എന്‍ ജീവനെന്തു നല്‍കും ഞാന്‍?

WD
‘...ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ, നീയെന്‍ അണിയത്തു തന്നെ നില്പൂ.....’ മനോഹരമായ ഈ വരികള്‍ പോലെയാണ് പ്രണയം. അകന്നു പോകുന്തോറും അടുത്തിരിക്കാന്‍ കൊതിക്കുന്നതും, ഒരിക്കലും അകലങ്ങളിലിരിക്കാന്‍ ആഗ്രഹിക്കാത്തതും.

അത്രയേറെ സുന്ദരമാണ് പ്രണയം. പ്രണയത്തിന്‍റെ ഭാഷയും, സംസാരവും എന്തിനേറെ ചില നേരങ്ങളില്‍ പ്രണയത്തിന്‍റെ പിണക്കം പോലും ഈ ലോകത്ത് എറ്റവും സൌന്ദര്യമുള്ളതാണ്. താമര സൂര്യനെ സ്നേഹിക്കുന്നതു പോലെ, കുളിര് നിലാവിനെ സ്‌നേഹിക്കുന്നതു പോലെ സ്‌നേഹം അത്ര നിര്‍മ്മലവും നിഷ്‌കളങ്കവും ആണ്.

ഇങ്ങനെയൊക്കെ ആയതുകൊണ്ടാകാം, വാലന്‍റൈന്‍ ഡേ എന്നു കേള്‍ക്കുമ്പോഴേ പ്രണയം തുളുമ്പുന്ന മനസുകള്‍ സമ്മാനങ്ങള്‍ക്കായി ഓടുന്നത്. ഒന്നുമില്ലെങ്കിലും, സമ്മാനമായി അന്നൊരു കൊച്ചു ഹൃദയം എങ്കിലും പരസ്‌പരം കൈമാറും.

റോസാപൂക്കള്‍ക്ക് ഏറ്റവും ഡിമാന്‍ഡുള്ള ദിവസമായി ഫെബ്രുവരി 14 മാറിയിരിക്കുകയാ‍ണ്. പ്രണയം തുളുമ്പുന്ന മനസിന്‍റെ മൃദുലത റോസാപൂവിനല്ലാതെ വേറെ എന്തിനാണ് ഉള്ളത്. അതുകൊണ്ടായിരിക്കും, ഒരു റോസാപൂ എന്നതില്‍ നിന്ന് ഒരു കെട്ട് റോസാപൂക്കള്‍ എന്നതിലേക്ക് പ്രണയോപഹാരങ്ങള്‍ മാറിയത്.

പൂക്കള്‍ക്കൊപ്പം മനോഹരമായ പ്രണയസന്ദേശങ്ങളെഴുതിയ വാലന്‍റൈന്‍ ഡേ കാര്‍ഡും നല്കാം. മധുര പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്കായി രണ്ട് ചോക്ലേറ്റ്സും. പ്രണയിതാക്കളുടെ ചിത്രം അടങ്ങിയ ഫോട്ടോ ഫ്രെയിം ചെയ്ത് കൈമാറുന്നത് നിര്‍മ്മലമായ പ്രണയകാലം ജീവിതം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

നിങ്ങള്‍ ഒരു കാമുകനാണെങ്കില്‍, ഒരു റിസ്‌റ്റ് വാച്ച് നിങ്ങളുടെ ഓമനയ്ക്ക് നല്‍കാം. ഓരോ സെക്കന്‍റിലും അവളുടെ മനസ്സില്‍ നിങ്ങള്‍ മാത്രമായിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു നല്‍കണം?

കാമുകിമാരെ ഒട്ടും മടിക്കണ്ട, ഒരു ദിവസത്തെ 86,400 സെക്കന്‍ഡും അവന്‍റെ ഹൃദയത്തിനുള്ളില്‍ കുടിയിരിക്കാന്‍ ഒരു ആഡംബര വാച്ച് തന്നെ നല്‍കിക്കോളൂ. അതല്ലെങ്കില്‍, പ്രണയാര്‍ദ്രമായ ഗാനങ്ങളടങ്ങിയ ഒരു മ്യൂസിക് സി ഡി നിങ്ങള്‍ക്ക് നല്‍കാം.

ഇതൊക്കെ നല്‍കിയാലും, നിങ്ങളുടെ സേഹം തുളുമ്പുന്ന മനസ് തന്നെയായിരിക്കും വാലന്‍റൈന്‍ ഡേയിലെ നിത്യഹരിത സമ്മാനം. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ, കൊച്ചു കൊച്ചു പിണക്കങ്ങളും, കൊഞ്ചലുകളും ഒഴിവാക്കി നിങ്ങള്‍ക്ക് സമ്മാനപ്പൊതികളെ സ്‌നേഹിക്കാന്‍ കഴിയുമോ?
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :