ഹോക്കി ഇന്ത്യയുടെ പ്രഹസനം: സമ്മാനം വേണ്ടെന്ന് ടീമംഗങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഹോക്കി ഇന്ത്യയുടെ പ്രഹസനത്തില്‍ മനം മടുത്ത ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങള്‍ പ്രതികരിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ്‌ കിരീടം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗങ്ങള്‍ക്ക്‌ പ്രഖ്യാപിച്ച സമ്മാനതുക ടീമംഗങ്ങള്‍ നിരസിക്കുകയായിരുന്നു.

വെറും 25000 രൂപ വീതമാണ്‌ ഹോക്കി ഇന്ത്യ ടീമംഗങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ക്രിക്കറ്റ് ടീം വിജയങ്ങള്‍ നേടുമ്പോള്‍ കോടികള്‍ സമ്മാനം നല്‍കുകയും ഹോക്കി ടീം മഹത്തായ വിജയങ്ങള്‍ സൃഷ്ടിച്ചാലും അവഗണനയോടെ കാണുകയും ചെയ്യുന്ന നയത്തിനെതിരെയായിരുന്നു ടീം അംഗങ്ങളുടെ പ്രതിഷേധം. ഈ തുച്ഛമായ തുക തങ്ങള്‍ക്ക് വേണ്ടെന്ന് ടീമംഗങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.

“ഇത്രയും ചെറിയ ഒരു സമ്മാനത്തുക ഞങ്ങള്‍ക്ക് തരുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് നമ്മുടെ ദേശീയ ഗെയിമാണെന്ന് ഓര്‍ക്കണം. ഇത്തരം പ്രവണത തുടര്‍ന്നാല്‍ ഹോക്കിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെത്തുന്ന കുട്ടികള്‍ പോലും ക്രിക്കറ്റ് പോലുള്ള മറ്റ് കളികളിലേക്ക് തിരിയും. ഇന്ത്യന്‍ ഹോക്കി ടീമിന് ഇത്തരം അനുഭവം ഇതാദ്യമല്ല. ഈ രീതിയിലുള്ള ചിറ്റമ്മ നയത്തോട് ഞങ്ങള്‍ പഴകിത്തുടങ്ങിയിരിക്കുന്നു.” - മുതിര്‍ന്ന താരം ഗര്‍ബാസ് സിംഗ് പറഞ്ഞു.

പാകിസ്ഥാനെ ഫൈനലില്‍ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ ടീം ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി കിരീടം സ്വന്തമാക്കിയത്. കൊച്ചി സ്വദേശിയായ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രതിരോധമായിരുന്നു ഇന്ത്യക്ക് കരുത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :