കിടക്കുന്നതും കിടപ്പുമുറിക്കൊപ്പം പ്രധാനം

WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (15:23 IST)
PRO
നിദ്രാവിഹീന രാത്രികള്‍ നിങ്ങളെ മടുപ്പിക്കുന്നോ? തെറ്റിയ ജീവിതതാളവും സമാധാനവും തിരിച്ചുവരുന്നതിന് ഒരു പക്ഷേ സ്വന്തം കിടപ്പുമുറിയിലേക്ക് ഒന്ന് ചുഴിഞ്ഞു നോക്കിയാല്‍ മതിയാവും! കിടപ്പുമുറി നിര്‍മ്മിക്കുന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രപരമായി പറയുന്ന കാര്യങ്ങള്‍ മാത്രമല്ല കിടപ്പിന്റെ രീതിയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

ഉറങ്ങുമ്പോള്‍ പാദങ്ങള്‍ കിഴക്ക് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ അഭിവൃദ്ധിയും സല്‍ക്കീര്‍ത്തിയും ഉണ്ടാവും. പാദങ്ങള്‍ പടിഞ്ഞാറ് ദിശയിലേക്കാണെങ്കില്‍ ആദ്ധ്യാത്മികമായുള്ള ഉന്നതിയും മനോശാന്തിയും ഫലം. പാദങ്ങള്‍ വടക്ക് ദിക്കിലേക്ക് അഭിമുഖമാണെങ്കില്‍ ഐശ്വര്യ സമൃദ്ധിയുണ്ടാവുന്ന തരത്തിലുള്ള ഫലങ്ങള്‍ നല്‍കുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

അതേസമയം, വടക്ക് ദിക്കിലേക്ക് തലവച്ച് കിടക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല എന്നും വിദഗ്ധര്‍ പറയുന്നു.

അവിവാഹിതരുടെ കിടപ്പുമുറി വീടിന്റെ തെക്കു കിഴക്ക് ഭാഗത്ത് നിര്‍മ്മിക്കാം. അതിഥികള്‍ക്കും ഈ ദിക്കിലുള്ള മുറികള്‍ നല്‍കാം. വിവാഹിതരായവര്‍ക്ക് തെക്ക് ഭാഗത്തും ഗൃഹനാഥനും പ്രായമായവര്‍ക്കും തെക്ക് പടിഞ്ഞാറും കിടപ്പുമുറി നിര്‍മ്മിക്കാം. ഇരുനില വീടാണെങ്കില്‍ മുകള്‍ നിലയിലായിരിക്കണം ഗൃഹനാഥന്റെ ശയനമുറി.

കിടപ്പുമുറിയില്‍ ആവശ്യത്തിനുള്ള വായു സഞ്ചാരം ഉറപ്പാക്കണം. വാതിലുകളും ജനലുകളും കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്താകാം. ഡ്രസിംഗ് ടേബിള്‍ വടക്ക് ഭാഗത്ത് വയ്ക്കാം. എന്നാല്‍, തെക്ക് പടിഞ്ഞാറ് മൂല ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്. അവിടെ വലിയ അലമാര പോലെയുള്ള ഭാരമുള്ള ഗൃഹോപകരണങ്ങള്‍ വയ്ക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :