പ്രണയിക്കൂ... ആഘോഷിക്കൂ... പക്ഷേ, ഇതു മറക്കരുത് !

മധുവിധു ആഘോഷിക്കാൻ കേരളം ബെസ്റ്റ്!

aparna shaji| Last Modified ശനി, 27 ഓഗസ്റ്റ് 2016 (18:37 IST)
ലോകസഞ്ചാരികൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. കേരളത്തിലുള്ളവർ മറ്റു പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നവരാണ്. എന്തിന് മധുവിധു പോലും വിദേശത്താണ്. എന്നാൽ മധുവിധുവിന് പറ്റിയ സ്ഥലങ്ങൾ കേരളത്തിലുണ്ട്. ചുരുക്കി പറഞ്ഞാൽ അതിനുപറ്റിയ ബെസ്റ്റ് സ്ഥലങ്ങ‌ൾ എന്നു തന്നെ പറയാം. മധുവിധു ആഘോഷിക്കാനും വിവാ‌ഹ വാര്‍ഷി‌കം ആഘോഷിക്കാ‌നും കേരളത്തിന് പുറത്ത് പോകേണ്ട അവശ്യമില്ല. സുന്ദരമായ നിരവധി സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ട്. നിങ്ങളുടെ മധുവിധുക്കാലം കഴിഞ്ഞെങ്കില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാനും ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കം.

ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്ന സ്ഥലത്തിനും ഉണ്ടായിരിക്കണം ഏറെ പ്രത്യേകതകള്‍. ആദ്യമായി വേണ്ടത് സ്വകാര്യതയാണ്. രണ്ടാമത്, നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗം
തീര്‍ക്കുന്ന സമയമാണ് മധുവിധുക്കാലം അപ്പോള്‍ നിങ്ങള്‍ മധുവിധുവിനായി തെരഞ്ഞെടുക്കുന്ന സ്ഥലവും സ്വര്‍ഗം പോലെ
ആയിരിക്കണം. മൂന്നാമത് ഓര്‍ത്ത് വയ്ക്കാന്‍ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് ഉണ്ടായിരിക്കണം. ഇതിനെല്ലാം പറ്റിയ സ്ഥലങ്ങൾ കേരളത്തിലുണ്ട് നോക്കാം ഏതെല്ലാമാണെന്ന്.

ആലപ്പുഴ - ഓർമകൾ നൽകുമീ കായൽപ്പരപ്പുകൾ

ഹൗസ്ബോട്ടെന്ന് കേട്ടാൽ ഓർമ വരിക നമ്മുടെ ആലപ്പുഴ തന്നെയാണ്. കേരളത്തിലെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന്. വിദേശികളടക്കം നിരവധി സഞ്ചാരികളാണ് ആലപ്പുഴ കാണാനെത്തുന്നത്. ഈ സുന്ദരഭൂമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് മലയാളികൾ. ചുരുക്കി പറഞ്ഞാൽ ദൈവത്തിന്റെ നാട്ടിലെ സ്വർഗമാണ് ആലപ്പുഴ. ദിവസവും നിരവധി ഹണിമൂൺ കപ്പിൾസ് ആണ് ഇവിടെ എത്തുന്നത്.

ആലപ്പുഴയിലെ കാഴ്ചകളിൽ ഏറ്റവും ഇഷ്ടപ്പെടുക കായൽപ്പരപ്പുകളിലെ കാഴ്ചകളാണ്. വേമ്പനാട് കായലും കുട്ടനാടും നിങ്ങളെ മ‌ധുവിധു നാളുകളെ കൂടുതല്‍ സുന്ദരമാക്കും. മധുവിദുവിന് പറ്റിയത് ഹൗസ്ബോട്ടാണ്. ഹണിമൂൺ ആഘോഷിക്കാൻ പാകത്തിന് ഡബിൾ ബെഡ്റൂം സൗകര്യമുള്ള ഹൗസ് ബോട്ടുകൾ ഇവിടെ ലഭ്യമാണ്. ഭക്ഷണവും ഹൗസ് ബോട്ടിൽ നിന്ന് ലഭിക്കും.

മൂന്നാർ - മലകളെ പ്രണയിക്കുന്നവർക്ക് പ്രണയിനിയുമായി ഒരു യാത്ര പോകാം, മലമേടുകളിലേക്ക്

മൂന്നാർ, മലമുകളിലെ സൗന്ദര്യം. അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഏറ്റവും ഭംഗി. സുന്ദരമായി ഭൂമിയെ നോക്കി, പ്രണയിനിയുടെ കൈകൾ കോർത്തുപിടിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാം. മധുവിധു യാത്രയിൽ മൂന്നാർ പകർന്നു നൽകുന്ന കാഴ്ചകൾ നമ്മളെ ഭ്രമിപ്പിക്കുക തന്നെ ചെയ്യും. പ്രണയാവേശത്തിന്റെ കൊടുമുടിയിൽ നിങ്ങൾക്ക് പങ്കാളിയോടൊപ്പം മതിമറന്ന് ഇരിക്കാം.

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്.

തേക്കടി - പകർന്നെടുക്കാം അത്യപൂർവ്വമായ സുന്ദരനിമിഷങ്ങൾ

കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്നാണ് തേക്കടി. ഏറ്റവും ആകർഷകമായ തേക്കടി മധുവിധു നാളുകളിൽ നിങ്ങളെ പ്രണയിതരാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രമാണ് ഇവിടുത്തെ പ്രധാന ആഘർഷകഘടകം. എന്നിരുന്നാലും സഞ്ചാരികളുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ തേക്കടിക്ക് കഴിയുന്നുവെന്ന കാര്യത്തിൽ സമ്പന്നമാണ് ഈ സ്ഥലം.

തേക്കടിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിശിഷ്ടമായ ഭൂമിശാസ്ത്ര മാതൃകയും പരിസ്ഥിതിയുടെ ഘടനയുമാണ്. കുന്നുകള്‍ നിറഞ്ഞ ഈ സവിശേഷ ഭൂമി നിര്‍മ്മലമായ പ്രകൃതിദൃശ്യങ്ങളാലും അനന്തമായ് പരന്ന് കിടക്കുന്ന തോട്ടങ്ങളാലും അനുഗ്രഹീതമാണ്. കാറ്റില്‍ നിറഞ്ഞുനില്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൊതിപ്പിക്കുന്ന മണം സഞ്ചാരികളുടെ അനുഭൂതികള്‍ക്ക് നവചൈതന്യമേകും.

വയനാട് - പ്രണയത്തിന്റെ കോടമഞ്ഞ്

പ്രണയിക്കാൻ അനുയോജ്യമായ കാലാവസ്ഥ ഒരുക്കിവെച്ചിരിക്കുന്ന സ്ഥലമാണ് വയനാട്. കോടമഞ്ഞിനാൽ കുളിച്ചു നിൽക്കുന്ന പ്രകൃതി. വയനാട്ടിലെത്തുന്ന വധൂവരന്മാർക്ക് ചിലവഴിക്കാൻ സമയം ഒരുപാട് വേണം, കാരണം അതിനുള്ള സ്ഥലങ്ങളുണ്ട്. നീന്തൽക്കുളം, ബോട്ട് യാത്ര, ട്രീ ഹൗസുകളിലെ താമസം. അങ്ങനെ സഞ്ചാരികൾ ആഗ്രഹിക്കുന്ന എന്തും വയനാട്ടിൽ കിട്ടും.

പ്രകൃതിയെ അറിഞ്ഞ് പ്രണയിക്കാം എന്ന് ആഗ്രഹിക്കുന്നവർക്ക് വയനാട്ടിലെ പ്രശസ്തമായ റിസോർട്ടുകൾ അന്വേഷിക്കാം. പ്രത്യേകിച്ചും വൈത്തിരി റിസോർട്ട്. പ്രണയത്തിന്റെ ചിഹ്നമായ ഹൃദയത്തിന്റെ രൂപത്തിൽ ഒരു തടാകമുണ്ട് വയനാട്ടിൽ. വധുവരന്മാർക്ക് വേണമെങ്കിൽ അവിടേയ്ക്ക് ഒരു യാത്ര ചെയ്യാം. വയനാട്ടിലെ ചെമ്പ്ര പീക്കിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചെമ്പ്രപീക്കിലേക്ക് കാൽ‌നടയായി വേണം എത്തിച്ചേരാൻ. ചെമ്പ്ര പീക്കി‌ൽ നിന്നാൽ വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാം.

കോവളം - ഹൃദയത്തിൽ അലയടിക്കുന്നൊരു പ്രണയ നിമിഷം

അലയടിക്കുന്ന തിരമാലകൾക്ക് നടുവിലൂടെ പ്രണയിനിയുടെ കൈകൾ കോർത്തു പിടിച്ച് നടക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. കോവളത്തേക്ക് പോകാം, പ്രണയിക്കാം. മധുരമായ ഓർമകൾ സ്വന്തമാക്കാം. ഹൃദയമിടുപ്പുകൾ വരെ പ്രണയിച്ചുപോകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :