സര്‍ക്കാര്‍ വ്യാപാരികളുടെ കമ്മീഷന്‍ ഒമ്പത് ശതമാനം കൂട്ടിയതിനെത്തുടര്‍ന്ന് പാചകവാതക സിലിണ്ടറിന് 3.46 രൂപ വര്‍ധിച്ചു. 14.2 കിലോയുടെ സിലിണ്ടറിന് കമ്മീഷന്‍ 3.46 രൂപ വര്‍ധിച്ച് 40.71 രൂപയായി. ഇതേത്തുടര്‍ന്നാണ് പാചകവാതകസിലിണ്ടറിന്റെ വില കൂടിയത്.
സബ്‌സിഡിയുള്ള 14.2 കി.ഗ്രാം സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 399 രൂപയില്‍നിന്ന് 410.50 രൂപയായി. അഞ്ച് കിലോയുടെ സിലിണ്ടറില്‍ വ്യാപാരികളുടെ കമ്മീഷന്‍ 1.73 രൂപ വര്‍ധിപ്പിച്ച് 20.36 രൂപയുമാക്കി. ഡല്‍ഹിയില്‍ അഞ്ചുകിലോ സിലിണ്ടറിന് ഇപ്പോള്‍ വില 353 രൂപയാണ്.
ശമ്പളത്തിലും കൂലിയിലുമുള്ള വര്‍ധനകാരണം ചെലവ് കൂടുന്നതുകൊണ്ടാണ് കമ്മീഷന്‍ പ്രതിവര്‍ഷം പുതുക്കി നിശ്ചയിക്കുന്നതെന്ന് പെട്രോളിയംമന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സബ്‌സിഡിയില്ലാതെ വില്‍ക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ 75 പൈസതന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സബ്‌സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയിലെ വില 1017.50 രൂപയാണ്. 2012 ഒക്ടോബര്‍ ഏഴിനാണ് കമ്മീഷന്‍ അവസാനമായി വര്‍ധിപ്പിച്ചത്.