ഫിഫ തിരഞ്ഞെടുപ്പ്; പോരുമുറുക്കാന്‍ ദക്ഷിണകൊറിയന്‍ വ്യവസായിയും

സോള്‍| VISHNU N L| Last Modified വെള്ളി, 31 ജൂലൈ 2015 (09:58 IST)
സെപ് ബ്ലാറ്റര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവായ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷനായ ഫിഫയുടെ പ്രസിഡന്റ് തലത്തിലേക്ക് മത്സരിക്കാനായി ദക്ഷിണകൊറിയന്‍ വ്യവസായി ചങ് മോങ് ജൂണ്‍ എത്തും. മുന്‍ വൈസ് പ്രസിഡന്റും ലോകത്തെതന്നെ പ്രമുഖ വ്യവസായികളായ ഹ്യൂണ്ടായ് ഗ്രൂപ്പിന്റെ മുഖ്യ ഓഹരി ഉടമയുമാണ് ചങ്‌മോങ്.

അഞ്ചുതവണ ഫിഫ പ്രസിഡന്റായ ബ്ലാറ്റര്‍ നരഭോജിയാണെന്നും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ മിഷേല്‍ പ്ലാറ്റീനി കോമാളിയാണെന്നും അരോപിച്ചുകൊണ്ടാണ് ചങ്മോങ് താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. സ്വതന്ത്രവും സുതാര്യവും സദാചാരപരവും അഴിമതിരഹിതവുമായ ഫുട്‌ബോള്‍ സംഘാടനം മോങ് വാഗ്ദാനം ചെയ്തു. ഇതിനായി ഒരുതവണ-നാലുവര്‍ഷത്തേക്ക്- തന്നെ പ്രസിഡന്റാക്കണമെന്നാണ് ചങ്‌മോങിന്റെ ആവശ്യം.

സെപ്‌ബ്ലാറ്റര്‍ക്കും മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മിഷേല്‍ പ്ലാറ്റീനിയും ഫിഫയ്ക്ക് യാതൊരു സംഭാവനയും നല്‍കില്ലെന്ന് പറഞ്ഞ അദ്ദേഹം യൂറോപ്പിന്റെ നിയന്ത്രണത്തിലല്ലാത്ത ഫിഫ ഭരണം വേണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും ചിങ് മോങ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :