മാന്ദ്യം മനസ്സിനെ കീഴ്പ്പെടുത്തുമ്പോള്‍

WEBDUNIA|
ആഗോള തലത്തില്‍ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കമ്പനികളുടെയും രാജ്യത്തിന്‍റെയും മാത്രം നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ വ്യക്തികളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് ഇതുവരെ ഗൌരവതരമായ ഒരു പഠനം നടന്നിരുന്നില്ല. ഒരു സമൂഹത്തിന്‍റെ മാനസികാവസ്ഥയെ മുഴുവന്‍ താറുമാറാക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യത്തിന്‍റെ സാധ്യതകളിലേക്കാണ് ഈയിടെ നടന്ന ഒരു പഠനം വെളിച്ചം വീശുന്നത്.

മെന്‍റല്‍ ഹെല്‍ത്ത് ചാരിറ്റി ഫണ്ട് നടത്തിയ സര്‍വേയില്‍ കാണാനായത് സാമ്പത്തിക മാന്ദ്യം രൂക്ഷമായി അനുഭവപ്പെട്ടതിന് ശേഷം 40 ശതമാനം ആളുകളും കഠിനമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നാണ്. ജോലി സുരക്ഷ, സമ്പാദ്യം തുടങ്ങിയവയാണ് അവരെ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് തള്ളിവിടുന്നത്. 2000 യുവാക്കളിലാണ് പഠനം നടത്തിയത്.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തുത. അതേസമയം, പുരുഷന്‍മാര്‍ തങ്ങളുടെ പിരിമുറുക്കം പുറത്തുപറയാന്‍ മടിക്കുന്നവരാണ്. 29 ശതമാനം പുരുഷന്മാര്‍ മാത്രമാണ് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുള്ളൂ. എന്നാല്‍ സ്ത്രീകളില്‍ ഇത് 53 ശതമാനമാണ്.

മാനസിക വിദഗ്ദനെ കാണാനും പുരുഷന്മാര്‍ പൊതുവേ തയ്യാറാവുന്നില്ല. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇത് ഒരു നാണക്കേടായി അവര്‍ കണക്കാക്കുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി അഞ്ച് ശതമാനം പുരുഷന്മാര്‍ വെളിപ്പെടുത്തി. എന്നാല്‍ രണ്ട് ശതമാനം സ്ത്രീകള്‍ മാത്രമേ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുള്ളൂ.

മാനസിക പിരിമുറുക്കം സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെയാണെങ്കിലും പുരുഷന്‍മാര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാത്തതിനാല്‍ അവരില്‍ ഇത് മാരകമാകാനുള്ള സാധ്യത കൂടുന്നു. മിക്ക കുടുംബങ്ങളിലും വരുമാനമാര്‍ഗം പുരുഷനായിരിക്കുമെന്നതാണ് മാനസിക പിരിമുറുക്കം പുരുഷന്മാരില്‍ കൂടൂതലാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പോള്‍ ഫാര്‍മര്‍ പറഞ്ഞു. തനിക്ക് മാനസിക സംഘര്‍ഷമുണ്ടെന്ന് അംഗീകരിക്കുന്നത് അഭിമാന പ്രശനമായാണ് യുവാക്കള്‍ കാണുന്നത്. മാത്രമല്ല ഇത് തങ്ങളെ സമൂഹത്തില്‍ കൂടുതല്‍ ദുര്‍ബലരാക്കുമെന്ന തെറ്റായ ധാരണയും അവര്‍ വച്ചുപുലര്‍ത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :