മെല്‍ബണ്‍ ചൂടുപിടിച്ചു; ഹൈവോള്‍ട്ടേജ് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

    നൊവാക് ജോക്കോവിച്ച് , റോജര്‍ ഫെഡറര്‍ , ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ , സാനിയ
മെല്‍ബണ്‍| jibin| Last Modified വ്യാഴം, 28 ജനുവരി 2016 (10:39 IST)
വീണ്ടുമൊരു ക്ലാസിക് പോരാട്ടംകൂടി. സ്വിസ് താരം റോജര്‍ ഫെഡററും സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഹൈവോള്‍ട്ടേജ് പോരാട്ടമാണ് റോഡ് ലേവര്‍ അറീനയില്‍ നടക്കുക. മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഫെഡററും ജോക്കോവിച്ചും ഇതുവരെ 44 തവണ ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ 22 വീതം ജയങ്ങള്‍ ഇരുവര്‍ക്കുമൊപ്പം നിന്നു. സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ബിയന്‍ താരത്തിലാണ് എല്ലാവരും പ്രതീക്ഷ വെക്കുന്നത്.
അതേസമയം, 34കാരനായ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കേണ്ടതിന്റെ ബാധ്യത ഫെഡറര്‍ക്കുണ്ട്.

ഫെഡറര്‍ക്കെതിരെ ഏത് റൗണ്ടില്‍ പോരാടിയാലും ഫൈനലിന് തുല്യമാണെന്നാണ് ജോക്കോവിച്ചിന്റെ പ്രതികരണം. കടുത്ത ടെന്‍ഷനോടെയാണ് ഫെഡറര്‍ക്കെതിരെ കളത്തിലിറങ്ങുക. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന് കിരീടനേട്ടത്തോടെ ആറു തവണ ചാമ്പ്യനായിട്ടുള്ള ബോറിസ് ബെക്കറുടെ പട്ടികയില്‍ ഇടംപിടിക്കാനുള്ള അവസരമാണ്.

മറ്റൊരു സെമിയില്‍ ബ്രിട്ടന്‍ താരം ആന്‍ഡി മറെയും മോണ്ടിനെഗ്രോ താരം മിലോ റവോനിച്ചും ഏറ്റുമുട്ടും. വനിതാ സിംഗ്ള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കെയെ തോല്‍പിച്ച് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ സെമിയില്‍ പ്രവേശിച്ചു (സ്കോര്‍: 6-3, 7-5). സെമിയില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോന്‍ഡയായിരിക്കും കെര്‍ബറുടെ എതിരാളി. മറ്റൊരു സെമിയില്‍ യു.എസ് താരം സെറീന വില്യംസ് അഗ്നിയേസ്ക റഡ്വാന്‍സ്കയെ നേരിടും. സെമി പോരാട്ടം ഇന്ന് നടക്കും.


ഡബിള്‍‌സില്‍ ഇന്ത്യയുടെ മിര്‍സ- സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു.
ഫൈനലില്‍ ചെക് റിപ്പബ്ളിക് സഖ്യമായ ആന്‍ഡ്രിയ ലവക്കോവ-ലൂസി റഡേക്ക സഖ്യത്തെ നേരിടും. മിക്സഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് സാനിയയും ഹിംഗിസും ഏറ്റുമുട്ടും. ഇന്ത്യയുടെ ലിയാണ്ടര്‍ പേസാണ് ഹിംഗിസിന് കൂട്ടെങ്കില്‍ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗാണ് സാനിയക്ക് കൂട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :