ചെന്നൈ|
ജെജെ|
Last Updated:
ശനി, 23 ജൂലൈ 2016 (15:02 IST)
പ്രണയമെന്നത് ഒരു മധുരമനോജ്ഞ കാലമാണ്. ചുറ്റുമുള്ളതെല്ലാം മാഞ്ഞുപോകുന്ന, പ്രതിസന്ധികളെയും സങ്കടങ്ങളെയും മായ്ച്ചു കളയുന്ന ഒരു മാജിക്. കൂട്ടുകാരുടെ കൂടെ കറങ്ങിനടന്ന് സമയം കളഞ്ഞവര്‍ പോലും
ഉള്ളില്‍ പ്രണയം നിറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഒരു ഗ്ലോബ് ആയി മാറും.
മനസ്സ് കീഴടക്കിയ ആള്‍ക്ക് ചുറ്റുമായിരിക്കും പിന്നീട് അവരുടെ ലോകം തിരിയുക. ഉണരുന്നതും നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം ആ മായികലോകത്തില്‍ നിന്നു കൊണ്ടാകും.
പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ആയിരിക്കും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുക, ‘അനുരാഗകരിക്കിന്‍ വെള്ള’ത്തില്‍ അഭിക്ക് എലി ഒരു ഡിസ്റ്റര്‍ബന്‍സ് ആയി തോന്നിയതു പോലെ പല കാര്യങ്ങളും പരസ്പരം ഡിസ്റ്റര്‍ബന്‍സ് ആയി തോന്നി തുടങ്ങും. ഫോണ്‍വിളി, മെസേജുകള്‍, വീഡിയോ കോളുകള്‍... അങ്ങനെ പ്രണയം തലയ്ക്കു പിടിച്ച് സമയത്ത് എന്‍ജോയ് ചെയ്ത പല കാര്യങ്ങളും പയ്യെപ്പയ്യെ ബുദ്ധിമുട്ട് ആകുമ്പോള്‍ വില്ലനെപോലെ അവന്‍ എത്തുകയാണ് - ‘ബ്രേക്ക് അപ്’.
ബ്രേക്ക് അപ് എല്ലായ്പോഴും ഒരാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. കാരണം, മിക്കപ്പോഴും പ്രണയം അവസാനിപ്പിക്കുക എന്നത് രണ്ടുപേരില്‍ ഒരാളുടെ മാത്രം തീരുമാനമായിരിക്കും. അത് ആണിന്റെയാകാം പെണ്ണിന്റെയുമാകാം. വേര്‍പിരിയാന്‍ രണ്ടുപേരും ഒരുമിച്ച് തീരുമാനിക്കുന്നതും എന്നിട്ട് വേര്‍പിരിയുന്നതും പിന്നീട് സുഹൃത്തുക്കള്‍ ആയിരിക്കുന്നതും കാണാം. എന്നാല്‍, വേര്‍പിരിയുക എന്നത് ഒരാളുടെ മാത്രം തീരുമാനമാകുമ്പോള്‍ പലപ്പോഴും മറ്റേയാള്‍ തകര്‍ന്നു പോകുന്നത് സ്വാഭാവികമാണ്. ഹൃദയം നുറുങ്ങുന്ന ആ വേദനയെ മറികടക്കുക അത്ര എളുപ്പമല്ല, എന്നാലും...
പണ്ട് ആയിരുന്നെങ്കില്‍ ആണ്‍കുട്ടികള്‍ക്ക്
താടിയും മുടിയും ഒക്കെ വളര്‍ത്തിയിരുന്നെങ്കില്‍ ഒരു പ്രണയപരാജിതന്റെ ലുക്കും കണ്‍സിഡറേഷനും ഒക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നോ, ‘പയ്യന്‍ ആള് ഫ്രീക്കനാ’ എന്ന കമന്റ് മാത്രമായിരിക്കും ലഭിക്കുക. പിന്നെ, ചിലപ്പോള്‍ കഞ്ചാവ് കൈവശം വെച്ചെന്ന് സംശയം തോന്നിച്ച് ആളെ പൊലീസ് പൊക്കുകയും ചെയ്യും. അതിനാല്‍, ബ്രേക്ക് അപ്പ് ആയാല്‍ ഈ പരമ്പരാഗത വഴികളെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാകും ആണ്‍കുട്ടികള്‍ക്ക് നല്ലത്. മുറിയടച്ച്, ഭക്ഷണം കഴിക്കാതെ, ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാന്‍ ആയിരിക്കും പെണ്‍കുട്ടികള്‍ ശ്രമിക്കുക. കാലം മാറി, ‘പെണ്ണിനെന്തോ പറ്റിയിട്ടുണ്ടെന്ന്’ പറഞ്ഞ് മാതാപിതാക്കള്‍ അപ്പോള്‍ തന്നെ സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിക്കും. അതായത് ഉത്തമാ, പ്രേമം പൊട്ടി എന്ന് പറയുന്നതിന് ഇപ്പോള്‍ വലിയ മാര്‍ക്കറ്റ് വാല്യു ഒന്നുമില്ല. അതിനെ റിക്കവര്‍ ചെയ്യുന്നവര്‍ക്കാണ് ഡിമാന്‍ഡ്, റിവഞ്ച് ഡാ, റിവഞ്ച്.
അല്ലേല്‍ തന്നെ, ഈ ലോകത്തിലെ അവസാന പുരുഷനല്ല ഒരു കാമുകനും അവസാന സ്ത്രീയല്ല ഒരു കാമുകിയും. ഇട്ടേച്ച് പോകുവാണേല്‍ പോകാന്‍ പറയണം, ഇഷ്‌ടമില്ലാതെ ഒരു ബന്ധം നീട്ടി കൊണ്ടുപോകുന്നതിലും നല്ലത് കുറച്ചെങ്കിലും ഇഷ്‌ടം ബാക്കി നില്‍ക്കുമ്പോള്‍ അത് അവസാനിപ്പിക്കുന്നതു തന്നെയാ. പിന്നെ, ബ്രേക്ക് അപ്പ് വന്ന് തലയില്‍ വീഴുമ്പോള്‍ തത്വം പറഞ്ഞു കൊണ്ടിരിക്കാന്‍ നമ്മള്‍ ആരും അത്ര വലിയ ആത്മീയഗുരുക്കന്മാര്‍ അല്ല. അപ്പോള്‍, അതിനെ എങ്ങനെ മറികടക്കാം എന്നതായിരിക്കണം ചിന്ത.
ജീവനുതുല്യം സ്നേഹിച്ചിരുന്നയാള്‍ ഇനി ഒപ്പമുണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ സഹയാത്രികര്‍ ഉണ്ടാകും. ഒന്നാം ക്ലാസില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആയിരിക്കില്ല ഇപ്പോള്‍ നമ്മുടെ ഒപ്പമുണ്ടാകുക. ആരും നമ്മോടൊപ്പം എല്ലാക്കാലത്തും ഉണ്ടാകുകയുമില്ല. യാത്രയില്‍ വേര്‍പിരിയല്‍ സ്വാഭാവികമാണ്, അതിനെ ചിരിച്ചുകൊണ്ടു തന്നെ നേരിടുക. ജീവിതത്തില്‍ ചില ആളുകള്‍ വരുന്നത് ഒരു അനുഗ്രഹമായാണ്, എന്നാല്‍ മറ്റുചിലര്‍ പാഠം പഠിപ്പിക്കാന്‍ ആയിരിക്കും വരിക.
ഒറ്റയ്ക്കുള്ള ദീര്‍ഘദൂരയാത്രകള്‍
ഈ ലോകത്ത് രണ്ടുപേര്‍ മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത് എന്ന് തിരിച്ചറിയാന്‍ യാത്രകള്‍ വളരെ നല്ലതാണ്. പുതിയ പുതിയ സ്ഥലങ്ങള്‍, ആളുകള്‍, സംസ്കാരങ്ങള്‍, ഭക്ഷണരീതികള്‍ അങ്ങനെ പുതിയ കുറേ കാര്യങ്ങളുമായി ഇടപഴകുമ്പോള്‍ തന്നെ മനസ്സ് ശാന്തമാകും.
പുതുതായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക
നിങ്ങളുടെ മനസ്സില്‍ എന്നും ഉണ്ടായിരുന്ന എന്തെങ്കിലും സ്വപ്നം ഉണ്ടായിരിക്കും. ക്രിയേറ്റീവ് ആയി ചെയ്യണമെന്ന് നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ച എന്തെങ്കിലുമൊന്ന്, പ്രേമത്തിന്റെ പിന്നാലെ നടന്നപ്പോള്‍ സമയം കിട്ടാതെ പോയ ഒന്ന്. അത് സഫലമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാം.
മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുക; സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകളുമാകാം
പ്രണയിച്ചുനടന്നിരുന്ന കാലത്ത് ചിലപ്പോള്‍ മാതാപിതാക്കളോട് ഒന്ന് സംസാരിക്കാന്‍ പോലും നിങ്ങള്‍ക്ക് സമയം കിട്ടിയിട്ടുണ്ടാകില്ല. അവരുടെ സ്നേഹം അനുഭവിക്കാന്‍ വന്നു ചേര്‍ന്നിരിക്കുന്ന അസുലഭ അവസരമാക്കി ഈ അവസ്ഥയെ മാറ്റുക. അപ്പോള്‍, നഷ്‌ടപ്പെട്ടു പോയ പ്രണയത്തേക്കാള്‍ എത്രയോ വലുതാണ് മാതാപിതാക്കളുടെ സ്നേഹം നിങ്ങള്‍ തിരിച്ചറിയും.
ജിമ്മില്‍ പോകാം, ഇല്ലെങ്കില്‍ യോഗ പരിശീലിക്കാം
എന്തെങ്കിലും കായികമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് പുത്തന്‍ ഉണര്‍വ്വും ഉന്മേഷവും നല്കും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന് അറിയില്ലേ, അതായത്, മനസ്സിനെ കരുത്തുള്ളതാക്കുക.
തനിച്ചു താമസിക്കുന്നത് ഒഴിവാക്കുക; എപ്പോഴും തിരക്കിലായിരിക്കുക
എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. പുതിയ പുസ്തകങ്ങള്‍ വായിക്കാം, സിനിമകള്‍ കാണാം, ഭക്ഷണപരീക്ഷണങ്ങളാകാം, പുതിയതായി എന്തെങ്കിലും ഹോബി പരിശീലിക്കുന്നതും നന്നായിരിക്കും.
ഇതെല്ലാം ചെയ്യുന്നത് പണ്ടത്തെ പ്രേമം മറക്കാനാണെന്ന് മനസ്സിനെ ഓര്‍മ്മിപ്പിക്കാതിരിക്കുക
പഴയ പ്രണയത്തെ മായ്ച്ചു കളയുക. മനസ്സില്‍ നിന്നും, ഒപ്പം നിങ്ങളുടെ എല്ലാ കോണ്‍ടാക്‌ട് ലിസ്റ്റില്‍ നിന്നും. ജീവിതം ചിലതൊക്കെ നമ്മളെ പഠിപ്പിക്കും, ആ കാലം കഴിയുമ്പോള്‍ അത് മറന്നുകളഞ്ഞേക്കുക.
അയാള്‍ക്കു വേണ്ടി ഇനിയും തിരയേണ്ട കാര്യമില്ല, അയാളും ആ കാലവും പോയി കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ശുഭദിനങ്ങളാണ്. ബ്രേക്ക് അപ് ഒരു അനുഗ്രഹമാകട്ടെ.