മക്കല്ലത്തിനുവേണ്ടി അവര്‍ കളിച്ചു; ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് വെടിക്കെട്ട് വീരന് കിവികള്‍ യാത്രയയപ്പ് നല്‍കി

ബ്രണ്ടന്‍ മക്കല്ലം , ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ഏകദിനം , സ്‌റ്റീവ് സ്‌മിത്ത്
ഹാമില്‍ട്ടണ്‍| jibin| Last Updated: തിങ്കള്‍, 8 ഫെബ്രുവരി 2016 (17:56 IST)
വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലം ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് പരമ്പര സ്വന്തമാക്കിയ ശേഷമാണ് കിവികള്‍ തങ്ങളുടെ പ്രീയതാരത്തിന് യാത്രയയ‌പ്പ് നല്‍കിയത്. മൂന്നാം മത്സരത്തില്‍ ഓസീസിനെ 55 റണ്‍സിനു കിവീസ് കെട്ടുകെട്ടിച്ചു. സ്കോര്‍ ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 246. ഓസ്ട്രേലിയ 43.4 ഓവറില്‍ 191. മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 2-1ന് സ്വന്തമാക്കി.

27 പന്തില്‍ നേടിയ 47 റണ്‍സാണ് മക്കല്ലത്തിന്റെ അവസാന സ്‌കോര്‍. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് അദ്ദേഹം ഈ സ്‌കോര്‍ കണ്ടെത്തിയത്. ടോസ് നഷ്‌‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് മാര്‍ട്ടില്‍ ഗപ്‌റ്റിലിന്റെയും (59) ഗ്രാന്‍ഡ് എലിയട്ടിന്റെയും (50) പ്രകടനത്തിന്റെ മികവിലാണ് 45.3 ഓവറില്‍ 246 റണ്‍സ് കണ്ടെത്തിയത്.

ചെറിയ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്കായി ജയിക്കാനുള്ള ഒരു ഇന്നിംഗ്‌സും ആരും പുറത്തെടുത്തില്ല. ക്യാപ്റ്റന്‍ സ്‌റ്റീവ് സ്മിത്ത് (21), ജോര്‍ജ് ബെയ്ലി (33) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. മിച്ചല്‍ മാര്‍ഷ് (41) ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തത് മഞ്ഞപ്പടയെ തോല്‍‌വിയിലേക്ക് നയിക്കുകയായിരുന്നു.

.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :