റമസാൻ മേളയ്ക്കു പിന്നാലെ ഓണം വിപണനമേളയും കൺസ്യൂമർഫെഡ് ഉപേക്ഷിക്കുന്നു

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (09:46 IST)
പണമില്ലാത്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണന മേളയില്‍ നിന്ന് പിന്‍‌വാങ്ങുന്നു. ബാങ്കുകളിൽ നിന്നുള്ള 150 കോടി രൂപ വായ്പയ്ക്കു സർക്കാർ ഗാരന്റി പ്രഖ്യാപിച്ചിട്ടും വായ്പ നൽകാനാവില്ലെന്ന നിലപാട് ജില്ലാ സഹകരണ ബാങ്കുകൾ കർശനമാക്കിയതോടെയാണ് ഓണം മേളയും പ്രതിസന്ധിയിലായത്. നേരത്തെ പണമില്ലാത്തതിന്റെ പേരില്‍ ഓണം വിപണന മേളയും ഉപേക്ഷിച്ചിരുന്നു.

കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലാ ബാങ്കുകളാണ് കണ്‍സ്യൂമര്‍ ഫെഡിനു വായ്പ നിഷേധിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിനു വായ്പ നൽകരുതെന്നു നബാഡിന്റെ വിലക്കുള്ളതിനാലാണ് പല ബാങ്കുകളും വായ്പ നല്‍കാത്തത്. ഇതൊടെ ഓണം മേളയ്ക്കുള്ള 150 കോടി രൂപയുടെ ഭക്ഷ്യസാധനങ്ങൾക്കായി ഇന്നലെ ടെൻഡർ തുറന്നെങ്കിലും പണമില്ലാത്തതിനാൽ പർച്ചേസ് ഓർഡർ നൽകേണ്ടെന്ന നിലപാടിലേക്ക് കണ്‍സ്യൂമര്‍ ഫെഡ് എര്‍ത്തി.

ഓർഡർ നൽകുന്നതിനൊപ്പം കുടിശിക തുകയിൽ ഒരു ഭാഗം കൂടി നൽകാമെന്നു വിതരണക്കാരുമായി ധാരണയുള്ളതിനാൽ പർച്ചേസ് ഓർഡർ നൽകിയാലും ഇവർ വിതരണത്തിനു തയാറാകില്ല. എന്നതാണ് കാരണം. ഓണക്കാലത്തെ വിപണിയിടപെടലിന് 25 കോടി രൂപ സർക്കാർ കൺസ്യൂമർഫെഡിനു വാഗ്ദാനം ചെയ്തതിൽ 15 കോടിയാണു ലഭിച്ചത്. ജീവനക്കാരുടെ ശമ്പളവും ഓണക്കാലത്തെ ആനുകൂല്യങ്ങളും നൽകിക്കഴിഞ്ഞാൽ കൺസ്യൂമർഫെഡിന്റെ സ്വന്തം ഫണ്ടിൽ അവശേഷിക്കുന്നത് 15 കോടി രൂപ.

ഈ തുക സബ്സിഡി നൽകാനേ തികയൂ. വിപണി വിലയെക്കാൾ 20 ശതമാനം വിലക്കിഴിവാണു നൽകേണ്ടത്. സാധനങ്ങൾ വാങ്ങാനുള്ള പണമാണു കണ്ടെത്താനുള്ളത്. കോടികളാണു കുടിശികയിനത്തിൽ വിതരണക്കാർക്കു നൽകാനുള്ളത്. അതിനിടെ കൊല്ലം ജില്ലാ സഹകരണബാങ്ക് കൺസ്യൂമർഫെഡിനു വായ്പ നൽകുന്നതിനെതിരെ ബാങ്ക് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :