സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (09:58 IST)
സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറിയുടെ വില മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പച്ചക്കറികള്‍ എത്താത്തത് ആണ് വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. കൂടാതെ, മണ്ഡലകാലം ആരംഭിച്ചതും പച്ചക്കറി വിലയെ ബാധിച്ചു.

ഉഴുന്ന്, പരിപ്പ് തുടങ്ങിയവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും ദിവസം രണ്ടു രൂപ വരെ വില കൂടുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.


കഴിഞ്ഞമാസം കിലോയ്ക്ക് 12 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 മുതല്‍ 80 വരെ രൂപയാണ് വില. ഓരോ പച്ചക്കരിക്കും ഈ രീതിയിലാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. വെണ്ടയ്ക്കയുടെ വില 20ല്‍ നിന്ന് 60 രൂപയായും ബീന്‍സിന്റെ വില 30ല്‍നിന്ന് 90രൂപയായും ഉയര്‍ന്നു.

സവാള ( 60 രൂപ), ചെറിയ ഉള്ളി (70 രൂപ), പച്ചമുളക് കിലോ (70 രൂപ), പയര്‍ (100രൂപ), പാവയ്ക്ക (80രൂപ), ഇഞ്ചി (70രൂപ), മുരിങ്ങയ്ക്ക (100രൂപ), അമരയ്ക്ക (60രൂപ), കാരറ്റ് (60രൂപ), വഴുതന (60രൂപ), ചേമ്പ് (80രൂപ), പടവലം (40രൂപ), വെള്ളരി (60രൂപ), കോളിഫ്‌ളവര്‍ (80 രൂപ), കറിവേപ്പില (50 രൂപ), ചെറുനാരങ്ങ (90 രൂപ), പച്ചമാങ്ങ (80രൂപ) എന്നിങ്ങനെയാണ് വിപണി വില.

പയര്‍ വര്‍ഗങ്ങളില്‍
ഉഴുന്നിന് 165 രൂപയും തുവരയ്ക്ക് 160 രൂപയും ചെറുപയറിന് 100 രൂപയുമാണ് പൊതുവിപണിയിലെ വില. മല്ലിക്ക് 130 രൂപയും മുളകിന് 155 രൂപയും വിലയുണ്ട്. അരി വിലയില്‍ കാര്യമായ വ്യത്യാസമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :