എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ?

ഗൃഹാരംഭം എപ്പോള്‍ നടത്തണം

house, house warming, astrology, ഗൃഹാരംഭം, ഗൃഹപ്രവേശം, ജ്യോതിഷം, മുഹൂര്‍ത്തം, ഗൃഹ നിര്‍മ്മാണം
സജിത്ത്| Last Modified ഞായര്‍, 23 ജൂലൈ 2017 (17:43 IST)
ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് ഗൃഹാരംഭം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും ഉത്തമമാണ്. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.

മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാനാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം.

ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികള്‍ ഉത്തമങ്ങളും കര്‍ക്കിടകം രാശി മധ്യമവും മേടം, തുലാം, മകരം എന്നീ മൂന്ന് രാശികള്‍ വര്‍ജ്ജ്യങ്ങളുമാണ്. പൊതുവെ സ്ഥിര രാശികളാണ് ഗൃഹാരംഭത്തിന് ഉത്തമം. ഉഭയ രാശികള്‍ മധ്യമമായി സ്വീകരിക്കാം. ചരരാശികള്‍ അധമങ്ങള്‍ തന്നെയാണ്. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നത് ദോഷമാണ്.

ഊര്‍ദ്ധ്വമുഖരാശികള്‍ ഉത്തമങ്ങളും തിര്യന്മുഖ രാശികള്‍ മധ്യമങ്ങളും അധോമുഖ രാശികള്‍ അധമങ്ങളുമാണെന്നാണ് മറ്റൊരു ആചാര്യാഭിപ്രായം. മിഥുനമാസത്തില്‍ നിര്യതികോണില്‍ കളപ്പുരയും കന്നി മാസത്തില്‍ വായുകോണില്‍ ഉരല്‍പ്പുരയും ധനുമാസത്തില്‍ ഈശാനകോണില്‍ പാചകശാലയും മീനമാസത്തില്‍ അഗ്നികോണില്‍ ഗോശാലയും വയ്ക്കാം.

എന്നാല്‍, ഗോശാല വയ്ക്കുന്നതിനു രേവതി നക്ഷത്രത്തില്‍ ആദിത്യന്‍ നില്‍ക്കുന്ന കാലവും സിംഹക്കരണവും പുലിക്കരണവും കൊള്ളില്ല. മറ്റെല്ലാം ഗൃഹാരംഭ മുഹൂര്‍ത്തം പോലെയാണ്. രാത്രിയെ മൂന്നായി ഭാഗിച്ചതില്‍ ആദ്യത്തെ രണ്ട് ഭാഗങ്ങളും അപരാഹ്നസമയവും ഗൃഹാരംഭത്തിന് നന്നല്ല. ഗൃഹാരംഭ മുഹൂര്‍ത്തം തന്നെയാണ് കവാടസ്ഥാപനം പോലെയുള്ള അവശിഷ്ട കര്‍മ്മങ്ങള്‍ക്കും പരിഗണിക്കേണ്ടത്.

ഗൃഹാരംഭത്തിന് മുഹൂര്‍ത്തം ദുര്‍ല്ലഭമായ സമയത്ത് മറ്റു നിവൃത്തിയില്ലാതെ വന്നാല്‍, മേടം പത്താം തീയതി അഞ്ചാം നാഴികയ്ക്കും ഇടവം ഇരുപത്തിയൊന്നാം തീയതി എട്ടാം നാഴികയ്ക്കും കര്‍ക്കിടകം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും ചിങ്ങം ആറാം തീയതി ഒന്നാം നാഴികയ്ക്കും തുലാം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും വൃശ്ചികം എട്ടാം തീയതി പത്താം നാഴികയ്ക്കും മകരം പന്ത്രണ്ടാം തീയതി എട്ടാം നാഴികയ്ക്കും കുംഭം ഇരുപതാം തീയതി എട്ടാം നാഴികയ്ക്കും വാസ്തു പുരുഷന്‍ ഉണരുന്ന സമയമാണ്.

മേല്‍പ്പറഞ്ഞ നാഴികയ്ക്ക് മേല്‍ മുന്നേ മുക്കാല്‍ നാഴിക സമയം ഉണര്‍ന്നിരിക്കുന്ന വാസ്തു പുരുഷന്‍ ആദ്യത്തെ മുക്കാല്‍ നാഴികകൊണ്ട് ദന്തശുദ്ധി, പിന്നീട് മുക്കാല്‍ നാഴിക സ്നാനം, മുക്കാല്‍ നാഴിക പൂജ, മുക്കാല്‍ നാഴിക ഭോജനം, മുക്കാല്‍ നാഴിക താംബൂലചവര്‍ണ്ണം എന്നിവ ചെയ്യുന്നു.

ഇതില്‍ താംബൂലചവര്‍ണ്ണ സമയം ഗൃഹാരംഭത്തിന് ഉത്തമമാണെന്നും ഭോജന സമയം മധ്യമമാണെന്നും ദന്തശുദ്ധി ചെയ്യുന്ന സമയത്ത് ഗൃഹാരംഭം നടത്തിയാല്‍ രാജകോപമുണ്ടാവുമെന്നും സ്നാനസമയം ഗൃഹാരംഭം ചെയ്താല്‍ രോഗമാണ് ഫലമെന്നും പൂജാ സമയത്താണെങ്കില്‍ ദു:ഖമാണ് ഫലമെന്നും വാസ്തു സമയപ്രകാരമുണ്ട്.
എന്നാല്‍, ഇപ്പറഞ്ഞ വാസ്തു സമയം മുഹൂര്‍ത്ത ശാസ്ത്രവിധികളില്‍ പെടുന്നതുമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :