ആണോ പെണ്ണോ? ആരാണ് ശരി?

വിഷ്‌ണു ലക്ഷ്‌മണ്‍| Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (18:02 IST)
മാറിയ കാലഘട്ടത്തില്‍ ഈ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം സ്ത്രീ സമൂഹം ഇപ്പോള്‍ കടന്നുപോയ്കൊണ്ടിരിക്കുന്നത് വലിയൊരു ചരിത്രപരമായ പരിണാമ പ്രതിസന്ധിയിലൂടെയാണ്. ഈ സമയത്ത് അവര്‍ നേരിടേണ്ടി വരുന്നതും അവര്‍ നേടുന്നതുമായ യാഥാര്‍ത്ഥ്യങ്ങള്‍ നാളത്തെ ലോകത്തിന്റെ ഭാവിതന്നെ നിശ്ചയിക്കുന്നതാണ്. ഇന്നത്തെ തെറ്റ് നാളത്തെ ശരിയും പിന്നെയത് ആചാരമാകുകയും ചെയ്യും എന്നത് ലോക യാഥാര്‍ഥ്യമാണ്. ഇന്ന് സ്ത്രീസമൂഹം നേരിടുന്ന അസ്തിത്വ പ്രതിസന്ധിയില്‍ അവര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും
ഭാവി തലമുറകളുടെ ജീവിതത്തില്‍ പ്രാധാന്യമേറെയുണ്ടാകും എന്നത് ഉറപ്പാണ്.

എങ്കിലും വീണ്ടുമൊരു വനിതാ ദിനം കൂടി കഴിഞ്ഞുപോകുമ്പോഴും പെണ്ണായി പിറന്നവള്‍ സമൂഹത്തില്‍ കൂടുതലായി എന്തു നേടി എന്നത് ചോദ്യവും ആശങ്കയുണര്‍ത്തുന്നതുമാണ്. സാമൂഹികമായും തൊഴില്പരമായും സ്ത്രീ പുരുഷനൊപ്പം എത്തിനില്‍ക്കുന്നു എന്നു വാദിക്കുമ്പോഴും അതിന്‍റെ കാണാപ്പുറങ്ങള്‍ ഈ വനിതാദിനത്തില്‍ വായിക്കേണ്ടിയിരിക്കുന്നു. ചരിത്രങ്ങളും, സമകാലികസംഭവങ്ങളും സ്ത്രീ ഒരുപാട് ഉയരത്തില്‍ എത്തിനില്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും സ്ത്രീ പൂര്‍ണമായും സ്വതന്ത്രയായോ? മനുസ്മൃതി വീണ്ടും വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യവും ഇതാണ്. സാമ്പത്തിക നടപടികളിലും, കുടുംബകാര്യങ്ങളിലും പുരുഷന്മാര്‍ തങ്ങളുടെ അധികാരം വിട്ടു കൊടുക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.

രാഷ്ട്രീയത്തിലും സ്ഥിതി മറിച്ചല്ല. നമ്മുടെ മാതൃരാജ്യമായ ഇന്ത്യയില്‍ തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ഉള്ളത്. പന്ത്രണ്ട് വര്‍ഷമായിട്ടും പാസ്സാക്കാന്‍ കഴിയാത്ത വനിതാസംവരണബില്‍ നമ്മുടെ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. വനിതാദിനങ്ങള്‍ കടന്നു പോകുമ്പോള്‍ നമ്മുടെ അമ്മയെ, പെങ്ങളെ, മകളെ, ഭാര്യയെ, കാമുകിയെ സമൂഹത്തിന്‍റെ ഉന്നത തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ മുന്നോട്ട് വരേണ്ടത് പുരുഷന്മാരാണ്. പക്ഷേ, അവരെ ഇതില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്താണ്? തങ്ങളെക്കാള്‍ കഴിവും പ്രാവീണ്യവും ഉള്ള വനിതകള്‍ കടന്നു വരുമ്പോള്‍ പുരുഷന്മാര്‍ പിന്തള്ളപ്പെടുമെന്നുള്ള ഭീതിയാണോ? ഉത്തരം കണ്ടെത്തേണ്ടത് മാറിയ കാലത്തിന്‍റെ അനിവാര്യതയാണ്.

