പുല്‍ക്കോര്‍ട്ടിന് ഇന്നു തീ പിടിക്കും; വിംബിള്‍ഡണ്‍ ഇന്നു മുതല്‍

വിംബിള്‍ഡണ്‍ , ഗ്രാന്റ്സ്ലാം , സെറീന വില്യംസ് , മരിയ ഷറപ്പോവ
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (12:57 IST)
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും പുല്‍ക്കോര്‍ട്ടിലെ അതികായന്‍‌മാര്‍ എന്നും കൊതിക്കുന്നതുമായ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ 129-മത് എഡിഷന് ഇന്നു തുടക്കമാകും. പുൽക്കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്. പുരുഷവിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവയുമാണു നിലവിലെ ജേതാക്കള്‍. മുന്‍നിര താരങ്ങളായ നൊവാക് ജോക്കോവിച്ച്, മരിയ ഷറപ്പോവ, ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റാന്‍ വാവ്റിങ്ക എന്നിവര്‍ കളത്തിലിറങ്ങും.

ഈ വര്‍ഷം നടന്ന ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ സെറീന വില്യംസും മുന്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫെല്‍ നഡാലും പുല്‍ കോര്‍ട്ടിലെ മിന്നും താരങ്ങളാണ്. എന്നാല്‍, കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണു നഡാല്‍ ഇപ്പോള്‍ കടന്നു പോകുന്നത്. എന്നാല്‍ ഏത് നിമിഷവും തിരിച്ചുവരാനുള്ള സ്‌പെയിന്‍ താരത്തിന്റെ മിടുക്ക് എല്ലാ പ്രതീക്ഷകളേയും തെറ്റിക്കുന്നതാണ്.

ഫ്രഞ്ച് ഓപ്പണിലെ പരാജയം മറന്ന് 2011ലെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് എത്തുന്നത്. എന്നാല്‍, പുല്‍ക്കോര്‍ട്ടിലെ ഇതിഹാസം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ വലിയ ഒരു റിക്കാര്‍ഡിന്റെ സമീപത്താണ്. എട്ടാം വിംബിള്‍ഡണ്‍ കിരീടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :