്‍ ഹിപ്നോട്ടൈസ് ഉപയോഗിച്ചുള്ള ഒരു സമ്പ്രദായം തന്നെയാണ്.

പല വിദേശരാജ്യങ്ങളിലും ഇത് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനഃശാസ്ത്രപരമായ രീതികളിലൂടെ കുട്ടികളുടെ സ്വഭാരീതികള്‍ തന്നെ മാറ്റിയെടുക്കുന്നതാണ് ഹിപ്നോ പാരന്‍റിംഗ്.

കുട്ടികള്‍ക്ക് ചില പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. ഉദാഹരണമായി പറഞ്ഞാല്‍ പരീക്ഷപ്പേടി. എത്ര നന്നായി പഠിച്ചാലും പരീക്ഷയെ ഭയക്കുന്ന അവസ്ഥ. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയാമെങ്കിലും എഴുതാനാവാത്ത അവസ്ഥ. അതൊക്കെ തീര്‍ത്തും മനസിന്‍റെ മാത്രം പ്രശ്നങ്ങളാണ്. ഹിപ്നോസിസിലൂടെ അവ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് ഇതിലെ വിദഗ്ധര്‍ പറയുന്നത്.

ഒരു കുട്ടിയുടെ, ഉറക്കത്തില്‍ കിടന്ന് മൂത്രമൊഴിക്കുന്ന സ്വഭാവം ഹിപ്നോട്ടൈസ് ചെയ്ത് മാറ്റിയെന്ന് ഒരു ഡോക്ടര്‍ അടുത്തിടെ പറഞ്ഞത് വായിച്ചിട്ടുണ്ട്. നല്ല ശീലങ്ങളിലേക്ക് കുട്ടികളുടെ മനസ് അവരറിയാതെ തന്നെ ചേര്‍ത്തുവയ്ക്കുന്ന ഹിപ്നോ പാരന്‍റിംഗ് വിദേശ രാജ്യങ്ങളില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്.

കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ആശങ്കകള്‍, സംശയങ്ങള്‍, ഭയം ഇതൊക്കെ ഇല്ലാതാക്കാന്‍ ഹിപ്നോട്ടൈസിലൂടെ കഴിയുമെന്നാണ് വിദേശ രാജ്യങ്ങളില്‍ ഇത് പ്രയോഗിച്ച് പോസിറ്റീവായ ഫലം കണ്ടവര്‍ കുറിക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഹിപ്നോ പാരന്‍റിംഗ് അത്ര പ്രചാരം നേടിയിട്ടില്ല. അതിന് കാരണവുമുണ്ട്. ഹിപ്നോട്ടിസത്തിന്‍റെ തെറ്റായ ഉപയോഗം ഒരുപക്ഷേ കുട്ടികളുടെ മാനസിക നിലയെ തന്നെ തകരാറിലാക്കിയേക്കാം എന്നതിനാലാണ് അത്. ഹിപ്നോട്ടിസമല്ല, വീടിന്‍റെ അന്തരീക്ഷത്തിലുള്ള കൌണ്‍സിലിംഗാണ് കുട്ടികളില്‍ കൂടുതല്‍ ഫലപ്രദമെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്.

കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഹിപ്നോട്ടിസത്തിന് വിധേയരാക്കുന്നത് കുട്ടികളോട് ചെയ്യുന്ന അപരാധമാണെന്നും വഞ്ചനയാണെന്നും പറയുന്നവരുമുണ്ട്. മാതാപിതാക്കളെ കണ്ണടച്ച് വിശ്വസിക്കുന്നവരാണ് കുട്ടികള്‍. അവരെ അവരറിയാതെ അവരുടെ മനസില്‍ പുതിയ ചിന്തകള്‍ പാകുകയും അതിനനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :