“ഞാന്‍ കണ്ട ജര്‍മ്മനി”

അവിനാഷ്

ചെന്നൈ| WEBDUNIA| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2010 (15:52 IST)
PRO
കവികളുടെയും ചിന്തകന്മാരുടെയും ജന്മദേശമായ ജര്‍മ്മനിയിലേക്ക് യൂറോപ്പിലെ പ്രധാന കാര്‍ നിര്‍മ്മാണ കമ്പനിയായ വോക്‍സ്‌വാഗണിന്‍റെ ഔട്ട്‌സ്റ്റാന്‍‌ഡിംഗ് യംഗ് ജേണലിസ്റ്റ് സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി വെബ്‌ദുനിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കഴിഞ്ഞത് എന്‍റെ സ്വപ്ന സൌഭാഗ്യമായി കരുതുന്നു. മറ്റ് പ്രധാന ദേശീയ മാധ്യമങ്ങളായ ടൈം‌സ് നൌ, ബൂമറാംഗ്, യു‌ടി‌വി, എന്‍‌ടിടിവി, സീ ബിസിനസ്സ്, സി‌എന്‍‌ബി‌സി - 18, ടൈംസ് ഓഫ് ഇന്ത്യ, പി‌ടി‌ഐ, പി‌ടി‌ഐ ഭാഷ, ഫിനാന്‍‌ഷ്യല്‍ എക്സ്പ്രസ്സ്, ഡി‌എന്‍‌എ, ദി ഹിന്ദു, ദി വീക്, ബിസിനസ്സ് വേള്‍ഡ്, ബിസിനസ്സ് ഇന്ത്യ, ഇ‌ടി സിഗ് വീല്‍‌സ്, 20:20 മീഡിയ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്ത അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു ഇത്.

ഓഗസ്റ്റ് 29ന് ചെന്നൈയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും മുംബൈയിലെത്തുമ്പോള്‍ മഴയുടെ കുളിര്‍മ്മയാണ് ഞങ്ങളെ എതിരേറ്റത്. 90കളില്‍ ഒരു ജേണലിസ്റ്റായി ഞാന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് മുംബൈയില്‍ നിന്നായിരുന്നു. അതിനാല്‍ തന്നെ അന്തരീക്ഷത്തിന്‍റെ കുളിര്‍മ്മയ്ക്കൊപ്പം എന്‍റെ മനസ്സില്‍ പൂര്‍വ്വകാല സ്മരണകള്‍ ഉണര്‍ന്നു. മഴകാരണം 30ന് പുലര്‍ച്ചെയുള്ള ഫ്ലൈറ്റ് അല്‍പ്പം താമസിച്ചു. തുടര്‍ന്ന് ഒന്‍പത് മണിക്കൂര്‍ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ ജര്‍മ്മനിയുടെ പ്രധാന നഗരമായ ഫ്രാങ്ക്‌ഫുട്ടിലെത്തി. ഡല്‍ഹി വഴിയെത്തിയ മറ്റ് 10 ജേണലിസ്റ്റുകളും ഞങ്ങളോടൊപ്പം ചേര്‍ന്നു.

കുളിര്‍മ്മയേറിയ ഇളംതെന്നല്‍ ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ ഹാനോവറിലേക്ക് പോയി. തുടര്‍ന്ന് ഫോക്‌സ്‌വാഗണിന്റെ ഫാക്‍ടറിയുള്ള വൂള്‍‌ഫ്സ്ബര്‍ഗിലേക്ക് പോയി. കാറുകളുടെ ഒരു മായിക ലോകം തന്നെയാണ് ജര്‍മ്മനി. എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം കാറുകള്‍ മാത്രം. മിക്കവയും വോക്‍സ്‌വാഗണിന്റെ ബ്രാന്‍‌ഡുകള്‍ തന്നെയാണ്. ഏകദേശം 15% മാത്രമേ മറ്റ് ബ്രാന്‍ഡ് കാറുകളുള്ളൂ.

കാര്‍ ഫാക്ടറി വോക്‌സ്‌വാഗണ്‍ കാര്‍ ഫാക്ടറി ആരെയും അതിശയിപ്പിക്കുന്ന ഒന്നുതന്നെ എന്നതില്‍ തെല്ലും സംശയം വേണ്ട. റോബോട്ടുകളുടെ ലോകമാണ് ഫാക്ടറി! 395 ഏക്കറുകളിലായി പരന്നുകിടക്കുന്ന വോക്‌സ്‌വാഗണ്‍ ഇന്‍‌ഡോര്‍ ഫാക്ടറിയില്‍ മുഴുവനായും കാറിന്റെ ഭാഗങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ഓട്ടോമാറ്റിക് യന്ത്രങ്ങളാണുള്ളത്. ഇവിടെ 48,000 പേര്‍ ജോലിചെയ്യുന്നു. പ്രതിദിനം 3,000 ല്‍ അധികം കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നുപറയുമ്പോള്‍ മനസ്സിലാകുമല്ലോ എത്രത്തോളമാണ് ഇതിന്റെ ഉല്‍പ്പാദനക്ഷത എന്നത്!

ഞങ്ങള്‍ കാറുപോലുള്ള ഒരു ചെറു ട്രെയിനില്‍ ഫാക്ടറി മുഴുവന്‍ ചുറ്റിക്കണ്ടു. ഇവിടെ കാറുകളുടെ ഭാഗങ്ങള്‍ ബന്ധിപ്പിക്കുന്നതെല്ലാം റോബോട്ടുകളാണ്. ഇതിനുശേഷം അവസാനവട്ട പരിശോധനയ്ക്കുശേഷം യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ വിതരണ കേന്ദ്രമായ കുന്ദന്‍‌സെന്ററിലേക്ക് ഇവയെ എത്തിക്കും. ഇതിന് 400 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ഗ്ലാസ്സ് നിര്‍മ്മിത ടവറുകളുണ്ട്.

കുന്ദന്‍സെന്ററിനടുത്തായി വോക്‍സ്‌വാഗണിന്റെ തീം പാര്‍ക്കും ‘ഓട്ടോസ്റ്റാഡ്‌ത്” എന്ന മ്യൂസിയവുമുണ്ട്. ഇവിടെ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ യൂറോപ്പിലുണ്ടായ കാര്‍ വിപ്ലവത്തിന്റെ ചരിത്രം കാണിക്കുന്ന വോക്‍സ്‌വാഗണിന്റെ 400 ല്‍‌പ്പരം മോഡല്‍ കാറുകളും മറ്റ് കമ്പനി കാറുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രതിദിനം ഏകദേശം 6,000 ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. വീക്കെന്‍ഡില്‍ ഇത് 55,000 വരും.

അതിനടുത്തായി ടുറേഗ്, ടിഗ്വാന്‍ കാര്‍ മോഡലുകള്‍ ഓടിച്ചുനോക്കുന്നതിന് എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളും പ്രതിനിധാനം ചെയ്യുന്ന ഒരു ടെസ്റ്റ് ട്രാക്ക് ഉണ്ട്. അതായത് ചെളി റോഡുകള്‍ മുതല്‍ തൂക്കുപാലങ്ങള്‍, പടികള്‍, മണല്‍ക്കൂനകള്‍ എന്നിവ വരെ ഇതില്‍ അടങ്ങിയിരിക്കുന്നു. എനിക്ക് ഇതിലൂടെ കാ‍റോടിക്കാന്‍ ഒരവസരം ലഭിച്ചു. ഈ കാറിന് ക്ലച്ചോ ഗിയറോ ഒന്നുമില്ലാ മാത്രമല്ല് ഇത് പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കാണ്. ഓടിക്കാന്‍ വളരെ എളുപ്പവും. എനിക്ക് ഈ ഇടത് സ്റ്റിയറിംഗ് കാര്‍ ഓടിക്കുന്നതില്‍ ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. അതിനാല്‍ത്തന്നെ ആസ്വാദ്യകരമായിരുന്നു ഈ ടെസ്റ്റ് ഡ്രൈവ്.

ഈ അഞ്ചുദിവസത്തെ ടൂറിനിടയില്‍ “ബുന്ദെസ്റ്റാഗ്” എന്ന ജര്‍മ്മനിയുടെ ഫെഡറല്‍ പാര്‍ലമെന്റ് ടി വി ടവര്‍, ബ്രാന്‍‌ഡെന്‍‌ഗര്‍ഗ് ഗേറ്റ് എന്നിവ ഞങ്ങള്‍ സന്ദര്‍ശിച്ചു. ബുന്ദെസ്റ്റാഗ് ഒരു നിര്‍മ്മാണാത്ഭുതം തന്നെയാണ്. സൂര്യപ്രകാശം നേരിട്ട് പാര്‍ലമെന്റിന് വെളിച്ചം നല്‍കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

PRO
ടി വി ടവര്‍ 368 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ്. ഇതില്‍ ഒരു റെസ്റ്റോറന്റുമുണ്ട്. കൂടാതെ ബെര്‍ലിന്‍ നഗരത്തെ പൂര്‍ണ്ണമായി(ബെര്‍ലിന്‍ 360!) കാണാനും കഴിയും. ഇതാണ് ബെര്‍‌ലിനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ “ഫെര്‍‌ണ്‍സെട്ടം”. ഇവ കൂടാതെ ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസ്സി, ജര്‍മ്മന്‍ ജേണലിസ്റ്റ് ഫെഡറേഷന്‍, പ്രധാന പത്രമായ ഫ്രാങ്ക്‌ഫുട്ടെര്‍ അല്‍‌ഗെമിന്‍, പ്രധാ‍ന ടി‌വി സ്റ്റേഷന്‍ ഡോയ്ച് വെല്ലെ,1933-1945 കാലഘട്ടത്തില്‍ നാസികള്‍ കൊന്നൊടുക്കിയ ആയിരക്കണക്കിന് ജൂതന്മാരുടെ സ്മരണസ്ഥലമായ ഹോളോകോസ്റ്റ് മെമ്മോറിയലും സന്ദര്‍ശിച്ചു.

ജര്‍മ്മനിയുടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ റോഡുകളാണ്. വളരെ മികച്ചരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡുകളാണിവ. സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക റോഡുകളുണ്ട്. മികച്ച പരിസ്ഥിതിയ്ക്കായി കൂടുതല്‍ ആളുകളും സൈക്കിളാണ് ഉപയോഗിക്കുന്നത്. കൂടാതെ നാല്-വരി, ആറ്-വരി ബ്രോഡ് വേകളും ഉള്ള പച്ചപ്പുനിറഞ്ഞ ജര്‍മ്മനി ആരെയും ആകര്‍ഷിക്കും. ഏത് സാധനവും നമുക്ക് തെരുവീഥികളില്‍ നിന്നും വാങ്ങാന്‍ കഴിയും. ജര്‍മ്മന്‍‌കാര്‍ വളരെ സ്നേഹവും സഹകരണവുമുള്ള ആളുകളാണ്.

അവസാനം മനസ്സുനിറയെ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുമായി ടിഗല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാങ്ക്‌ഫുട്ട് വഴി ചെന്നൈയിലേക്ക് പറന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :