പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ആൻമരിയ കലിപ്പിലാണ്, ഇവളാണ് താരം

ആൻമരിയ കലിപ്പിലാണ്, പക്ഷേ പ്രേക്ഷകർക്ക് കലിപ്പുണ്ടാകില്ല

aparna shaji| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (17:44 IST)
ആദ്യ എട്ടു നിലയിൽ പൊട്ടിച്ച് അതിലൂടെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ എന്ന ഖ്യാതി ഒരു പക്ഷേ മിഥുൻ മാനുവൽ മാത്രമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ആട് ഒരു ഭീകരജീവിയാണ് ആർക്കും മറക്കാൻ കഴിയില്ല. ജയസൂര്യയെന്ന നടനേക്കാളും ആരാധകരുണ്ടാകും ഒരു പക്ഷേ അദ്ദേഹം ചെയ്ത ഷാജി പാപ്പന്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമ നിർണായകമാണ്. എന്നാൽ അതിനേക്കാ‌ൾ നിർണായകമാണ് രണ്ടാമത്തെ സിനിമ. കാരണം സംവിധായകൻ ഏത് രീതിയിലാണ് സിനിമയെ സമീപിക്കുന്നതെന്ന് വ്യക്തമാകുന്നത് രണ്ടാമത്തെ ചിത്രത്തിലൂടെയാണ്.

ഒരു മിഥുൻ മാനുവൽ ചിത്രം എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും. 'ആടിനെ' പ്രേക്ഷകർക്ക് നൽകിയ സംവിധായകന് ഒരിക്കലും തെറ്റില്ല എന്ന് വിശ്വസിക്കാനായിരുന്നു ആരാധകർക്ക് ഇഷ്ടം. ആ വിശ്വാസത്തിന് വില കൽപ്പിക്കുന്ന സിനിമയാണ് ആൻ മരിയ കലിപ്പിലാണ് എന്ന് ധൈര്യപൂർവ്വം പറയാം. മുടക്കുന്ന പണത്തിന് അതിന്റെ ഫീൽ തരുന്നൊരു സിനിമ. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത നല്ലൊരു സിനിമ.

അണുകുടുംബത്തിലെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. കുട്ടികൾ അനുകരിച്ച് തുടങ്ങുന്നത് വീട്ടിൽ മാതാപിതാക്കൾ കാണിക്കുന്നതെന്തോ അതാണ്. അതിലെ ശരിയും തെറ്റും അവർക്ക് മനസ്സിലാകണമെന്നില്ല. അത്തരത്തിൽ
മാതാപിതാക്കളുടെ പ്രവൃത്തികളും സംഭാഷണങ്ങൾ ഏതെല്ലാം രീതിയില്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് കാണിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. എല്ലാ രീതിയിലും തൃപ്തികരമായ സിനിമ, അതാണിത്.

127മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ആൻമരിയയുടെ കഥയാണ്. സിറിയയിൽ ഡോക്ടറായി ജോലി ചെയ്യുന്ന റോയ് മാത്യു, നാട്ടിലെ ഡോക്ടറായ ട്രീസ ദമ്പതികളുടെ മകളായ ആൻമരിയ (സാറ അർജ്ജുൻ) നാലാം ക്ലാസിൽ പഠിക്കുന്നു. ഒരിക്കൽ സ്കൂളിൽ വച്ച്, ആൻമരിയയുടെ ഫിസിക്കൽ ട്രെയിനിംഗ് അധ്യാപകൻ ഉൾപ്പെട്ട ഒരു വിഷയത്തിൽ, അസ്വാഭാവികമായ ചില കാര്യങ്ങ‌ൾ അവളുടെ ശ്രദ്ധയിൽ പെടുവാനിടയുണ്ടായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുകയാണ് സിനിമയുടെ ഇതിവൃത്തം.

വീട്ടിലും സ്‌കൂളിലും ആന്‍മരിയ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നതെങ്കിൽ കുടുംബ ബന്ധങ്ങൾക്കും നായകനും പ്രാധാന്യം നൽകിയാണ് രണ്ടാം പകുതി അവസാനിക്കുന്നത്. പ്രതീക്ഷകൾക്കൊത്ത് ഉയർന്നു തന്നെയാണ് ക്ലൈമാക്സും. എങ്കിലും ക്ലൈമാക്സ് മാത്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. പക്ഷേ ക്ലൈമാക്സിനും ഒരു പ്രത്യേക ഫീൽ ലഭിക്കുന്നുണ്ട്.

കുറച്ച് ഗുണ്ടായിസവുമായി തരക്കേടില്ലാത്ത രീതിയിൽ നടക്കുന്ന ഒരു വാടക ഗുണ്ടയുടെ (സണ്ണി വെയ്ൻ) സഹായം മരിയക്ക് തേടേണ്ടി വരുന്നതാണ് ട്വിസ്റ്റ്. കൂടെ അയാളുടെ കൂട്ടുകാരനും (അജു വർഗ്ഗീസ്) ഉണ്ട്. തുടർന്ന് ഇരുവരുടെയും ലൈഫിലുണ്ടാകുന്ന മാറ്റങ്ങളും സംഭവവികാസങ്ങളും വളരെ മനോഹരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടും ബോറടിപ്പിക്കാത്ത രീതിയിൽ എന്നു തന്നെ പറയാം. കഥയെ പൊട്ടിച്ചിരിയുടെ മാലപ്പടക്കമാക്കാൻ ഇടയ്ക്ക് വെച്ച് ഒരാൾ കൂടെ കടന്നു വരുന്നുണ്ട്. മറ്റാരുമല്ല സിദ്ദിഖ് തന്നെ. മികച്ച പ്രകടനം തന്നെയാണ് സിദ്ദിഖ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകർക്ക് ഒരു സർപ്രൈസും നൽകുന്നതാണീ സിനിമ. സർപ്രൈസ് ആരാണെന്ന് മനസ്സിലാകുമെങ്കിലും എന്തായിരിക്കും റോൾ എന്ന് സിനിമ കണ്ടാലേ തിരിച്ചറിയുകയുള്ളു. കാരണം അത്രക്ക് പവർഫുൾ ആണ് ആ താരം. എല്ലാ ആളുകളിലും അവരുടെ ജീവിതത്തിലും
ഒരു മാലാഖയുടെ ഇടപെടൽ ഉണ്ടാകും. അത് ഏത് രീതിയിലുമാകം. അത്തരം ഒരു മാലാഖയായിട്ടാണ് ആ ഗസ്റ്റ് റോൾ കഥാപാത്രം എത്തുന്നത്.

കാക്കാടന്‍ മല എന്ന പേരിലുള്ള സ്ഥലത്തിന്റെ ദൃശ്യമുള്‍പ്പെടെ ആദ്യരംഗം മുതല്‍ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു എന്നു തന്നെ പറയാം. ഓരോ സീനികൾക്കും ആവശ്യമായ സംഗീതം മാത്രം. ഒന്നും കുത്തിതിരുകി കയറ്റിയിട്ടില്ല. എങ്കിലും ഇടയ്ക്ക് ചിലപ്പോൾ തോന്നും ഒരു കോമഡിക്ക് സ്കോപ്പ് ഉണ്ടായിരുന്ന സീൻ ആയിരുന്നല്ലോ എന്നിട്ടും അത് കണ്ടില്ലല്ലോ എന്ന്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ഫാമിലി ചിത്രം. കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ കഴിവുള്ളൊരു സിനിമ. സിനിമയുടെ പേരു പോലെ ആൻ‌മരിയ കലിപ്പിൽ തന്നെയാണ്. എന്നാൽ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർ കലിപ്പിലാകേണ്ടി വരില്ല. അക്കാര്യത്തിൽ ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :