ജര്‍മ്മനിയുടെ ഗോള്‍ മഴ

പ്രിട്ടോറിയ| WEBDUNIA|
പ്രമുഖരുടെ അഭാവമൊന്നും ജര്‍മ്മനിക്ക് ഭീഷണിയല്ല. ആദ്യ മത്സരത്തില്‍ തന്നെ ശക്തരായ ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മ്മന്‍ പടയോട്ടം തുടങ്ങി. മിഷയേല്‍ ബാലാക്കിന്റെ അഭാവത്തില്‍ കളിക്കാനിറങ്ങിയ ജര്‍മനി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറ്റൊരു മത്സരത്തില്‍ സ്ലോവേനിയ എതിരില്ലാത്ത ഒരു ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ആദ്യമത്സരത്തില്‍ ഘാന ഒരു ഗോളിന് സെര്‍ബിയയെയും കീഴടക്കി.

ബാലാക്കിന്റെ അഭാവത്തില്‍ ഫിലിപ്പ് ലാമാണ് ജര്‍മനിയെ നയിച്ചത്. എട്ടാം മിനുറ്റില്‍ ലൂകാസ് പൊഡോള്‍സ്‌കി, ഇരുപത്തിയേഴാം മിനുറ്റില്‍ മിറോസ്ലാവ് ക്ലോസെ, അറുപത്തിയെട്ടാം മിനുറ്റില്‍ തോമസ്മ്യൂളര്‍, എഴുപതാം മിനുറ്റില്‍ കകാവു എന്നിവരാണ് ജര്‍മനിക്കു വേണ്ടി ഗോള്‍ നേടിയത്.

ഗ്രൂപ്പ് സി പോരാട്ടത്തില്‍ സ്ലോവേനിയ ആഫ്രിക്കന്‍ സംഘമായ അല്‍ജീരിയയെ ഏകപക്ഷീയമായ ഒരുഗോളിനാണ് കീഴടക്കിയത്. എഴുപത്തിയൊമ്പതാം മിനുറ്റില്‍ നായകന്‍ റോബര്‍ട്ട് കോറന്റെ ദുര്‍ബലമായ ഷോട്ടാണ് ഗോളിയെ മറികടന്ന് ഗോളായത്. ഇംഗ്ലണ്ടിന്റെ റോബര്‍ട്ട് ഗ്രീനിന്റെ പാത പിന്തുടര്‍ന്ന അല്‍ജീരിയ ഗോളി ഫൗസി കഊച്ചി സ്ലോവേനിയക്ക് വിജയം നല്‍കുകയായിരുന്നു.

ഗ്രൂപ്പ് ഡി യിലെ ഘാന-സെര്‍ബിയ പോരാട്ടത്തില്‍ ഘാനയുടെ വിജയവും മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു. എന്‍പത്തിയഞ്ചാം മിനുറ്റില്‍ അസമോവ ഗ്യാനാണ് ഗോള്‍ നേടിയത്. 2010 ലോകകപ്പിലെ ആദ്യ പെനാല്‍റ്റി കിക്കിലൂടെയാണ് ഘാന വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :