ഹോക്കിക്ക് ജീവനേകാന്‍ : ഹോക്കി ലീഗിന് ഇന്ന് തുടക്കം

ഹോക്കി ഇന്ത്യ ലീഗ് , ഹോക്കി
ഭുവനേശ്വര്‍| jibin| Last Modified വ്യാഴം, 22 ജനുവരി 2015 (10:29 IST)
ക്രിക്കറ്റിന്റെ നാട്ടില്‍ കാല്‍പന്തുകളി തീര്‍ത്ത ആരവത്തിന്റെ അലയൊലികള്‍ അവസാനിച്ച നിമിഷം തന്നെ ഹോക്കി ഇന്ത്യ ലീഗും എത്തുന്നു. ക്രിക്കറ്റ് മതവും സച്ചിന്‍ തെന്‍ഡുല്‍ക്കറെ ദൈവവുമായി ആരാധിച്ചു വന്നിരുന്ന ഓരോ ഇന്ത്യാക്കാരെന്റെയും മനസിനെ തൊട്ടറിഞ്ഞ് പോയ നിമിഷമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍). ഐഎസ്എല്‍ സമ്മാനിച്ചത് ഇന്ത്യന്‍ ഫുട്ബോളിന് പുതുജീവന്‍ തന്നെയായിരുന്നു. ക്രിക്കറ്റും, ഫുട്ബോളും ഹൃദയങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയതോടെ നമ്മുടെ ദേശിയ കായിക വിനോദമായ ഹോക്കിക്കും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഹോക്കി ഇന്ത്യ ലീഗിലൂടെ കായിക ലോകം പ്രതീക്ഷിക്കുന്നത്.

ആറ് ടീമുകളാണ് മൂന്നാം സീസണില്‍ അണി നിരക്കുന്നത്. ഡല്‍ഹി വേവ്റൈഡേഴ്‌സ്, കലിംഗ ലാന്‍സേഴ്‌, ദബാംഗ് മുംബൈ,
പഞ്ചാബ് വാരിയേഴ്‌സ്, റാഞ്ചി റായിസ്, ഉത്തര്‍പ്രദേശ് വിസാര്‍ഡ്‌സ് എന്നീ ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. ആറ് ഫ്രാഞ്ചൈസികളാണ് ഈ ടീമുകളെ അണി നിരത്തുന്നത്. ഫൈനല്‍ ഉള്‍പ്പെടെ 34 മത്സരങ്ങളാണ് ലീഗില്‍ നടക്കുക. ഉദ്ഘാടന മത്സരത്തിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയാകുമ്പോള്‍ ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്റ്റേഡിയത്തിലാകും ഫൈനല്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആതിഥേയരായ കലിംഗ ലാന്‍സേഴ്‌സും, ലീഗിലെ അരങ്ങേറ്റക്കാരായ റാഞ്ചി റേയ്‌സും തമ്മിലാണ് ഹോക്കി ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരം. ഫെബ്രുവരി 22നാണ് ഫൈനല്‍ നടക്കുക. ഇന്ത്യന്‍ ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷ് ഉത്തര്‍പ്രദേശ് വിസാര്‍ഡിന് വേണ്ടിയാണ് ടൂര്‍ണമെന്‍റില്‍ കളിക്കും.

2012 തുടക്കം കുറിച്ച ലീഗിലെ ആദ്യ സീസണ്‍ നടന്നത് 2013ല്‍ ആയിരുന്നു. റാഞ്ചി റൈനോസ് ആയിരുന്നു പ്രഥമ ചാമ്പ്യന്മാര്‍. രണ്ടാം സീസണില്‍ ഡല്‍ഹി വേവ്റൈഡേഴ്‌സാണ് കിരീടം ചൂടിയത്. എന്നാല്‍ ആദ്യ സീസണില്‍ കാണികളുടെ പങ്കാളിത്തം വളരെ കുറഞ്ഞത് ലീഗിന്റെ മാറ്റ് കുറച്ചെങ്കിലും രണ്ടാം സീസണില്‍ കാണികളുടെ പങ്കാളിത്തത്തില്‍ നേട്ടം കൈവരിച്ചിരുന്നു. ഐഎസ്എല്‍ കുറിച്ച തരംഗം ഹോക്കി ലീഗിലേക്കും പടരുമെന്നാണ് കായിക പ്രമേകളുടെ പ്രതീക്ഷ.

ഹോക്കി ഇന്ത്യ ലീഗില്‍ റാഞ്ചി ഫ്രാഞ്ചൈസിയുടെ സഹ ഉടമസ്ഥാവകാശം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. സഹാറ പരിവാര്‍ ഗ്രൂപ്പിനൊപ്പമാണ് ടീമിനെ ഏറ്റെടുത്തത്. എച്ച്ഐഎല്ലില്‍ ഉത്തര്‍പ്രദേശ് വിസാര്‍ഡിന്റെ ഉടമസ്ഥതയും സഹാറ ഇന്ത്യയുടെ പേരിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :