‘ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, നീയെടുത്ത എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ച് തന്നിട്ട് പോയാൽ മതി’- പൊന്നോമനയുടെ മരണത്തില്‍ നെഞ്ച് തകര്‍ന്ന് അമ്മ

അപർണ| Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:51 IST)
കോട്ടയത്ത് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ പെൺകുട്ടി മരിച്ചു. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കുട്ടിയുടെ മാതാവ്.

കുട്ടിയുടെ മരണത്തിന് പിന്നില്‍ ചികിത്സാ പിഴവെന്ന ആരോപണത്തിനിടെയാണ് അമ്മ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവര്‍ഷത്തോളം ഞാന്‍ പൊന്നു പോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആശുപത്രി അധികൃതരോട് പറയുന്നു.

നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാന്‍ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നത് കണ്ണ് നനഞ്ഞാണ് ആളുകള്‍ നോക്കിനിന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കുടമാളൂര്‍ കിംസ് ആശുപത്രിയിലെത്തിച്ചത്. ആദ്യ പരിശോധനയില്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മടക്കി അയച്ചു. എന്നാല്‍, വയറുവേദന വീണ്ടും കടുത്തതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. അമിത അളവില്‍ മരുന്നു നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :