കോമൺവെൽത്ത് ഗെയിംസിനെത്തിയ കാമറൂണിന്റെ എട്ട് അത്‌ലറ്റുകളെ ഗോൾഡ് കോസ്റ്റിൽ നിന്നും കാണാതായി

മികച്ച ജീവിതമാർഗ്ഗം തേടി അത്‌ലറ്റുകൾ ഒളിച്ചോടിയതെന്ന് സംശയം

Sumeesh| Last Modified ബുധന്‍, 11 ഏപ്രില്‍ 2018 (18:44 IST)
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനെത്തിയ എട്ട് മത്സരാർത്ഥികളെ കാണാനില്ല. കാമറൂൺ അത്‌ലറ്റുകളെയാണ് ഗെയിംസ് വില്ലേജിൽ നിന്നും കാണാതായിരിക്കുന്നത്. 24 പേരടങ്ങുന്ന സംഘത്തിൽ നിന്നും അഞ്ച് ബോക്സർമാരെയും മുന്നു വെയ്റ്റ് ലിഫ്റ്റേഴ്സിനെയുമാണ് കാണാതായത് എന്ന് ടീ അധികൃതർ അറിയിച്ചു.

മൂന്നു തവണയായാണ് ഇവരെ കാണാതാവുന്നത്. ഏപ്രിൽ എട്ട് മുതൽ പത്തു വരെ തീയതി കളിലാണ് ഓരോരുത്തരേയായി ഗെയിംസ് വില്ലേജ് വിട്ടത്. കാണാതായവരിൽ രണ്ട് പേർ മത്സരങ്ങളിൽ പങ്കെടുത്തിട്ടുപോലുമില്ല.

പോയവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് ടീം ഉപസ്ഥാനപതി സൈമണ്‍ മലമ്പെ വ്യക്തമാക്കി. രാത്രി മറ്റുള്ളവർ അറിയാതെയാണ് ഇവർ ഗെയിംസ് വില്ലേജിൽ നിന്നും കടന്നത്. അത്‌ലറ്റുകളെ കാണാതായ വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ടീം അധികൃതർ വ്യക്തമാക്കി.

മെയ് 15 നാണ് അത്‌ലറ്റുകളുടെ വിസ കാലാവധി അവസാനിക്കുക. അതുവരെ മാത്രമെ അത്‌ലറ്റുകൾക്ക് ഓസ്ട്രേലിയയിൽ നിയമപരമായി തുടരാനാകു. കാമറൂണിൽ നിരന്തരം ആഭ്യന്തര കലഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മികച്ച ജീവിതമാർഗ്ഗം തേടി ഇവർ ഒളിച്ചോടിയതാവാം എന്നാണ് സംശയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :