പ്രണയത്തേക്കാള്‍ കനമുള്ള സൌഹൃദങ്ങള്‍

അനില എലിസബത്ത്

WEBDUNIA|
FILE
പ്രണയം ചിലപ്പോള്‍ പ്രാണവേദനയാണെന്ന് കോഴിക്കോട്ടുകാരി സരിത പറയുന്നത് വെറുതെയല്ല. അവളുടെ അനുഭവമാണ്. എന്നിട്ട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനുമാത്രം ആദ്യം സരിതയ്ക്ക് ഉത്തരമില്ല. നല്ല കട്ടിയുള്ള മൌനം. അതിനു ശേഷമുള്ള മറുപടിയാണ് വിചിത്രം - “ജോജിക്കൊപ്പം ബൈക്കില്‍ കറങ്ങിയത് ഡിനുവിന് ഇഷ്ടമായില്ല. ബൈക്കില്‍ കറങ്ങിയാലെന്താ, ആകാശം ഇടിഞ്ഞു വീഴുമോ? എന്‍റെ മാറിടം ജോജിയുടെ ചുമലില്‍ അമര്‍ന്നോ എന്നാണ് ഡിനുവിന് സംശയം. ഇതിങ്ങനെ തുടരാനാകില്ല”

ഒരു പ്രണയം തകരുന്നു. അത് തകര്‍ന്നാലും വേണ്ടില്ല, ജോജിയോടുള്ള സൌഹൃദമാണ് വലുതെന്ന് സരിതയുടെ ഉറക്കെയുള്ള പ്രഖ്യാപനം. സൌഹൃദത്തിന്‍റെ പുതിയ നിര്‍വചനങ്ങള്‍ക്ക് അതിര്‍വരമ്പുകളുടെ ഭീഷണിയില്ല. സൌഹൃദം, അത് ശരീരം പങ്കുവയ്ക്കല്‍ വരെയാകാം. ലവ് ആജ് കല്‍ എന്ന ഹിന്ദി സിനിമയുടെ വ്യാകരണം അതല്ലേയെന്ന് ചോദിക്കുകയാണ് ആണ്‍ - പെണ്‍ സുഹൃത്തുക്കള്‍. പ്രണയത്തേക്കാള്‍ ആഴമുണ്ട് സൌഹൃദത്തിന് എന്നത് പുതിയ കാലത്തിന്‍റെ ശക്തമായ വാദഗതി. എതിര്‍ക്കാന്‍ ആരുണ്ട്?

ആണിനും പെണ്ണിനും ഏത് തലം വരെ ‘സൌഹൃദം’ എന്ന ചട്ടക്കൂടിനുള്ളില്‍ തുടരാനാകും? ഒന്നിച്ചുള്ള ഉറക്കം വരെ, അല്ലെങ്കില്‍ മരണം വരെ. യുവത്വത്തിന്‍റെ പ്രതിനിധികളായി ഞാന്‍ തെരഞ്ഞെടുത്തവരുടെ ഉത്തരമാണ്. ഒന്നിച്ചുറങ്ങിയാലും ഉണര്‍ന്നു കഴിഞ്ഞാല്‍ ‘എടാ പോടാ’ ബന്ധം തുടരാന്‍ കഴിയുമെന്നും മറ്റൊരാളെ വിവാഹം കഴിച്ച് സ്വസ്ഥമാകാമെന്നും വാദിക്കുന്നവരുടെ എണ്ണം വളരെ ഏറിയിരിക്കുന്നു. പെണ്ണിന്‍റെയോ ആണിന്‍റെയോ പവിത്രത പോലും സൌഹൃദത്തിന് മുന്നില്‍ ലംഘിക്കാമെന്ന തല ഉയര്‍ത്തിയുള്ള മറുപടി.

ഒന്നിച്ചു ജീവിക്കാന്‍ താലിയുടെ കുരുക്ക് വേണ്ടെന്ന് വിപ്ലവം പറഞ്ഞവര്‍ പഴയ തലമുറയിലുമുണ്ടായിരുന്നു. പക്ഷേ, ഇന്നുള്ളതു പോലെ അത്ര പ്രായോഗികമായ ഒരു ചിന്തയായിരുന്നില്ല അന്ന് അത്. താലിയുടെ കുരുക്കില്ലാതെ മനസും ശരീരവും പങ്കു വച്ച്, ദാമ്പത്യത്തിന്‍റെ കടും‌പിടിത്തങ്ങളില്ലാത്ത ജീവിതം നയിച്ചവര്‍ ഇല്ല എന്നല്ല. പക്ഷേ വിരളമായിരുന്നു. എന്നാല്‍ ഇന്ന് പ്രണയബന്ധത്തേക്കാള്‍ വില സൌഹൃദത്തിന് നല്‍കുകയാണ് ലോകം.

ഇണയോട് പറയാന്‍ കഴിയാത്തതു പോലും സുഹൃത്തിനോട് പറയാമെന്നാണ് കൊല്ലം പരവൂര്‍ സ്വദേശി അനന്തകൃഷ്ണന്‍റെ അഭിപ്രായം. ‘എനിക്ക് ഭാര്യയല്ലാതെ മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം തോന്നി. ഇത് എങ്ങനെ ഭാര്യയോടു പറയും. എന്നെ കൊന്നു കളയില്ലേ. എന്‍റെ ഒരു അടുത്ത ഫ്രണ്ടുണ്ട്. മിനി. അവളോടു കാര്യം പറഞ്ഞു. അവള്‍ ബ്രോക്കറിംഗ് ഏല്‍ക്കുകയും ചെയ്തു. പക്ഷേ സംഗതി സക്സസായില്ല. എന്‍റെ ബയോഡേറ്റ കക്ഷിക്ക് പിടിച്ചില്ലത്രേ. മാര്യേജ് കഴിഞ്ഞത് തിരിച്ചടിയായി’ - അനന്തകൃഷ്ണന്‍ പറയുന്നത് ട്രൈ ചെയ്യുന്നത് തുടരുമെന്നാ‍ണ്.

ഇക്കാര്യം പറയാന്‍ ഭാര്യയെക്കാള്‍ നല്ലതു സുഹൃത്തു തന്നെ. പക്ഷേ ഭാര്യയാണ് ഏറ്റവും നല്ല സുഹൃത്തെന്ന് ഈയിടെ വേണു നാഗവള്ളി തന്‍റെ സിനിമയിലൂടെ പറഞ്ഞത് അനന്തകൃഷ്ണനെ ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്തു. കോഫീസ്റ്റാളിലും റെസ്റ്റോറന്‍റിലും സിനിമാ തിയേറ്ററുകളിലും ചുറ്റിയടിച്ചിരുന്ന പ്രണയജോഡികളെ ഇന്നധികം കാണാന്‍ കഴിയില്ല. പക്ഷേ, ഈ ഇടങ്ങളിലൊക്കെ കൈ കോര്‍ത്ത്, ഉടല്‍ ചേര്‍ന്ന് ഇടപഴകുന്ന ആണ്‍ - പെണ്‍ സൌഹൃദങ്ങളെ കാണാം.

ഈ സൌഹൃദങ്ങള്‍ ആരെങ്കിലും ഒരാളുടെ വിവാഹം കഴിയുമ്പോള്‍ മുറിയുമെന്ന പഴയ സങ്കല്‍പ്പത്തിനും പ്രസക്തിയില്ല. വിവാഹശേഷം തന്‍റെ പഴയ സുഹൃത്തിനെ പങ്കാളിയുടേയും സുഹൃത്താക്കി മാറ്റുമെന്നാണ് കോഴിക്കോട് സ്വദേശിനി മായ പറയുന്നത്. സൌഹൃദബന്ധങ്ങള്‍ അങ്ങനെ പടര്‍ന്നു പന്തലിക്കും. പല നിര്‍ണായക ഘട്ടങ്ങളിലും ആണ്‍ സുഹൃത്തുക്കള്‍ മാത്രമാണ് തന്നെ സഹായിച്ചിട്ടുള്ളതെന്ന് മായ പറയുന്നു.

കണ്ണും കണ്ണും ഇടഞ്ഞാല്‍ ഉടന്‍ തുടങ്ങുന്ന നിഷ്കളങ്ക പ്രണയത്തിന്‍റെ കാലമൊക്കെ കഴിഞ്ഞുപോയി. ഇപ്പോള്‍ കണ്ണുകളിടയുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം -

“ഡൂ യു ലൈക് മീ”
“യെസ്”
“ദെന്‍, വീ ആര്‍ ഫ്രണ്ട്സ്”

ഇത് ‘എഗ്രീ’ ചെയ്യുന്നതോടെ സൌഹൃദത്തിന്‍റെ പൂക്കാലത്തിന് തുടക്കമാകുന്നു. ഇവിടെ പ്രണയത്തിനാര്‍ക്കു നേരം. ലേഖനത്തിന്‍റെ തുടക്കത്തില്‍ സരിത പറഞ്ഞ ‘പ്രണയത്തിന്‍റെ പ്രാണവേദന’ സഹിക്കാന്‍ തയ്യാറില്ല ആരും. സൌഹൃദത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകള്‍ക്കും, പരസ്പരം ആശ്വസിപ്പിക്കുന്ന ഒരു തലോടലിനുമാണ് യൂത്ത് ആഗ്രഹിക്കുന്നത്. അങ്ങനെ ‘സൌഹൃദം’ എന്ന പദത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ വിശാലമാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :