ചെന്നൈയിലെ മറീന ബീച്ച്

WD
ചെന്നൈയിലെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് മറീന ബീച്ച്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് എന്ന ഖ്യാതി നേടിയ മറീന ഏഷ്യയിലെ നീളം കൂടിയ ബീച്ചുകളിലും പ്രമുഖ സ്ഥാനത്താണ്.

നഗരത്തില്‍ ഒരു ഒഴിവു ദിവസം ആഘോഷിക്കാന്‍ എത്തുന്ന അനേകര്‍ക്കൊപ്പം ബഹുദൂരം താണ്ടി വരുന്ന സഞ്ചാരികളും മറീനയെ എപ്പോഴും തിരക്കില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ ഈ ബീച്ച് ഭംഗിയായി പരിപാലിക്കാന്‍ അധികൃതര്‍ക്ക് അനായാസത നല്‍കുന്നു.

സ്വര്‍ണ്ണ മണല്‍ നിറഞ്ഞ ഈ ബീച്ച് പന്ത്രണ്ട് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു. വെള്ള നുരയും നീല ജലവും നഗരത്തിരക്കുകളില്‍ നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് ആശ്വാസമാവുമെന്ന് ഉറപ്പ്. മറീന ബീച്ചില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഇവിടം നീന്തലിന് അനുയോജ്യമല്ല.

വൈകുന്നേരങ്ങളില്‍ മറീന ബീച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവ നഗരിയാവുന്ന പ്രതീതി നമുക്ക് അനുഭവിച്ചറിയാം. ഇവിടം ഭക്ഷണത്തിന്‍റെയും മറ്റ് കൌതുക വസ്തുക്കളുടെയും വിപണന കേന്ദ്രമായി മാറും.

മറീനയോട് ചേര്‍ന്നുള്ള അക്വേറിയം സഞ്ചാരികള്‍ക്ക് കൌതുകമൊരുക്കുന്നു. ഇവിടത്തെ ശുദ്ധജല മത്സ്യങ്ങളും കടല്‍ ജീവികളും, മത്സ്യങ്ങളും വിനോദ സഞ്ചാരികള്‍ക്ക് മറ്റൊരു ലോകം പരിചയപ്പെടുത്തി കൊടുക്കുന്നു.

അണ്ണാ, എംജി ആര്‍ സമാധി മറീന ബീച്ചില്‍ തന്നെ വളരെ പവിത്രമായി സൂക്ഷിച്ചിരിക്കുന്നു. ഇവിടേയ്ക്ക് ഇപ്പോഴും തദ്ദേശവാസികള്‍ ഭയം കലര്‍ന്ന ബഹുമാനത്തോടെ മാത്രമേ പ്രവേശിക്കാറുള്ളൂ.

ബംഗാള്‍ ഉള്‍ക്കടലിന് അടുത്തുള്ള മറീന ചെന്നൈ നഗരത്തിന്‍റെ കിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചിന്‍റെ തൊട്ടടുത്തായി ചില മനോഹര മന്ദിരങ്ങളും വിനോദ യാത്രികര്‍ക്ക് കാണാം. ചെപ്പോക്ക് കൊട്ടാരം, സെനറ്റ്ഹൌസ്, മദ്രാസ് യൂണിവേഴ്സിറ്റി തുടങ്ങിയവ ബീച്ചിന് അടുത്താണ്.


PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :