കറുത്ത പൊന്നിന്റെ തിളക്കം കുറയുന്നു!

കൊച്ചി| VISHNU.NL| Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (13:27 IST)
കേരളത്തിലെ കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് കുരുമുളക് കുത്തനെ കുറയുന്നു. ഒരാഴ്ചയ്ക്കകം ക്വിന്റലിന് 2100 രൂപ കുറഞ്ഞ്, ഗാര്‍ബിള്‍ ചെയ്യാത്ത കുരുമുളക് 63900 രൂപയിലെത്തി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് 73500 രൂപയിലെത്തി റെക്കോര്‍ഡിട്ട അവസ്ഥയില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍. കുരുമുളകിന്റെ ഇറക്കുമതി അനുവദിച്ചതാണ് ഈ സാഹചര്യത്തിനു കാരണം.

മൂല്യവര്‍ധിത ഉല്‍പന്നമാക്കി തിരിച്ചു കയറ്റുമതി ചെയ്യാനാണ് ഇറക്കുമതിവ്അനുവദിച്ചത്. പക്ഷേ, ഇത് ഉത്തരേന്ത്യന്‍ വിപണികളില്‍ വ്യാപകമായി എത്തുന്നതാണ് വിലയിടിവിന് കാരണമായി തീര്‍ന്നിരിക്കുന്നത്. അതേ സമയം രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് വന്‍ വിലയാണ് ലഭിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ വില ടണ്ണിന് 11300 ഡോളറാണ്. വിയറ്റ്നാം, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ 1000 ഡോളറോളം വില കുറവുണ്ട്.

എന്നാല്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്തേ വിവിധ ഗോഡൌണുകളിലായി രണ്ടു വര്‍ഷത്തോളമായി 6000 ടണ്‍ കുരുമുളക് കെട്ടിക്കിടക്കുകയാണ്. ഇതില്‍ യതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഇന്ത്യയിലേക്ക് കുരുമുളകിന്റെ ഇറക്കുമതി കൂട്ടുന്നത് വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ജനുവരി - ഓഗസ്റ്റ് കാലയളവില്‍ 10,000 ടണ്ണിന്റെയെങ്കിലും ഇറക്കുമതി നടന്നതായാണ് കണക്ക്. ഇതില്‍ 6000 ടണ്‍ വിയറ്റ്നാമില്‍നിന്നാണ്. അവിടെനിന്നുള്ള കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ഒന്നര ലക്ഷം ടണ്ണോളമാണ് വിയറ്റ്നാമിന്റെ ഉല്‍പാദനം. ഇന്ത്യയുടേത് കഴിഞ്ഞ വര്‍ഷം 35,000 ടണ്ണിലേക്ക് താഴ്ന്നു.


സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ - ജൂലൈ കാലയളവില്‍ കയറ്റുമതി 10% വര്‍ധിച്ചുവെന്ന് സ്പൈസസ് ബോര്‍ഡ് അവകാശപ്പെടുന്നു. മൂല്യത്തിലെ വര്‍ധന 41%. 6450 ടണ്‍ കയറ്റുമതി ചെയ്ത് 332.46 കോടി രൂപ നേടി. നടപ്പു സാമ്പത്തിക വര്‍ഷം 12000 ടണ്‍ കുരുമുളക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :