ഐടി മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷം

ബാംഗ്ലൂര്‍| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഐടി മേഖലയെ സാരമായി ബാധിച്ചുതുടങ്ങി. കടുത്ത ഉത്കണ്ഠയോടെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതുവത്സരത്തെ വരവേല്‍ക്കുന്നത്. കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയതോടെ ഐടി പ്രൊഫഷണലുകളെല്ലാം പിരിച്ചുവിടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

പതിനായിരത്തില്‍ക്കൂടുതല്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ ഐടി/ബിപിഒ മേഖലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടത്. അടുത്ത ആറു മാസത്തിനുള്ളില്‍ 50000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്ന് രാജ്യത്തെ ടെക്നോളജി രംഗത്ത് പണിയെടുക്കുന്നവരുടെ സംഘടനയായ യൂണിടെസിന്‍റെ ജനറല്‍ സെക്രട്ടറി കാര്‍ത്തിക് ശേഖര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളിലെ ബെയില്‍ ഔട്ട് പാക്കേജുകളിലെ വ്യവസ്ഥകളും എച്ച്1ബി വിസകളുമായി ബന്ധപ്പെട്ട കര്‍ശന നടപടിക്രമങ്ങളും ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്ക് തൊഴിലുകള്‍ ഔട്ട് സോഴ്സ് ചെയ്യരുതെന്ന് ബെയില്‍ ഔട്ട് പാക്കേജുകളില്‍ പറയുന്നുണ്ട്. ഒബാമ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് മാറ്റം കൊണ്ടുവരുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യയിലെ ഐടി മേഖല. കൂടുതല്‍ ഔട്ട് സോഴ്സിംഗ് തൊഴിലുകള്‍ക്കായി വളര്‍ന്നുവരുന്ന കമ്പോളത്തിലേക്ക് ഇന്ത്യ ശ്രദ്ധയൂന്നണമെന്ന് വാദിച്ചാലും യുഎസില്‍ നിന്നും യുകെയില്‍ നിന്നും ഇവ വരുന്നില്ലെങ്കില്‍ അത് ഇന്ത്യയെ സാരമായി ബാധിക്കുമെന്നും കാര്‍ത്തിക് ശേഖര്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :