നര്‍സിങ്ങ് യാദവിന് പിന്നാലെ ഇന്ത്യയുടെ ഷോട്ട് പുട്ട് താരം ഇന്ദ്രജീത് സിങ്ങും മരുന്നടിക്ക് പിടിയില്‍

റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിലെ ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത് സിങ്ങ് മരുന്നടിക്ക് പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

newdelhi, rio olympics, narsing yadav, indrajeeth sing ന്യൂഡല്‍ഹി, റിയോ ഒളിമ്പിക്‌സ്, നര്‍സിങ്ങ് യാദവ്, ഇന്ദ്രജീത് സിങ്ങ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 26 ജൂലൈ 2016 (10:25 IST)
റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിലെ ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത് സിങ്ങ് മരുന്നടിക്ക് പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുസ്തി താരം നര്‍സിങ്ങ് യാദവിന് പിന്നാലെയാണ് ഇന്ദര്‍ജീത് സിങ്ങ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ ജൂണ്‍ 22ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളിലാണ് നിരോധിത ഉത്തേജകത്തിന്റെ സാന്നിദ്ധ്യം വ്യക്തമാക്കപ്പെട്ടത്. ശേഖരിച്ച ‘എ’ സാമ്പിളില്‍ നിരോധിത മരുന്നായ സ്റ്റിറോയിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിശദമായ പരിശോധനക്കായി സിങ്ങിനോട് ബി സാമ്പിള്‍ നല്‍കാന്‍ നാഡ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളില്‍ ബി സാമ്പിള്‍ പരിശോധനക്കായി നല്‍കണം. ഈ പരിശോധനയിലും പരാജയപ്പെട്ടാല്‍ ഒളിമ്പിക്‌സില്‍ നിന്നും സിങ്ങ് പുറത്താകുകയും ചെയ്യും.

ഇന്ത്യയില്‍ നിന്ന റിയോയിലേക്ക് യോഗ്യത നേടിയ ആദ്യ അത്‌ലറ്റായിരുന്നു ഇരുപത്തിയെട്ടുകാരനായ ഇന്ദര്‍ജീത്.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവാണ് ഇന്ദര്‍ജീത്. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സിലും മെഡല്‍ നേടിയിട്ടുള്ള താരമാണ് സിങ്ങ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :