aparna shaji|
Last Modified വ്യാഴം, 17 നവംബര്‍ 2016 (16:33 IST)
ഏവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് അല്ലെങ്കിൽ അതിമനോഹരമായ ഫ്ളാറ്റുകൾ. കാത്തിരുന്നു ഒരു ഫ്ലാറ്റ് നിർമിക്കുമ്പോഴാണ് അയൽക്കാരന്റെ ചോദ്യം 'വാസ്തു നോക്കിയിട്ടുണ്ടല്ലോ അല്ലേ". ഇതിലൊക്കെ എന്ത് വാസ്തു? അതൊക്കെ വീട് വെക്കുമ്പോൾ നോക്കിയാൽ പോരേ? എന്ന് പറഞ്ഞൊഴിയുമ്പോഴാണ് വാസ്തു നോക്കാതെ കെട്ടിടങ്ങളും ബിസിനസുകളും വീടുകളും ഫ്ലാറ്റുകളും പണിതവർക്കുണ്ടായ ദുരിതങ്ങളുടെ കഥ അയൽക്കാരൻ കെട്ടഴിക്കുക.
അതുകേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടുത്തം ആർക്കും നോന്നിയേക്കാം. എന്തിനാ വെറുതേ.. നോക്കിക്കളയാം, എന്ന് ഒരു ചിന്ത വന്നാൽ പിന്നെ വൈകരുത്. ആധുനിക ശൈലിയിലുള്ള വീടുകളും ഫ്ലാറ്റുകളും ഇന്ന് കേരളത്തിൽ സുപരിചിതമാണ്. പരമ്പരാഗത ശൈലിയിലുള്ളതായാലും ആധുനിക ശൈലിയിലുള്ളതായാലും വീട് രൂപകൽപന ചെയ്യുമ്പോൾ വാസ്തുവിൽ പ്രതിപാദിക്കുന്ന പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. എത്ര ആധുനിക ശൈലിയിലുള്ള വീട് ആയാലും വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ.
വാസ്തുശാസ്ത്രം പോസിറ്റീവ് എനര്‍ജിയെ സംബന്ധിക്കുന്നതാണ്. വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ കൈയ്യും കാലും കഴുകുക, ഇരുട്ടാകുമ്പോള്‍ വിളക്ക് തെളിക്കുക എന്നിവ പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെയും സന്ധ്യക്കും ഒരു വിളക്ക് തെളിച്ച്, ഏതാനും ചന്ദനത്തിരികളും കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഇതും വാസ്തുവുമായി വളരെ ബന്ധമുള്ള കാര്യമാണ്.
ഗൃഹരൂപകൽപനയെ ആറായി തിരിച്ച് ഓരോന്നിന്റെയും അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാം. ഭൂമി തിരഞ്ഞെടുക്കൽ, ദിശയുടെ പ്രാധാന്യം, ഗൃഹത്തിന്റെ ദർശനം, മുറികളുടെ സ്ഥാനം, അളവുകളുടെ പ്രാധാന്യം, അലങ്കാര പണികൾ. മിനിമലിസം എന്ന സമകാലീകശൈലി ഫ്ലാറ്റുകളിൽ വളരെ ഉപയോഗപ്രദമാണ്. കുറച്ച് സ്ഥലത്തെ മനോഹരമായ രീതിയിൽ ഒരുക്കിവെക്കുന്ന രീതിയാണ്.
ഇളം കളറുകളോടൊപ്പം ഒന്നോ രണ്ടോ മോഡേൺ ആർട്ട് വെയ്ക്കുന്നതോടെ വളരെ വ്യത്യസ്തവും ആകർഷവുമായി തോന്നിപ്പിക്കും. അടുക്കള ചെയ്യുമ്പോൾ വടക്ക് ഒഴിവാക്കി ചെയ്യുന്നതാണ് നല്ലത്.
ഗൃഹത്തിനു പുറത്ത് അടുക്കളപ്പുര പോലെ നിർമിക്കുകയാണെങ്കിലും അപ്രകാരമുള്ള അടുക്കളകളും വടക്കോ കിഴക്കോ തന്നെ നിർമിക്കാൻ ശ്രദ്ധിക്കണം. വീടിനകം വൃത്തിയായും വെടിപ്പായും സംരക്ഷിക്കുക. അതിനായി ലിവിങ് റൂമിൽ സോഫ കം ബെഡ് സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
പഴയ ശൈലിയിൽ ചരിഞ്ഞ മേൽക്കൂരകളാണ് രൂപകൽപനയ്ക്ക് ആധാരമായിരുന്നത്. എങ്കിൽ ഇപ്പോൾ കന്റെംപ്രറി ഡിസൈൻ, ഫ്ലാറ്റ് റൂഫ്, പർഗോള രീതിയിലുള്ള മേൽക്കൂര എന്നിവ കൊടുക്കുന്നതിനു ശാസ്ത്രപ്രകാരം ദോഷമില്ല. നടുമുറ്റങ്ങൾ, ഗൃഹത്തിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ വരുന്നതാണ് ഏറ്റവും ഉത്തമമായി പറയുന്നത്. പക്ഷേ സാധാരണഗതിയിൽ ഫ്ലാറ്റ് നിർമിക്കുമ്പോൾ ഇത് നോക്കേണ്ട ആവശ്യം വരുന്നില്ല.
കിടപ്പുമുറികൾക്കുള്ളിൽ ആധുനിക രീതിയിൽ ചെയ്യുന്ന ഷെൽഫ് സംവിധാനങ്ങളും മറ്റ് ഇന്റീരിയർ അലങ്കാരങ്ങളും ശാസ്ത്രത്തിൽ പറയുന്ന അളവ് പാലിച്ചുംകൊണ്ട് ചെയ്യുന്നതിന് ദോഷമില്ല. എന്നാൽ കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കാൻ പറ്റുന്ന വിധമാണ് കട്ടിലുകൾ ക്രമീകരിക്കേണ്ടത്. ശയന വിദ്യാഭ്യാസങ്ങൾക്കായി ഉപയോഗിക്കുന്ന മുറികൾ കോണിൽ വരുന്ന മുറികളാണ് ഉത്തമം എന്നു ശാസ്ത്രം അനുശാസിക്കുന്നു.