സ്ത്രീ സംവരണവാദം ഒരു വാര്‍ഷിക ആചരണമായി മാറുന്നുണ്ട് ഇപ്പോള്‍. എങ്കിലും സംവരണത്തിലൂടെ കൈപിടിച്ച് കയറ്റേണ്ടതാണോ സ്ത്രീയെ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. അവള്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കി ധൈര്യം നല്‍കി അവളുടെ നാവിന് ശബ്‌ദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി സ്വയം വളരാനുള്ള സാഹചര്യമല്ലേ സമൂഹം ഒരുക്കേണ്ടത്.

ചോദ്യങ്ങള്‍ പലതുണ്ടാവാം. സെമിനാറില്‍ വാതോരാതെ പ്രസംഗിക്കുകയും കൂട്ടിക്കിഴിക്കലുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് പിന്നീട് പഴകിയ ഒരു പത്ര വാര്‍ത്ത മാത്രമായി മാറുന്നു. കുറേ വാര്‍ത്തകളിലൂടെയല്ലാതെ എന്ത് അവകാശങ്ങളാണ് ജീവിതത്തില്‍ സ്ത്രീയ്ക്കുള്ളത്? കച്ചവടത്തിന്‍റെ കണ്ണുകൊണ്ട് ഒരു വില്‍പ്പനച്ചരക്കായി സ്ത്രീ മാറ്റപ്പെടുന്നു. മേനി പ്രദര്‍ശനത്തിലൂടെ അവള്‍ സ്വയം കീഴടങ്ങിക്കൊടുക്കുന്നു. അമ്മയും സാഹോദരിയും ഭാര്യയും എല്ലാമായി സമൂഹത്തില്‍ നിറയുന്നവള്‍ക്ക് നാം എന്നും നല്‍കുന്നത് കണ്ണുനീര്‍ മാത്രം.

നമ്മുടെ മനസ് മാറേണ്ടതല്ലേ? ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ അഭ്യസ്ത വിദ്യരാണ്? ബീഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും നരകിക്കുന്നവര്‍, പ്രസവിക്കുവാനും എല്ലുമുറിയ പണിയെടുക്കാനും മാത്രമായി ജീവിക്കുന്നവര്‍ എന്തിന് കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍. ഉന്നതങ്ങളിലെത്തിയ ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്ക് നാം മാന്യത നല്‍കുന്നുണ്ടോ? മാധവിക്കുട്ടിയെ ചീത്തവിളിയ്ക്കുന്നവര്‍, രാഷ്ട്രീയ പേക്കൂത്തുകള്‍ക്കായി സ്ത്രീയെ കരുവാക്കുന്നവര്‍, ഭരണനേതൃത്വത്തില്‍ തന്നെ സ്ത്രീ അപമാനിക്കപ്പെടുന്നു.

നമുക്കെന്നും സ്ത്രീ അസൂയാലുക്കളാണ്. പരദൂഷണക്കാരികളാണ്. എല്ലാം മാറ്റിവെച്ച് ചിന്തിക്കുക. സ്ത്രീ എന്ന മാതൃഭാവത്തിന്‍റെ ഉയര്‍ച്ചയിലേക്കുള്ള ചര്‍ച്ചയാവണം ഇവിടെ ഉയരേണ്ടത്. ഏതൊരാളെയും പോലെ അവളും നമ്മുടെ രാജ്യത്തിന്റെ സന്തതിയാണെന്ന കാര്യം മറക്കരുത്. ആണിനെപ്പോലെ പെണ്ണിനും സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്, എന്നാല്‍ കാണുന്നതോ, രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ ആണിന്റെ കണ്ണില്‍ ചാരിത്ര്യമില്ലാത്തവളാണ്, സ്വഭാവ ദൂഷ്യയാണ്, അവളെ അപമാനിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ സ്ത്രീ സ്വഭാവ ദൂഷ്യയോ ചാരിത്ര്യഹീനയോ ആയിക്കൊള്ളട്ടെ, അവളെ അപമാനിക്കാനും ഉപദ്രവിക്കാനും ആണിന് ആരാണ് അവകാശം നല്‍കിയത്?

വിദ്യാഭ്യാസത്തില്‍ സ്ത്രീ സമുഹം പുരുഷസമൂഹത്തോടൊപ്പം എത്തിയതോടെ സാമൂഹിക, സാംസ്ക്കാരിക രംഗത്തും അവള്‍ തന്‍റേതായ വഴി വെട്ടിത്തുറന്നു. രാഷ്‌ട്രീയത്തിലും സഹിത്യത്തിലും നൂതനടെക്നോളജികളിലും അവള്‍ തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചു. കഴിവും കഠിനാധ്വാനവും ഒരേ അളവില്‍ ചാലിച്ചെടുത്താണ് ഓരോ സ്ത്രീ മുഖങ്ങളും വിജയം കണ്ടെത്തിയിട്ടുള്ളത്. ലോകസ്ത്രീ മുഖങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ ബി സി 69-30 ഈജിപ്തിന്‍റെ റാണിയായിരുന്ന റോമിലെ ക്ലിയോപാട്ര മുതല്‍ യാഹൂ സി ഇ ഒ കാരള്‍ ബാര്‍ട്സ് വരെ ഈ ജേതാക്കളില്‍ ഉള്‍പ്പെടുന്നു. എന്നിട്ടുമെന്തേ ഇങ്ങനെ?

നിര്‍ഭയ കേസിലെ പ്രതിയുടെ മനോഭാവം ഇന്ത്യയിലെ ഭൂരിപക്ഷ പുരുഷ മനോഭാവം തന്നെയാണ് എന്നതിന് യാതൊരു തെളിവിന്റെയും ആവശ്യമില്ല. ഇങ്ങ് നമ്മുടെ കേരളത്തില്‍ പോലും ഇതുതന്നെയല്ലെ നടക്കുന്നത്. പുരുഷ കേന്ദ്രീകൃത മനോഭാവമുള്ള സമൂഹം പെണ്ണിന് പുരുഷതുല്യ അവകാശമുണ്ടെന്ന് വിശ്വസിക്കാതെ, അവള്‍ക്ക് സംരക്ഷണവും അവകാശവും അധികാരവും തുല്യമായി നല്‍കുന്നതിനു പകരം അവള്‍ ചുംബിക്കുന്നുണ്ടോ, അവള്‍ കാമുകനുമൊത്ത് സല്ലപിക്കാറുണ്ടോ അവള്‍ ആണിനോട് രൂക്ഷമായി പ്രതികരിക്കുന്നുണ്ടോ എന്നൊക്കെയാണ് നോക്കുന്നത്. എങ്കില്‍ അവള്‍ കുലടയും സ്വഭാവഹീനയും സംസ്കാരമില്ലാത്തവളുമാണ്.

ഇതൊക്കെ എന്നു മാറും എന്ന് കാലമാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞൊഴിയാനാവുകയില്ല. കാരണം ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ പലയിടത്തും സ്ത്രീകള്‍ രണ്ടാംകിടയായിരുന്നു. പുരുഷനു മാത്രമേ ആത്മാവുള്ളു എന്നും സ്ത്രീകള്‍ക്കും മൃഗങ്ങള്‍ക്കും അതില്ല എന്നും വിശ്വസിച്ചിരുന്ന അപരിഷ്കൃതരായ യൂറോപ്യന്‍മാര്‍ ,മുതല്‍ ‘ആര്‍ഷഭാരത സംസ്കാരത്തിലെ സ്ത്രീകള്‍’ വരെ ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും മാറിയിട്ടും അവള്‍ ഇന്നും അങ്ങനെ തന്നെ. അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി, ഇച്ഛാശക്തി നല്‍കി, സംസാരസ്വാതന്ത്ര്യം നല്‍കി നാളത്തെ മികവുറ്റ ശബ്‌ദമായി അവരെ മാറ്റുക എന്നത് ആണിന്റെ കടമയാണ്. ഈ വനിതാദിനത്തിന്‍റെ സന്ദേശവും അതാണ് - ‘സത്രീയെ ശാക്തീകരിക്കൂ, മനുഷ്യത്വം ശാക്തീകരിക്കൂ’.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :