സെന്‍സെക്സ് ചരിത്രത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ നഷ്ടം.
മുംബൈ|
PRATHAPA CHANDRAN|
വിപണിയില്‍ നിലനിന്ന ഇന്ത്യന്‍ ഓഹരി സ്വപ്നങ്ങള്‍ക്ക് വിലപറഞ്ഞ ദിവസമായിരുന്നു തിങ്കളാഴ്ച. അന്താരാഷ്ട്ര ഓഹരി വിപണിയില്‍ നിലനിന്ന പ്രതിസന്ധി ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സിലെ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ദിവസവുമായി ഇത്.
ആഭ്യന്തര വിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് 1,408.35 പോയന്റ് (7.41%) നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്-ഇത് ഒരു ദിവസം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നഷ്ടമാണ്. ഏറ്റവും വലിയ ഇട ദിവസ തകര്‍ച്ചയ്ക്കും സെന്‍സെക്സ് ഇന്ന് സാക്ഷ്യം വഹിച്ചു-2062.20 പോയന്റുകള്‍. എന്നാല്‍, ശതമാനക്കണക്കില്‍ ഇത് ഏറ്റവും വലിയ അഞ്ചാമത്തെ നഷ്ടമായാണ് കണക്കാക്കുന്നത്.
സെന്‍സെക്സ് ഇട ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയായ 16,963.96 പോയന്റിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞ് 600 പോയന്റിന്റെ തിരിച്ചുവരവ് നടത്തി എന്നതുമാത്രമായിരുന്നു തിങ്കളാഴ്ചത്തെ ഏക ആശ്വാസം. എന്നാല്‍, വിപണിക്ക് കൂടുതലൊന്നും ചെയ്യാനാവാതെ 17, 605 പോയന്റില്‍ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു.
2006 മെയ് 18 ന് 826 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തതാണ് ഇതിനു മുമ്പ് സെന്‍സെക്സ് ചരിത്രത്തില്‍ സംഭവിച്ച ഭീമ നഷ്ടം. ഒക്ടോബര്‍ 17, 2007 ല്‍ 1,744 പോയന്റ് ഇടിഞ്ഞതായിരുന്നു സെന്‍സെക്സ് ചരിത്രത്തില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഭികരമായ ഇടദിവസ തകര്‍ച്ച.
സമാനമായ അവസ്ഥയായിരുന്നു ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും. നിഫ്റ്റി 496.50 പോയന്റ് നഷ്ടത്തില്‍ 5,208.80 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യയിലെ പ്രധാന ഓഹരി വിപണികളിലും തകര്‍ച്ചയുടെ ദിവസമായിരുന്നു ഇത്. ജപ്പാന്റെ നിക്കി 3.9% നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഹോങ്കോങ്ങിലെ ഹാംഗ്സെങ് ഉച്ചയ്ക്ക് ശേഷം 3.5% നഷ്ടത്തിലായിരുന്നു.