സ്വകര്യ മെയിലുകളും നിരീക്ഷിക്കാം: റിം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 21 മെയ് 2008 (18:26 IST)
ബ്ലാക്ബെറി ഉപയോഗിച്ച് അയക്കുന്ന കോര്‍പറേറ്റ് ഇ-മെയിലുകള്‍ക്കു പുറമെ സ്വകാര്യ ഇ-മെയിലുകളിലും സുരക്ഷാ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാമെന്ന് ബ്ലാക്ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) ടെലികോം മന്ത്രാലയത്തെ അറിയിച്ചു. എന്നാല്‍ ഇങ്ങനെ സ്വകാര്യ മെയിലുകള്‍ തുറക്കുന്നതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം ടെലികോം മന്ത്രാലയത്തിനായിരിക്കുമെന്നും റിം അറിയിച്ചിട്ടുണ്ട്.

ബ്ലാക്‍ബെറി ഉപയോഗിച്ച് എന്‍‌ക്രിപ്റ്റ് ചെയ്ത് അയക്കുന്ന വിവരങ്ങള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിച്ചവയായിരിക്കുമെന്നതിനാല്‍ പബ്ലിക് കീയും(ഉപഭോക്താക്കളുടെ ഹാന്‍ഡ്‌സ്റ്റ് കോഡ്), പ്രൈവറ്റ് കീയും(സേവനദാതാവ് നല്‍കുന്ന കോഡ്) ഒരുമിച്ച് ഉപയോഗിച്ചാല്‍ മാത്രമേ വിവരങ്ങള്‍ തുറക്കാനാവു. ഇതല്ലെങ്കില്‍ ഇതിനായി ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുളള മറ്റൊരു മാര്‍ഗം. എന്നാല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കുമെന്നതും ഇതിന്‍റെ ഫലപ്രാപ്തി പ്രവചിക്കാനാവില്ലെന്നതുമാണ് വിവരങ്ങള്‍ തുറക്കാനായി റിമ്മിനെ തന്നെ ആശ്രയിക്കാന്‍ ടെലികോം മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.

ബ്ലാക്ബെറി ഉപയോഗിച്ച് ബാങ്ക് കൈമാറ്റങ്ങളും പണം സംബന്ധമായ മറ്റ് കര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഡാറ്റാ എന്‍ക്ക്രിപ്ഷന്‍ , ഡിക്രിപ്ഷന്‍ തുടങ്ങിയ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ക്കു പുറമെ ഡിജിറ്റല്‍ ഒപ്പ്, ഡാറ്റ ഓതന്‍റിക്കേഷന്‍ തുടങ്ങിയ സൌകര്യങ്ങളും റിം നല്‍കുന്നുണ്ട്. അതിനാല്‍ പബ്ലിക് കീ, പ്രൈവറ്റ് കീ എന്നിവ ഉപയോഗിച്ച് ഉപഭോക്താവിന്‍റെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവ ദുരുപയോഗം ചെയ്ത് ഉപഭോക്താവിന് നഷ്ടം സംഭവിക്കുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം ടെലികോം മന്ത്രാലയം ഏറ്റെടുക്കേണ്ടിവരും.

സ്വകാര്യ ഇ-മെയിലുകളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അനുവാദം നല്‍കുന്നത് സംബന്ധിച്ച് മൂന്ന് ആഴ്ചയ്ക്കുളളില്‍ തീരുമാനം അറിക്കാമെന്നാണ് റിം പ്രതിനിധികള്‍ ടെലികോം മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.. ബ്ലാക്ബെറിയിലൂടെ കോര്‍പറേറ്റ് മേഖലയ്ക്കും സ്വകാര്യവ്യക്തികള്‍ക്കുമായി രണ്ട് തരത്തിലുളള സേവനമാണ് റിം ഇപ്പോള്‍ നല്‍കുന്നത്. നിലവിലുളള ഒരു ലക്ഷം ബ്ലാക്ബെറി ഉപയോക്താക്കളില്‍ ഭൂരിഭാഗവും കോര്‍പറേറ്റ് മേഖലയില്‍ നിന്നുളളവരാണ്.

ബ്ലാക്‍ബെറി ഉപയോക്താക്കള്‍ കൈമാറുന്ന വിവരങ്ങള്‍ ഡി കം‌പ്രസ് ചെയ്യാന്‍ സഹായിക്കാമെന്ന ബ്ലാക്ബെറി നിര്‍മാതാക്കളായ റിസേര്‍ച്ച് ഇന്‍ മോഷന്‍റെ(റിം) വാഗ്ദാനം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ഐ ബി നേരത്തെ നിരസിച്ചിരുന്നു. ബ്ലാക്ബെറി ഉപയോഗിച്ച് കൈമാറുന്ന വിവരങ്ങള്‍ 256 ബിറ്റ് അഡ്‌വാന്‍‌സ്ഡ് എന്‍‌ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡിലായിരിക്കും. എന്നാല്‍ ഇന്ത്യയിലെ സുരക്ഷാ എജന്‍സികള്‍ക്ക് 40 ബിറ്റ് എന്‍‌ക്രിപ്ഷന്‍ മാത്രമേ കൈകാര്യം ചെയ്യാനുളള ശേഷിയുളളു. ഇതിനാലാണ് റിം സഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഐബി ഇത് നിരസിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :