ഓസ്‌കര്‍ പിസ്റ്റോറിയസ് - ട്രാക്കിലെ വിസ്മയത്തില്‍ നിന്നും പ്രണയദിനത്തിലെ കൊലയാളിയിലേക്ക്

ഇരുകാലുകളുമില്ലാത്ത ഓസ്‌കര്‍ പിസ്റ്റോറിയസ് കൃത്രിമ കാലുകളുടെ മാത്രം സഹായത്താല്‍ ട്രാക്കില്‍ കുതിച്ചു പായുന്നു.

ജോഹന്നാസ്‌ബെര്‍ഗ്‌| priyanka| Last Modified ബുധന്‍, 6 ജൂലൈ 2016 (15:38 IST)
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ ഓട്ടവും 4*400 മീറ്റര്‍ റിലേ മത്സരവും നടക്കുമ്പോള്‍ ലോകം വിസ്മയകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇരുകാലുകളുമില്ലാത്ത ഓസ്‌കര്‍ പിസ്റ്റോറിയസ് കൃത്രിമ കാലുകളുടെ മാത്രം സഹായത്താല്‍ ട്രാക്കില്‍ കുതിച്ചു പായുന്നു. അംഗപരിമിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആ കാഴ്ച പുത്തന്‍ ഉണര്‍വ് നല്‍കി. പിന്നീട് കൃത്യം ഒരു വര്‍ഷത്തിനപ്പുറം ആ പേര് ലോകത്തെ വീണ്ടും ഞെട്ടിച്ചു. 2013 ലെ വാലന്റൈന്‍ ദിനത്തില്‍ കാമുകി റിവ സ്റ്റീന്‍ കാംപിനെ കൊലപ്പെടുത്തി ബ്ലേഡ് റണ്ണര്‍ കൊലപാതകിയായി മാറി.

ഫൈബര്‍ ഹെമിമീലിയ എന്ന രോഗത്തോടെയാണ് 1986 നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയില്‍ പിസ്റ്റോറിയസ് ജനിച്ചത്. രോഗം കാരണം വെറും പതിനൊന്ന് മാസം പ്രായമുള്ളപ്പോള്‍ ഇരു കാലുകളും മുറിച്ച് മാറ്റി. പതിനൊന്നാം വയസില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ച പിസ്റ്റോറിയസ് കഠിന പരിശീലനത്തിലൂടെ കായികലോകത്തെ വിസ്മയമായി. കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ടുള്ള ബ്ലേഡുകള്‍ ഘടിപ്പിച്ച പിസ്റ്റോറിയസിനെ ലോകം ബ്ലേഡ് റണ്ണര്‍ എന്ന് വിളിച്ച് അഭിനന്ദിച്ചു. ആത്മവിശ്വാസവും കഠിന പ്രയത്‌നവുമുണ്ടെങ്കില്‍ തരണം ചെയ്യാനാവാത്ത പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ലെന്ന് പിസ്റ്റോറിയസ് ട്രാക്കില്‍ നിന്നും ലോകത്തോട് പറയാതെ പറഞ്ഞു. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പാരാലിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ പിസ്റ്റോറിയസിന് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്താനുള്ള അനുമതി ലഭിച്ചത്.

അര്‍ദ്ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ച പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കോടതി അഞ്ച് വര്‍ഷം തടവിന് വിധിച്ചു. വിചാരണവേളയില്‍ കൃത്രിമകാലുകള്‍ അഴിച്ചുമാറ്റി കോടതിയ്ക്ക് മുമ്പാകെ കൊലപാതകം പിസ്റ്റോറിയസ് പുനരാവിഷ്‌കരിച്ചപ്പോള്‍ ലണ്ടന്‍ ഒളിമ്പിക് ട്രാക്കില്‍ കണ്ട അതേ വിസ്മയത്തോടെ ലോകം ആ കാഴ്ച കണ്ടു.

പരോളിലിറങ്ങിയശേഷം തനിക്ക് ജയിലിലേക്ക് തിരികെ പോകേണ്ടെന്ന് പറഞ്ഞ് വിതുമ്പിയ പിസ്റ്റോറിയസ് കാമുകി തന്റെ ജയില്‍വാസം ഇഷ്ടപ്പെടുന്നില്ലെന്നും ശേഷിക്കുന്നജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കണമെന്നും പറഞ്ഞു. മകളുടെ കൊലപാതകിയ്ക്ക് ശിക്ഷ കുറഞ്ഞുപോയെന്ന് പറഞ്ഞ് റീവയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലില്‍ വിധി വന്നിരിക്കുന്നു. അഞ്ച് വര്‍ഷം എന്ന ശിക്ഷ ആറ് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. അറിഞ്ഞോ അറിയാതെയോ ഒരു നിമിഷത്തില്‍ സംഭവിച്ച് കൈപ്പിഴ ഇല്ലാതാക്കിയത് ഭൂമിയിലെ ജീവിക്കുന്ന ഒരു അത്ഭുതത്തെ.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :