പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തുന്ന സീരിയല്‍ ഭൂതങ്ങളെ ഒഴിവാക്കൂ... കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തൂ

സാംസ്‌കാരിക വിപത്തായി മാറുന്ന സീരിയലുകള്‍

tv, serial, relationship, lifestyle  ടെലിവിഷന്‍, സീരിയല്‍, ബന്ധം, ജീവിതരീതി
സജിത്ത്| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (15:28 IST)
കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംപ്രേഷണം ചെയ്തുവരുന്ന സീരിയലുകളുടെ ഗുണനിലവാരത്തകര്‍ച്ചയെ കുറിച്ചാണ് ഇപ്പോള്‍ എവിടേയും സംസാര വിഷയം. ടി വി സീരിയലുകളാണ് ജീവിതമെന്ന് ധരിക്കുന്നതാണ് ഈ കാലഘട്ടത്തില്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നത്. സമൂഹത്തിന്‌ പറ്റിയ ഒരു സന്ദേശം പോലും നല്‍കാന്‍ ഇന്നത്തെ സീരിയലുകള്‍ക്ക്‌ കഴിയുന്നില്ല. ഈ സീരിയലുകള്‍ പെരുകുന്നതുമൂലം അമ്മമാര്‍ക്ക്‌ കുട്ടികളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയാണ് പല വീടുകളിലുമുള്ളത്.

പ്രേക്ഷക മനസ്സിന്റെ ബുദ്ധിയേയും ചിന്തയേയും പ്രവര്‍ത്തനക്ഷമതയേയും വികലമാക്കുന്ന തരത്തിലുള്ള പ്രമേയങ്ങളാണ് പലസീരിയലുകളിലുമുള്ളത്. ക്ഷുദ്രസ്ത്രീകഥാപാത്രങ്ങളും മന്ദബുദ്ധികളുമാകും പല സീരിയലുകളിലും മുന്‍‌പന്തിയിലുള്ളത്. കൂടാതെ വിവാഹേതരബന്ധങ്ങള്‍, കുടുംബകലഹം, ജാരസന്തതികളുടെ പ്രതികാരം, അക്രമം, തട്ടിപ്പുകള്‍, ഭയം, വെറുപ്പ്, കളവ്, ശത്രുസംഹാരം, അസൂയ, ഛിദ്രത, കൈക്കൂലി, അവിഹിതബന്ധം, മതവിദ്വേഷം,
അശ്ലീലത, ആര്‍ഭാടം എന്നിങ്ങനെയുള്ള ക്ഷുദ്രവികാരങ്ങളുടെ അതിപ്രസരണം മൂലം മലയാളികളുടെ ഗൃഹാന്തരീക്ഷം അനുദിനം വഷയാകുന്ന അവസ്ഥയാണുള്ളത്.

പൊതു സമൂഹത്തെ തന്നെ വിഡ്ഢികളാക്കികൊണ്ട് ദീര്‍ഘ കാലമായി അരങ്ങേറുന്ന ഈ സാംസ്‌കാരിക വിപത്തിനെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടേയും അവകാശമാണ്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇക്കാര്യത്തില്‍ ഇനിയും വൈകിയാല്‍ അതിന് വലിയ വിലയായിരിക്കും കൊടുക്കേണ്ടിവരുക. ഒരുകാലത്ത് 'മ' പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന പൈങ്കിളി കഥകളായിരുന്നു നമ്മളില്‍ അലോസരമുണ്ടാക്കിയിരുന്നത്. എന്നാല്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലെ പൈങ്കിളി സീരിയലുകളാണ് ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്നു മാത്രം.

നമ്മുടെ കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നവയാണ് ഇന്നത്തെ ടി വി സീരിയലുകളെന്നായിരുന്നു ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അഭിപ്രായപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും മാനസികമായി തരംതാഴ്ത്തുന്നവയാണ് ഇന്നത്തെ പല സീരിയലുകളുമെന്നാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ഷീല പറഞ്ഞത്. കേരളത്തിലെ വീടുകളിലുള്ള കുരുന്നുകള്‍ ഇന്ന് സന്ധ്യാനാമങ്ങള്‍ ചൊല്ലാറില്ല. മുത്തശ്ശിക്കഥകള്‍ കേള്‍ക്കാനും അവര്‍ക്ക് ഭാഗ്യമില്ലാതായി. കഥകള്‍ പറഞ്ഞുകൊടുത്തിരുന്നു മുത്തശ്ശിമാര്‍ അതെല്ലാം മറന്ന് സീരിയലുകളുടെ മുന്നില്‍ ചടഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ ടെലിവിഷന്‍ പരമ്പരകള്‍ നിര്‍ത്തലാക്കാന്‍ വിവേകശാലികളായ പ്രേക്ഷകര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു ഭ്രാന്താലയമായി മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :