ഐടിയില്‍ ശമ്പള നിയന്ത്രണം

PROPRO
ഐ ടി കമ്പനികളിലെ ശമ്പളവര്‍ദ്ധന ചര്‍ച്ചാ വിഷയമായിരുന്ന കാലത്തിന് താല്‍ക്കാലിക വിരാമമാകുന്നു. എന്നും രണ്ടക്ക ശതമാനത്തില്‍ മാത്രം ശമ്പള വര്‍ദ്ധന നടത്തിയിരുന്ന ഐ ടി കമ്പനികള്‍ ശമ്പളവര്‍ദ്ധന ഒറ്റയക്ക ശതമാനക്കണക്കില്‍ മാത്രം നടപ്പിലാക്കാന്‍ തുടങ്ങിയെന്നാണ് ഐ ടി നഗരമായ ബെംഗലൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന മാന്ദ്യമാണ് ഐ ടി കമ്പനികളേയും മുണ്ട് മുറുക്കി ഉടുക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ. പ്രമുഖ ഐ ടി സ്ഥാപനമായ ഇ ഡി എസ് ഈ വര്‍ഷം എട്ടു മുതല്‍ പത്ത് ശതമാനം വരെ ശമ്പളവര്‍ദ്ധനയാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 18 മുതല്‍ 20 ശതമാനം വരെയായിരുന്നു.

എന്നാല്‍ ചിലര്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയും ശമ്പള വര്‍ദ്ധന ലഭിച്ചിരുന്നതായി കമ്പനിയിലെ ഒരു ജീവനക്കാരന്‍ പറയുന്നു. മറ്റൊരു പ്രമുഖ സ്ഥാപനമായ ഇന്‍ഫോസിസിലേയും അവസ്ഥ ഇതുതന്നെയാണ്. ഈ വര്‍ഷം എട്ട് ശതമാനം ശമ്പളവര്‍ദ്ധനയാണ് ഇന്‍ഫോസിസ് നടത്തിയിരിക്കുന്നത്.

WEBDUNIA| Last Modified വെള്ളി, 6 ജൂണ്‍ 2008 (14:11 IST)
ആഗോള വിപണിയില്‍ ഒരു സ്ഥിരത ഉണ്ടാവുന്നത് വരെ നാമമാത്ര ശമ്പളവര്‍ദ്ധനയേ നടത്താന്‍ കഴിയൂ എന്നാണ് പ്രമുഖ ഐ ടി സ്ഥാപനങ്ങളിലെ മാനവശേഷി വിഭാഗം അധികൃതര്‍ അറിയിക്കുന്നത്. ശമ്പള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല കാരണങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമായും യു എസിലെ സാമ്പത്തിക മാന്ദ്യം ആണെന്നാണ് പറയപ്പെടുന്നത്. കാരണം ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്‍റെ 60 ശതമാനവും അമേരിക്കയെ ആശ്രയിച്ച് കഴിയുന്നവയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :