കുഞ്ഞന്‍ കാറുകളുടെ ഗോള്‍ഡന്‍ ഇയര്‍ 2010

WEBDUNIA|
PRO
PRO
ലോകത്ത് ഏറ്റവും കൂടുതല്‍ മോഡല്‍ കാറുകള്‍ ഇറങ്ങുന്നതും വില്‍പ്പന നടക്കുന്നതും ഇന്ത്യയിലാണ്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം കാറിന്റെ മുന്നേറ്റമാണ് കാണാനായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയതോടെ വിവിധ കാര്‍ കമ്പനികള്‍ രാജ്യത്ത് തമ്പടിക്കാന്‍ തുടങ്ങി. ലോകത്തെ ഒട്ടുമിക്ക കമ്പനികളും ഇന്ത്യയില്‍ ഇന്ന് പ്ലാന്റ് തുടങ്ങി കഴിഞ്ഞു. കാറുകളെ ഏറെ സ്നേഹിക്കുന്ന ഇന്ത്യക്കാരന്റെ കീശയുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് വിവിധ കമ്പനികള്‍ വന്നുക്കൊണ്ടിരിക്കുന്നു.

ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആണെങ്കില്‍ കാര്‍ വ്യവസായം 30 ശതമാനം മുന്നേറ്റം നടത്തി. സാമ്പത്തിക ശക്തിയായ അമേരിക്കയെയും ജപ്പാനെയും പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

രാജ്യത്ത് ഏറെ ജനപ്രീതി നേടിയ കാറാണ് മാരുതി 800. ഈ വാഹനത്തിന് ഇന്നും വന്‍ ഡിമാന്‍ഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ വലിയ പ്രതീക്ഷകളുമായി രത്തന്‍ ടാറ്റാ നാനോ റോഡിലിറക്കി. എന്നാല്‍, സേവനങ്ങള്‍ കുറഞ്ഞു പോയ കുഞ്ഞന്‍ കാറിനെ ഉപഭോക്താക്കള്‍ തിരിഞ്ഞു നോക്കിയില്ല.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വന്‍ മത്സരമാണ് നടക്കുന്നത്. വളരുന്ന വിപണിയുടെ പ്രാധാന്യം നോക്കുമ്പോള്‍ മുന്‍‌നിര കാര്‍ കമ്പനികള്‍ക്കൊന്നും ഏറെ മുന്നോട്ടു പോകാനാവില്ലെന്ന്‌ അടിവരയിട്ട വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്‌. പതിനാറ് കോടിയുടെ ബ്യൂഗാട്ടി വേറോണ്‍ ഗ്രാന്‍ഡ്‌ സ്പോര്‍ട്ട്‌ ഇന്ത്യയിലെത്തി. എന്നാല്‍, ഇവിടത്തുക്കാര്‍ക്ക് ഇഷ്ടം ചെറുകാറുകളാണ്.

എങ്കിലും ആസ്റ്റണ്‍ മാര്‍ട്ടിനും പ്യൂഷോ സിട്രോണും സ്പൈക്കറുമൊക്കെ ഇങ്ങോട്ടുള്ള വഴി തേടുകയാണ്‌. ഇതിനിടെ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ മാരുതി 800ന്റെ വില്‍പ്പന അല്‍പ്പം കുറഞ്ഞു. മറ്റൊരു പ്രമുഖ മോഡല്‍ കാര്‍ അംബാസഡര്‍ മേയില്‍ വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന്റെ പരിഗണനയ്ക്ക്‌ എത്തേണ്ടിവന്നത്‌ നഷ്ടത്തിലാക്കി. സുരക്ഷാ പ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ ചില വാര്‍ത്തകളാണ് നാനോയ്ക്കും ഇടിവുണ്ടാക്കിയത്.

ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ മറ്റു മോഡലുകള്‍ ഷെവര്‍ലെ ബീറ്റ്‌, ഫോര്‍ഡ്‌ ഫിഗോ, മാരുതി സുസുകി എകോ, പുതിയ വാഗണ്‍ ആര്‍, ഫോക്സ്‌ വാഗണ്‍ പോളോ, വെന്റോ എന്നിവയാണ്.

സാമ്പത്തിക മാന്ദ്യം തകര്‍ത്ത ബ്രിട്ടീഷ്‌ കാര്‍ കമ്പനി ജാഗ്വാര്‍-ലാന്‍ഡ്‌ റോവര്‍ ടാറ്റാ ഗ്രൂപ്പ്‌ സ്വന്തമാക്കിയതിലൂടെ ലാഭത്തിലേക്കു കുതിച്ചതും നാം കണ്ടു‌. തകര്‍ന്നു പോയ കൊറിയന്‍ വാഹന കമ്പനിയായ സാങ്ങ്‌യോങ്ങ്‌ മോട്ടോറിനെ മഹീന്ദ്ര ഏറ്റെടുത്തതും ഈ വര്‍ഷത്തെ പ്രധാന വാര്‍ത്തയായി.

ചെറുകാര്‍ വിപണിയില്‍ സജീവമാകാന്‍ നിരവധി കമ്പനികള്‍ രംഗത്ത് വന്നു കഴിഞ്ഞു. ബജാജ്‌ ഓട്ടോ, റെനോ-നിസ്സാന്‍ എന്നീ കമ്പനികള്‍ ചെറുകാര്‍ ഇറക്കാന്‍ റെഡിയായി ഇരിക്കുകയാണ്. ഈ വര്‍ഷം അവസാന ആറു മാസങ്ങളില്‍ വാഹന വില്‍പ്പനയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു.

അതേ, ഇന്ത്യന്‍ കാര്‍ വിപണി പിടിച്ചടക്കാന്‍ പ്രമുഖ കമ്പനികള്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ മാത്രമല്ല വിദേശ കമ്പനികളും സജീവമാകുന്നു. സ്വദേശി - വിദേശി കാര്‍ കമ്പനികള്‍ മിക്കതും അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആയിരക്കണക്കിനു കോടി രൂപയാണ്‌ ഇന്ത്യയില്‍ ചെലവിടുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :