ചാനലുകള്‍ക്ക് ഭീഷണിയുമായി യൂട്യൂബ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പഴയ പടങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച് പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടുന്ന ചാനലുകള്‍ക്ക് ഇനിയുള്ള കാലം രക്ഷയില്ല. ടെലിവിഷന്‍ എന്ന സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കാരണം നാട്ടിലെ സിനിമാ കൊട്ടകകള്‍ പൂട്ടിപ്പോയത് പോലെ ചില ചാനലുകളും പരിപാടി അവസാനിപ്പിക്കേണ്ടി വരും. അങ്ങിനെയാണ് യൂട്യൂബിന്റെ പുതിയ തീരുമാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ടെലിവിഷന്‍ ചാനലുകളോട് ദിവസവും 2 ബില്യണ്‍ കാഴ്ചക്കാരുള്ള യൂട്യൂബ് മത്സരിക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ സെര്‍ച്ച് എഞ്ചിനാണ് യുട്യൂബ്. വെറും ആറു വര്‍ഷം മാത്രമാണ് യൂട്യൂബിന്റെ പ്രായമെന്നോര്‍ക്കണം.

ഇന്റര്‍നെറ്റും ടെലിവിഷനും തമ്മിലുള്ള വ്യത്യാസം വളരെ വേഗത്തില്‍ ഇല്ലാതാകുന്നുവെന്ന് ഗൂഗിളിന്റെ ഏഷ്യാ പസഫിക് ജപ്പാന്‍ ഡയറക്ടര്‍ ഗൌതം ആനന്ദ് പറയുന്നു. വിനോദപരിപാടികളാണ് ചാനലുകളെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍ യൂട്യൂബ് പോലുള്ള വീഡിയോ ഷയറിംഗ് സൈറ്റുകളില്‍ ലക്ഷക്കണക്കിന് വിനോദ വീഡിയോകളാണ് ഉള്ളത്. ആവശ്യപ്പെടുന്ന ഘട്ടത്തില്‍ സിനിമകള്‍ ലഭിക്കുന്നത് ഏതൊരു കാഴ്ചക്കാരനും ഇഷ്ടപ്പെടുമെന്നും യൂട്യൂബ് കണക്കുകൂട്ടുക്കുന്നു. ഇതോടെ ടെലിവിഷന്‍ ഇല്ലാതായിത്തീരുമെന്നാണ് ഗൌതമന്‍ പറയുന്നത്.

യൂട്യൂബ് അമേരിക്കയില്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എംജിഎം, സിബിസി എന്നീ കമ്പനികളുമായി സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു യുട്യൂബ്. സിനിമകളെ കൂടാതെ സീരിയലുകളും മറ്റ് പരിപാടികളും പരസ്യങ്ങളുടെ അകമ്പടിയോടെ ഇനി സജീവമായി അപ്‌ലോഡ് ചെയ്യപ്പെടും.
എന്നാല്‍ മാര്‍ക്കറ്റ് പിടിച്ചടക്കല്‍ അത്ര എളുപ്പമാകുമെന്ന പ്രതീക്ഷ ഗൂഗിളിനില്ല. നിരവധി കമ്പനികള്‍ ഇതേ വഴിയില്‍ ശക്തമായിത്തന്നെ രംഗത്തുണ്ട്. നെറ്റ്ഫിക്സ്, ഹുലു തുടങ്ങിയ ഓണ്‍ലൈന്‍ വീഡിയോ സേവനങ്ങളും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും രംഗത്ത് ശക്തമായുണ്ട്.

ഇന്ത്യയില്‍ യുട്യൂബിന് ഏതാണ്ട് 20 ദശലക്ഷം കാഴ്ചക്കാരുണ്ട്. ബോളിവിഡ് സിനിമകളും ക്രിക്കറ്റുമെല്ലാമാണ് ഇന്ത്യന്‍ വീഡിയോ മാര്‍ക്കറ്റിനെ ഭരിക്കുന്നത്. നിലവില്‍ നിരവധി ബോളിവുഡ് ക്ലാസിക്കുകള്‍ യുട്യൂബില്‍ ലഭ്യമാണ്. സല്‍‌മാന്‍ ഖാന്‍ അഭിനയിച്ച ദബാംഗ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമ യൂട്യൂബില്‍ റിലീസ് ചെയ്ത് ഗൂഗിള്‍ ടെലിവിഷന്‍ ചാനലുകളെ അത്ഭുതപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍, ഈ മാ‍ര്‍ക്കറ്റ് അസാധ്യമായി വളരുമെന്നാണ് ഗൂഗിള്‍ കണക്കു കൂട്ടുന്നത്. അങ്ങനെയെങ്കില്‍ ചിത്രങ്ങളുടെ റിലീസിംഗ് വരെ യുട്യൂബിലായാല്‍ അത്ഭുതപ്പെടേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :