യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തു പോകുമ്പോള്‍ ഇന്ത്യയ്ക്കുമുണ്ട് ചില പ്രശ്നങ്ങള്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തു പോകുമ്പോള്‍ ഇന്ത്യയ്ക്കുമുണ്ട് ചില പ്രശ്നങ്ങള്‍

ലണ്ടന്‍| priyanka| Last Updated: വെള്ളി, 24 ജൂണ്‍ 2016 (14:59 IST)
യൂറോപ്യന്‍ യൂണിയനില്‍ (ഇ യു) നിന്നും ബ്രിട്ടണ്‍ വിടുതല്‍ വാങ്ങണോ വേണ്ടിയോ എന്ന കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ തീരുമാനം വ്യക്തമായിക്കഴിഞ്ഞു. ബ്രിട്ടന്റെ മാത്രമല്ല യൂറോപ്യന്‍ യൂണിയന്റെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഗതി നിര്‍ണയിക്കുന്ന തീരുമാനത്തിന്റെ യഥാര്‍ത്ഥചിത്രം വരും ദിവസങ്ങളില്‍ വ്യക്തമാകും. ഹിതപരിശോധനയും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റവും ബ്രിട്ടന്റെ ആഭ്യന്തര കാര്യമാണെങ്കിലും വിടുതലിനോട് ഇന്ത്യയ്ക്ക് യോജിക്കാനായിട്ടില്ല. ഇന്ത്യയും ബ്രിട്ടണുമായുള്ള വാണിജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ തടസമാണെന്ന്
വിടുതല്‍ പക്ഷക്കാര്‍ പറയുന്നുണ്ടെങ്കിലും ഇ യുവില്‍ നിന്നും യു കെ വിടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്‌ധ അഭിപ്രായം.

1. മാര്‍ക്കറ്റുകള്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ഫലസൂചനകള്‍ പുറത്തു വന്നതോടെ ഇന്ത്യന്‍ വിപണിയിലും ഇടിവ് ഉണ്ടായി. സെന്‍സെക്സ് 940 പോയിന്റെ നഷ്‌ടത്തില്‍ 26062ലും നിഫ്റ്റി 287 പോയിന്റ് താഴ്ന്ന് 7982ലുമെത്തി.

ഹിതപരിശോധന ഫലം പുറത്തുവന്നതിനു പിന്നാലെ എണ്ണവിലയില്‍ ആറു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2018 ജനുവരി മുതല്‍ മാത്രമായിരിക്കും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങല്‍ പ്രാബല്യത്തിലാവുകയുള്ളു. ഇതിനുശേഷം മാത്രമായിരിക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിടവാങ്ങല്‍ പ്രതികൂലമായി ബാധിക്കുകയുള്ളു എന്ന ആശ്വാസത്തിലാണ് വിപണി ദല്ലാളന്മാര്‍.

2. കറന്‍സി

‘ബ്രെക്‌സിറ്റ്’ രൂപയടക്കമുള്ള കന്‍സികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടാക്കും. ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയെ മാത്രമല്ല ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും അത് പ്രതികൂലമായി ബാധിക്കും. ഇ യുവില്‍ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങല്‍ തീരുമാനത്തിനു പിന്നാലെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 89 പൈസ കുറഞ്ഞ് 68.17ലെത്തി.
കഴിഞ്ഞ 31 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പൗണ്ടിന്റെ മൂല്യത്തില്‍ 12 ശതമാനം വരെ ഇടിവു വന്നേക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. പൗണ്ടിന് മാത്രമല്ല ഡോളറിനെതിരെ രൂപയുടെ മൂല്യത്തിനും ബ്രിക്‌സിറ്റ് ഇടിവുണ്ടാക്കിയിട്ടുണ്ട്.

3. വ്യാപാരം

ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള വാണിജ്യത്തിന് തടസ്സം യൂറോപ്യന്‍ യൂണിയന്‍ ആണെന്നാണ് വിടുതല്‍ പക്ഷക്കാര്‍ പറയുന്നത്. ഇ യുവും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച 2007 മുതല്‍ തുടങ്ങിയെങ്കിലും ഇപ്പോഴും തുടരുകയാണ്. നിലവില്‍ 14.02 ബില്യണിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ബ്രിട്ടണുമായുള്ളത്.
ഇതില്‍ 8.83 ബില്യണ്‍ കയറ്റുമതിയും 5.19 ബില്യണിന്റെ ഇറക്കുമതിയുമാണുള്ളതെന്നാണ് കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഏഷ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ (ജി ഡി പി) 0.7 ശതമാനമാണ് ബ്രിട്ടണിലേക്കുള്ള കയറ്റുമതി. ബ്രെക്‌സിറ്റ് നേടിയാല്‍ രണ്ടുവര്‍ഷത്തിനിടെ ബ്രിട്ടണില്‍ നിന്നുള്ള ഇറക്കുമതി 25 ശതമാനത്തോളം കുറയാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. യൂണിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ബ്രിട്ടണ്‍ പിന്മാറുന്നതോടെ യൂറോയുടെ മൂല്യത്തിലും ഇടിവ് സംഭവിക്കും.

ഇത് യൂറോപ്പിലേക്കുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവയുടെ വിപണിയെയും ഇത് സാരമായി ബാധിക്കും.

4. നിക്ഷേപം

യൂറോപ്പിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ബ്രിട്ടന്റെ വിടവാങ്ങല്‍ നിക്ഷേപകരുടെ പിന്മാറ്റത്തിനും ഇടയാക്കും. നിക്ഷേപം പിന്‍വലിച്ച് പലരും സ്വര്‍ണനിക്ഷേപത്തിലേക്ക് ചുവടുമാറ്റും. ഇ യുവിലെ മറ്റ് രാജ്യങ്ങളുമായി ചുവപ്പുനാടയുടെ തടസ്സമില്ലാതെ ഇടപാടു നടത്താമെന്നത് കമ്പനികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഇത് ഇല്ലാകുന്നതോടെ ബ്രിട്ടണില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ പിന്നോട്ട് വലിക്കും.

5. കമ്പനികള്‍

800 ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, മദര്‍സണ്‍ സുമി, എച്ച്‌ സി എല്‍ ടെക്‌നോളജീസ്, എംക്യൂര്‍ ഫാര്‍മ, അപ്പോളോ ടയേഴ്സ് തുടങ്ങിയവയാണ് ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഇന്ത്യന്‍ കമ്പനികള്‍. ‘ബ്രെക്‌സിറ്റ്’ കമ്പനികളുടെ പ്രവര്‍ത്തനത്തെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യന്‍ ഐ ടി മേഖലയിലും ബ്രിട്ടന്റെ വിടവാങ്ങല്‍ പ്രത്യാഘാതങ്ങളുണ്ടാകും. ലണ്ടന്‍ സ്റ്റോക് എക്‌സേഞ്ചില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികളുടെ പുറത്താകലിനും ‘ബ്രക്‌സിറ്റ്’ കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :