ബൌചുങ് ബൂട്ടിയ വിരമിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഇന്ത്യന്‍ ഫുട്ബോള്‍ താരം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട തന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ഏറ്റവും യോജ്യമായ സമയമാണിതെന്ന് ബൂട്ടിയ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

തുടര്‍ച്ചയായ പരുക്കില്‍ നിന്ന് മോചിതനാകാത്തതിനാലാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ബൂട്ടിയ എത്തിയത്. ജനുവരിയില്‍ ഏഷ്യന്‍ കപ്പില്‍ ദക്ഷിണ കൊറിയയ്ക്കെതിരേ നടന്ന മത്സരത്തിന്‍റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റ് പിന്‍‌മാറിയ ബൂട്ടിയ പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ അടുത്ത മാസം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ പങ്കെടുക്കുന്ന ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് വിരമിക്കാനുള്ള തീരുമാനം ബൂട്ടിയ കൈക്കൊണ്ടത്.

പരുക്ക് ഏകദേശം ഭേദമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സിക്കിം യുണൈറ്റഡിനു വേണ്ടി പരിശീലനം നടത്തുമ്പോള്‍ വീണ്ടും പരുക്കേറ്റത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് മാത്രമല്ല ക്ലബ് മത്സരങ്ങളോട് വിടപറയാനും ബൂട്ടിയ തയ്യാറായേക്കുമെന്നാണ് സൂചനകള്‍.

“ഏതൊരു കളിക്കാരനെയും പോലെ ലോകകപ്പ് കളിക്കണമെന്നായിരുന്നു എന്‍റെയും ആഗ്രഹം. എന്നാല്‍ എല്ലാ കാര്യങ്ങളും നമ്മള്‍ കരുതുന്നതുപോലെ വരില്ലല്ലോ. ലോകകപ്പിലേക്ക് യോഗ്യത നേടുമെന്നും എനിക്ക് അത് കാണാനാകുമെന്നുമാണ് എന്‍റെ വിശ്വാസം” - ബൂട്ടിയ പറഞ്ഞു.

34കാരനായ ബൈചുങ് ബൂട്ടിയ 1993ലാണ് തന്‍റെ കരിയര്‍ ആരംഭിച്ചത്. 1995ല്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. അന്താരാഷ്ട്ര തലത്തില്‍ 42 ഗോളുകളും ക്ലബ് തലത്തില്‍ 228 ഗോളുകളും ബൂട്ടിയയുടെ പേരിലുണ്ട്. 1999 മുതല്‍ 2011 ഏഷ്യന്‍ കപ്പ് വരെ ബൂട്ടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :