ക്രൂഡ് ഓയില്‍ വില കുറയുന്നു

ലണ്ടന്‍| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (12:34 IST)
ലോകത്തിലെ എണ്ണയുത്പാദക രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുമ്പോഴും അവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് കുറവുണ്ടാകാത്തതിനാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകുറയാന്‍ കളമൊരുങ്ങുന്നു.

ഇതിന്റെ സൂചനകള്‍ കാണിച്ചുകൊണ്ട് ബ്രെന്റ് ക്രൂഡ് ഓയിലിന് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. തുടര്‍ച്ചായി ഇത് നാലാം മാസമാണ് ക്രൂഡിന് വില കുറയുന്നത്. ബാരലിന് 103 ഡോളറിന് താഴെയാണ് ബുധനാഴ്ച്ചത്തെ വില.

അതേ സമയം ലോകത്ത് എണ്ണ ഉപയോഗം കുറയുന്നതും എന്നാല്‍ ഉത്പാദനം വര്‍ദ്ധിച്ചതും എണ്ണ വില കുറയാന്‍ ഇടയാക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന ചൈനയില്‍ ഉപയോഗം കുറഞ്ഞതും വില കുറയാന്‍ കാരണമായിട്ടുണ്ട്. ജൂണ്‍ മാസം പകുതി മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ 11 ശതമാനം ഇടിവാണുണ്ടായത്.

അതേസമയം, എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഉത്പാദനം അഞ്ച് മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. രാജ്യാന്തര ഊര്‍ജ ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ജൂലായില്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിനം ഉത്പാദിപ്പിച്ചത് 3 കോടി ബാരല്‍ എണ്ണയാണ്

സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിന്ബിയയില്‍ നിന്ന് എണ്ണ ക്യറ്റുമതി തുടങ്ങിയതും ആശ്വാ‍മായിട്ടുണ്ട്. ഒരു വര്‍ഷമായി സ്തംഭിച്ചു കിടന്നിരുന്ന റാസ് ലനൂഫ് പോര്‍ട്ടില്‍ നിന്നും എണ്ണ ടാങ്കറുമായി ചൊവ്വാഴ്ച്ച കപ്പല്‍ പുറപ്പെട്ടതായാണ് വിവരം.

സപ്തംബര്‍ കരാറിലേക്കുള്ള ബ്രെന്റ് ക്രൂഡിന് വില ബാരലിന് 10 സെന്റ് കുറഞ്ഞ് 102.92 ഡോളര്‍ ആയി. ഒക്ടോബര്‍ കരാറിലേക്കുള്ള ബ്രെന്റ് ക്രൂഡിന് വില 11 സെന്റ് താഴ്ന്ന് 103.78 ഡോളര്‍ നിരക്കിലെത്തി. അമേരിക്കന്‍ വിപണിയില്‍ ക്രൂഡ് ഓയിലിന് വില ബാരലിന് 3 സെന്റ് കുറഞ്ഞ് 97.34 ഡോളര്‍ എന്ന നിലയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :