പ്രണയത്തില്‍ ‘തൊട്ടുകൂടായ്മ’ വേണോ?

WEBDUNIA|
PRO
‘പ്രണയം പരിശുദ്ധമാണ്, പവിത്രമാണ്, സ്നേഹത്തിന്‍റെ പരകോടിയാണെ’ന്നൊക്കെയാണ് ആദികാലം മുതല്‍ പറഞ്ഞു പ്രചരിച്ചത്. സാഹിത്യത്തിലും സിനിമയിലും പ്രണയത്തിന്‍റെ വിശുദ്ധിയെ എക്കാലവും വാഴ്ത്തുന്നു. ഇങ്ങനെ വാഴ്ത്തപ്പെട്ട സുന്ദരിയായി പ്രണയം ഭൂമിയില്‍ തൊടാതെ ഉയര്‍ന്നു നില്‍ക്കവെയാണ് 2010 കടന്നെത്തുന്നത്.

ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തെ അത്ര പരിശുദ്ധമായി സമീപിക്കേണ്ട ആവശ്യമില്ല എന്ന അഭിപ്രായമാണ് ഉള്ളത്. തല നരച്ചവരെ ഞെട്ടിക്കാന്‍ വേണ്ടിയല്ല, പ്രണയത്തില്‍ ‘തൊട്ടുകൂടായ്മ’ പാടില്ല എന്ന് ധൈര്യസമേതം വിളിച്ചു പറയുകയാണ് പുത്തന്‍ കാലം.

ഫാസിലിന്‍റെ അനിയത്തിപ്രാവ് എന്ന സിനിമയില്‍ നായികയെ ഒന്നു തൊടാനായി നായകന്‍ പെടാപ്പാട് പെടുന്നതു കാണാം. നായികയെ തൊട്ടാലോ കമിതാക്കള്‍ ഇണചേര്‍ന്നാലോ സഹിക്കുന്ന പ്രേക്ഷകരല്ല മലയാളത്തിലേത് എന്ന മിഥ്യാധാരണയില്‍ ഇപ്പോഴും മലയാള സിനിമ ഉറച്ചുനില്‍ക്കുന്നു. പ്രണയബന്ധത്തില്‍ അല്‍‌പ്പസ്വല്‍പ്പം ‘ടച്ചിംഗ്സ്’ ആവാമെന്ന തുറന്നു പറയലിലൂടെ വിശുദ്ധപാത്രത്തില്‍ സൂക്ഷിച്ചിരുന്ന പ്രണയമാതൃകകള്‍ വീണുതകരുകയാണ്.

‘മൂന്നു വര്‍ഷമായി ഞാന്‍ പ്രണയത്തിലാണ്. എന്‍റെ പ്രിയപ്പെട്ടവളെ ഞാന്‍ സ്പര്‍ശിക്കാറുണ്ട്. അവള്‍ തിരിച്ചും. അത് ഞങ്ങള്‍ സ്നേഹത്തോടെ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യമാണ്” - തിരുവനന്തപുരം പൂജപ്പുര സ്വദേശി വിബിന്‍‌നാഥ് പറയുന്നു. വിബിന്‍റെ അഭിപ്രായത്തോടു യോജിക്കുകയാണ് പത്തനം‌തിട്ട സ്വദേശിനി രമ്യാ ശ്രീശനും അടൂര്‍ സ്വദേശിനി എസ് വി മായയും.

“പ്രണയിക്കുന്നവര്‍ തമ്മില്‍ ശരീരം പങ്കുവയ്ക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ സ്നേഹസ്പര്‍ശനങ്ങള്‍ നിരോധിക്കപ്പെടേണ്ടതല്ല” - രമ്യ ശ്രീശന്‍ പറയുന്നു. “മുഖത്തും കൈകളിലും തൊടുന്നത് എന്തിന് തടയണം. ചിലപ്പോഴൊക്കെ അതൊരു ആശ്വാസമല്ലേ. എന്നാല്‍ അതിരു കടക്കരുതെന്ന് മാത്രം” - മായ.

എന്നാല്‍ അതിരു കടക്കുന്നതിനെയും അംഗീകരിക്കുന്നു ചിലര്‍. “പ്രണയം സത്യമാണെങ്കില്‍, വെറും കുട്ടിക്കളിയല്ലെങ്കില്‍, വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധം പോലുമാകാം” - ആലപ്പുഴക്കാരന്‍ കെവിന്‍ പ്രകാശിന്‍റെ വാക്കുകളാണിത്. എന്നാല്‍ കപട സദാചാരത്തിന്‍റെ പേരില്‍ പലരും ഇത് അംഗീകരിച്ചു തരില്ലെന്നും കെവിന്‍ പറയുന്നു.

പ്രണയ പങ്കാളിയുടെ ഒരു തലോടലോ ആശ്വാസം നല്‍കുന്ന ഒരു ചുംബനമോ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. എന്നാല്‍, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുകരുതി ആഗ്രഹങ്ങള്‍ ഉള്ളിലടക്കുകയാണ് പലരും. ആഗ്രഹങ്ങള്‍ അടക്കം ചെയ്യുന്ന കല്ലറകളായി എന്തിന് മാറണമെന്ന് ഉറക്കെ ചോദിക്കുകയാണ് പുതിയ തലമുറ. ഇതിന് മറുപടി വാദങ്ങളും സജീവമാണ്. വാദങ്ങള്‍ തുടരട്ടെ. ജയം ആരുടെ പക്ഷത്താണെന്നത് കാലം തരേണ്ട മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :