തിരിച്ചടികള്‍ മറി കടക്കാന്‍ ചൈന സ്വന്തം നാണയത്തിന്റെ മൂല്യം കുറച്ചു

ബെയ്‌ജിംഗ്| JOYS JOY| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (10:17 IST)
സാമ്പത്തിക തിരിച്ചടികള്‍ മറി കടക്കാന്‍ സ്വന്തം നാണയമായ യുവാനിന്റെ മൂല്യം കുറച്ചു.
നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും കയറ്റുമതിയിലെ ഗണ്യമായ കുറവുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്.

വിനിമയ മൂല്യം 1.9 ശതമാനമാണ് കുറച്ചത്. ഇതോടെ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ആണ് ചൈനയുടെ സ്വന്തം നാണയമായ യുവാന്‍ വീണത്. ഇതോടെ, ഒരു ഡോളറിന് 6.2298 യുവാന്‍ എന്നതാണ് വിപണിമൂല്യം.

ഔദ്യോഗിക - വിപണി നിരക്കുകള്‍ ഏകീകരിച്ച് 1994ല്‍ നടത്തിയ മൂല്യം കുറക്കലിനു ശേഷം ആദ്യമായാണ് ചൈന യുവാന് മൂല്യം കുറച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയിലും വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. 0.2 ശതമാനമാണ് ഡോളറിന്റെ മൂല്യം ഉയര്‍ന്നത്.

ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ള്യുവിന്റെ ഓഹരി 2.7 ശതമാനവും ആഡംബര ഉല്‍പന്ന കമ്പനികളായ സ്വാച്ച്, എല്‍ വി എം എച്ച് എന്നിവയുടെത് മൂന്നു ശതമാനത്തിലേറെയും താഴ്ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :