‘എസ് ക്രോസ് ’: വില കുറച്ച് വിൽപ്പന കൂട്ടാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്

നേപ്പാളിലും ഭൂട്ടാനിലും കൂടി ‘എസ് ക്രോസ്’ വിൽപ്പന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്

മാരുതി, എസ് ക്രോസ്, നെക്സ, ഐ 20 ആക്ടീവ്, പോളോ ക്രോസ്, എത്തിയോസ് ക്രോസ് maruthi, S cross, Nexa, i20 active, polo cross, etios cross
Sajith| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (12:00 IST)
വിലക്കിഴിവ് അനുവദിച്ചാൽ വിൽപ്പന കൂടുമെന്നതാണ് സാമാന്യ തത്വം. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ പോയ ‘എസ് ക്രോസി’ന്റെ വിവിധ വകഭേദങ്ങൾക്ക് 40,000 മുതൽ രണ്ടു ലക്ഷം രൂപയുടെ വരെ ഇളവാണു മാരുതി സുസുക്കി അനുവദിച്ചത്. ഇതോടെ കഴിഞ്ഞ ഏഴു മാസത്തിനിടെ ‘എസ് ക്രോസി’ന്റെ വിൽപ്പന 21,000 യൂണിറ്റോളമായി ഉയർന്നിട്ടുണ്ടെന്നാണ് കണക്ക്. ഒപ്പം ആഭ്യന്തര വിപണിക്കു പുറമെ അയൽ രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും കൂടി ‘എസ് ക്രോസ്’ വിൽപ്പന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇരുവിപണികളിൽ നിന്നും ലഭിക്കുന്ന ആദ്യഘട്ട പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാകും ‘എസ് ക്രോസ്’ വിപണനത്തിന്റെ ഭാവി നിർണയിക്കുക.

രാജ്യത്ത് 70 നഗരങ്ങളിലായി നൂറ്റി ഇരുപതോളം ഷോറൂമുകൾ പ്രവർത്തനം തുടങ്ങിയതോടെ ‘എസ് ക്രോസ്’ വിൽപ്പന ഇനിയും മെച്ചപ്പെടുമെന്നും മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് കാൽസി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രീമിയം വാഹനങ്ങൾക്കായി തുറന്ന പുത്തൻ ഷോറൂം ശൃംഖലയായ നെക്സ വഴി മാത്രം വിൽപ്പനയ്ക്കുള്ള ‘എസ് ക്രോസി’ന്റെ കഴിഞ്ഞ ഏഴു മാസത്തെ വിൽപ്പന 21,500 യൂണിറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഡീസൽ വിഭാഗത്തിൽ രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘എസ് ക്രോസ്’ വിപണിയിലുള്ളത്: 1.3 ലീറ്ററും 1.6 ലീറ്ററും. ഇതിൽ ശേഷിയേറിയ എൻജിനുള്ള വകഭേദങ്ങളുടെ വിഹിതം മൊത്തം വിൽപ്പനയുടെ 15 — 16% മാത്രമാണെന്നും കാൽസി വ്യക്തമാക്കി. 1.6 ലീറ്റർ എൻജിൻ ഘടിപ്പിച്ച മോഡലുകൾക്ക് വില 10.23 ലക്ഷം രൂപ മുതൽ 12.03 ലക്ഷം രൂപ വരെയാണ്. ശേഷി കുറഞ്ഞ എൻജിൻ ഘടിപ്പിച്ച ‘എസ് ക്രോസ്’ വകഭേദങ്ങളുടെ ഡൽഹി ഷോറൂം വില 8.03 ലക്ഷം മുതൽ 10.60 ലക്ഷം രൂപ വരെയാണ്.

തന്റേടം തുളുമ്പുന്ന ക്രോസ്ഓവർ ചലനാത്മക രൂപകൽപ്പനയും രൂപവും ആർഭാടസമ്പന്നമായ അകത്തളവുമൊക്കെയായി 2015 ഓഗസ്റ്റിലാണ് ‘എസ് ക്രോസ്’ നിരത്തിലെത്തിയത്. നെക്സയിലും ‘എസ് ക്രോസി’ലുമൊക്കെ ഉപയോക്താക്കൾക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും കാൽസി വ്യക്തമാക്കി. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയിൽ നിന്നുള്ള ‘ഐ 20 ആക്ടീവ്’ ആണ് ‘എസ് ക്രോസി’ന്റെ പ്രധാന എതിരാളി; 1.2 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിനുകളോടെയാണ് ഈ ക്രോസ്ഓവർ ലഭിക്കുക. പെട്രോൾ വകഭേദങ്ങൾക്ക് 6.65 ലക്ഷം മുതൽ 8.13 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 8.01 ലക്ഷം രൂപ മുതൽ 9.51 ലക്ഷം രൂപ വരെയുമാണു ഡൽഹിയിലെ ഷോറൂം വില. കഴിഞ്ഞ വർഷം മാർച്ചിൽ നിരത്തിലെത്തിയ ‘ഐ 20 ആക്ടീവ്’ ഇതുവരെ 27,700 യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിട്ടുണ്ട്.‘എസ് ക്രോസി’നും ‘ഐ 20 ആക്ടീവി’നും പുറമെ ഫോക്സ്വാഗന്റെ ‘പോളോ ക്രോസ്’, ഫിയറ്റിന്റെ ‘അവെഞ്ചുറ’, ടൊയോട്ടയുടെ ‘എത്തിയോസ് ക്രോസ്’ എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. മാസം തോറും ശരാശരി 6,000 യൂണിറ്റിന്റെ വിൽപ്പനയാണ് ഈ വിഭാഗത്തില്‍ കൈവരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :