സന്തോഷ് ട്രോഫി: കേരളം സെമിയിലെത്തി

ജലന്ധര്‍| JOYS JOY| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (11:01 IST)
സന്തോഷ് ട്രോഫിയില്‍ കേരളം സെമി ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന മിസോറം - ഗോവ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഇത്. ഇതോടെ ചൊവ്വാഴ്ചത്തെ റെയില്‍വേസുമായുള്ള കേരളത്തിന്റെ മത്സരഫലത്തിന് പ്രസക്തിയില്ലാതായി. കേരളത്തിന്റെ ബി ഗ്രൂപ്പില്‍ നിന്ന് മിസോറം നേരത്തെ സെമിയിലെത്തിയിരുന്നു. എ ഗ്രൂപ്പില്‍ നിന്ന് സര്‍വ്വീസസും സെമിയില്‍ എത്തിയിട്ടുണ്ട്.

അവസാന മത്സരത്തില്‍ ഗോവയും മിസോറവും രണ്ട് ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. നാല് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള മിസോറം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലേക്ക് മുന്നേറിയത്. ഒരു മത്സരം ബാക്കിയുള്ള കേരളം ആറ് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് സെമിബര്‍ത്ത് ഉറപ്പിച്ചത്.

എല്ലാ മത്സരവും പൂര്‍ത്തിയാക്കിയ ഗോവ അഞ്ച് പോയിന്റോടെ പുറത്തായി. മിസോറമിനെതിരായ മത്സരത്തില്‍ മസ്‌കരാനസാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. മിസോറമിന്റെ ഗോളുകള്‍ സീക്കോയും മാല്‍സ്വം തിലയും നേടി.

ഗ്രൂപ്പില്‍ രണ്ടാമതായതോടെ കേരളത്തിന്റെ സെമി മത്സരം ഈമാസം 12 നാണെന്ന് ഉറപ്പായി. സര്‍വീസസ് സെമിയില്‍ എതിരാളികളായി വരാനാണ് സാധ്യത. ഈമാസം 12നും 13നുമായി സെമിഫൈനല്‍ മത്സരങ്ങള്‍ ലുധിയാനയിലാണ് നടക്കുന്നത്. ഫൈനല്‍ ഈമാസം 15ന് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :