വിന്‍ഡോസ് 10 വിപണിയിലേക്ക്

സാൻ ഫ്രാൻസിസ്‌കോ| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (09:57 IST)
വിൻഡോസ് ഓപറേറ്റിങ് സിസ്‌റ്റത്തിന്റെ പുതിയ പതിപ്പായ വിൻഡോസ്10 ഇന്ന് മൈക്രോസോഫ്‌റ്റ് വിപണിയിലെത്തിക്കും. എഡ്ജ് എന്ന പുതിയ വെബ് ബ്രൗസറും ‘ഓൺലൈൻ അസിസ്റ്റന്റ്’ കോർട്ടാനയുടെ ഡെസ്ക്ടോപ്പ് രൂപവുമൊക്കെ വിൻഡോസ് 10ന്റെ പുതുമകളാണ്.

കംപ്യൂട്ടറിനും ടാബ്‌ലെറ്റിനും സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗെയിം കൺസോളിലുമൊക്കെ ഉപയോഗിക്കാവുന്നവിധമാണു വിൻഡോസ് 10ന്റെ രൂപകൽപ്പന. 2012ൽ അവതരിപ്പിച്ച വിൻഡോസ് 8 വിജയിച്ചില്ലെന്ന തിരിച്ചറിവോടെയാണു വിൻഡോസ് 10 എത്തുന്നത്. അതേസമയം, ആറു വർഷമായി രംഗത്തുള്ള വിൻഡോസ് 7 ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് അപരിചിതത്വം തോന്നാത്തവിധവുമാണു പ്രവർത്തനമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിൻഡോസ്–8ലെ ടൈൽ അധിഷ്‌ഠിത സ്‌റ്റാർട്ട് സ്‌ക്രീൻ നീക്കം ചെയ്‌തു ഡെസ്‌ക്‌ടോപ് തിരികെ കൊണ്ടുവന്നു. പഴയമട്ടിലുള്ള സ്‌റ്റാർട്ട് ബട്ടണോടൊപ്പം പ്രധാന സ്‌റ്റാർട്ട് മെനുവിൽ ലൈവ് ടൈലുകൾ കൂടി ക്രമീകരിച്ചു. ആപ്പിൾ ഒഎസ്‌എക്‌സ് മാതൃകയിൽ ഒരേ സമയം ഒന്നിലേറെ കംപ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന മൾട്ടിപ്പിൾ ഡെസ്‌ക്‌ടോപ്, മൊബൈൽ, ടാബ്‌ലെറ്റ്, കംപ്യൂട്ടർ തുടങ്ങി എല്ലാ ഉപകരണങ്ങൾക്കും ഒരേ ആപ്പ്‌സ്‌റ്റോർ തുടങ്ങിയവയും വിൻഡോസ്10 ഒഎസിലുണ്ട്.

വിൻഡോസ് 7, 8 ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഹോം, പ്രോ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ വിൻഡോസ് 10 സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മൂന്നു വർഷത്തിനുള്ളിൽ 100 കോടി ഉപകരണങ്ങളിൽ വിൻഡോസ് 10 ഉണ്ടാവണമെന്നാണു കമ്പനി ആഗ്രഹിക്കുന്നതെന്ന് മേധാവി സത്യ നാദെല്ല പറഞ്ഞിരുന്നു. 150 കോടി ആളുകൾ ഇപ്പോൾ ഏതെങ്കിലും വിൻഡോസ് പതിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :