സെന്‍സെക്സ് 356 പോയിന്‍റ് ലാഭം

മുംബൈ| WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2008 (17:13 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മികച്ച തുടക്കം കുറിച്ച മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വൈകിട്ട് ക്ലോസിംഗ് സമയത്ത് 355.73 പോയിന്‍റ് അഥവാ 2.22 ശതമാനം ലാഭത്തില്‍ 16,371.29 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 111.75 പോയിന്‍റ് അഥവാ 2.31 ശതമാനം ലാഭത്തില്‍ 4942.00 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേളയില്‍ നിഫ്റ്റി 4,980.70 വരെ ഉയര്‍ന്നിരുന്നു.

ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഉയര്‍ച്ച ഏഷ്യന്‍ ഓഹരി വിപണികളില്‍ പ്രതിഫലിച്ചത് ആഭ്യന്തര ഓഹരി വിപണിയിലും ദൃശ്യമായതായാണ് ഓഹരി വൃത്തങ്ങള്‍ പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് മെറ്റല്‍ സൂചിക 5.78 ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് സൂചിക 5.4 ശതമാനവും ഐ.റ്റി സൂചിക 4.98 ശതമാനവും റിയാലിറ്റി സൂചിക 4.36 ശതമാനവും വര്‍ദ്ധിച്ചപ്പോള്‍ പവര്‍ സൂചിക 4.16 ശതമാനം വര്‍ദ്ധന കൈവരിച്ചു.

ടെക്നോളജി സൂചികയാവട്ടെ 3.06 ശതമാനവും ഓയില്‍ സൂചിക 3.02 ശതമാനവും മുന്നേറി. പി.എസ്.യു സൂചികയാവട്ടെ 2.34 ശതമാനം വര്‍ധനയാണ് കൈവരിച്ചത്. ബാങ്കിംഗ് സൂചികയും തരക്കേടില്ലാത്ത മെച്ചം കൈവരിച്ചു.

ബി.എസ്.ഇയില്‍ ടാറ്റാ സ്റ്റീല്‍ 9.5 ശതമാനം വര്‍ദ്ധന കൈവരിച്ച ഒന്നാം സ്ഥാനം നേടി. എല്‍ ആന്‍റ് ടി ഓഹരിയാവട്ടെ 6.2 ശതമാനവും ഇന്‍ഫോസിസ് ടെക്നോളജി 6 ശതമാനവും വിപ്രോ 5.6 ശതമാനവും ഭെല്‍ 5.4 ശതമാനവും എന്‍.റ്റി.പി.സി 3.9 ശതമാനവും വര്‍ദ്ധന കൈവരിച്ചു. റിലയന്‍സ് എനര്‍ജി 3.7 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ സത്യം കമ്പ്യൂട്ടേഴ്സ് 3.4 ശതമാനം ഉയര്‍ന്നു.

എന്നാല്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില 2.3 ശതമാനം ഇടിഞ്ഞു. എച്ച്.ഡി.എഫ്.സി., ഒ.എന്‍.ജി.സി, ടാറ്റാ മോട്ടേഴ്സ് എന്നിവയുടെ ഓഹരി വിലയും ഇടിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :