എസ്‌യുവി ശ്രേണിയിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതി നിരത്തില്‍ നിറഞ്ഞാടാന്‍ ജീപ് കോംപസ് !

jeep compass, jeep, compass, SUV, എസ്‌യുവി, ജീപ് കോംപസ്, ജീപ്, കോംപസ്
സജിത്ത്| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (12:17 IST)
ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എസ്‌യുവിയാണ് മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് കോം‌പസ്. ഔദ്യോഗിക ലൊഞ്ചിന് മുമ്പ് തന്നെ കോംപസ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച ജീപിന് മികച്ച തുടക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 16 ലക്ഷം രൂപ ആരംഭവിലയിലെത്തുന്ന ഈ എസ്‌യു‌വിയ്ക്ക് 1000 ലേറെ ബുക്കിംഗാണ് വെറും മൂന്ന് ദിവസം കൊണ്ട് കോംപസിനെ തേടിയെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 50000 രൂപ മുന്‍കൂര്‍ തുക അടച്ചാണ് ഉപഭോക്താക്കള്‍ കോംപസുകളെ ബുക്ക് ചെയ്യുന്നത്. വരവിന് മുമ്പുതന്നെ കോംപസിനായുള്ള ബുക്കിംഗ് ഇത്രമേലുണ്ടെങ്കില്‍ നിലവില്‍ വിപണിയിലുള്ള എസ്‌യുവികളുടെ സമവാക്യങ്ങള്‍ മാറ്റി മറിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

158 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എൻജിനും 167 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്ത്യൻ കോംപസിനു കരുത്തേകുന്നത്. 4398 എംഎം നീളവും, 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീൽബെയ്സുമാണ് ഇന്ത്യന്‍ കോംപസിനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ജീപ്പ് കോം‌പസിന്റെ നിര്‍മാണം. രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ‘സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ് എഫ്‌സി‌എ വാഗ്ദാനം ചെയ്യുന്നത്.

ഹ്യുണ്ടേയ് ‘ട്യൂസോൺ’, ബി‌എം‌ഡബ്ല്യു ‘എക്സ് വൺ’, ഹോണ്ട ‘സി‌ആർ-വി’, ഔഡി ക്യൂ 3 എന്നീ വാഹനങ്ങളോടാകും ജീപ്പ് കോംപസ് പ്രധാനമായും ഏറ്റുമുട്ടുക. അതേസമയം ഈ എസ്‌യു‌വിയുടെ വില 20 ലക്ഷത്തിൽ താഴെയാണെങ്കില്‍ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, മഹിന്ദ്ര എക്സ്‌യുവി 500 എന്നിങ്ങനെയുള്ള ഇന്ത്യൻ വിപണിയിലെ പല ജനപ്രിയ ബജറ്റ് എസ്‌യു‌വികള്‍ക്കുമാകും കോംപസ് ഭീഷണി സൃഷ്ടിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :