ജനങ്ങളുടെ നെഞ്ചത്ത് ഒരു ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ !

ജനങ്ങളുടെ ‘നോട്ടോട്ടം’ തീരുന്നില്ല!

Note, Rs1000, Rs500, Narendra Modi, ATM, Bank,  നോട്ട്, ആയിരം, അഞ്ഞൂറ്, നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാര്‍, എ ടി എം, ബാങ്ക്, ക്യൂ
അഭിലാല്‍ ആദര്‍ശ്| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2016 (17:27 IST)
2016ല്‍ ജനങ്ങളെ സ്വാധീനിച്ച ഏറ്റവും പ്രധാന സംഭവം ഏതാണ്? അത് ജയലളിതയുടെ അപ്രതീക്ഷിത വിയോഗമാണെന്ന് നാവില്‍ പെട്ടെന്ന് വരുമെങ്കിലും ജനങ്ങളുടെ മനസിനെ അപ്പാടെ തകര്‍ത്തുകളഞ്ഞ സംഭവം യഥാര്‍ത്ഥത്തില്‍ അതല്ല. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതാണ് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടത്. തെരുവിലെ വലിയ ക്യൂവിലേക്ക് ഇന്ത്യന്‍ ജനതയെ വരിനിര്‍ത്തിയതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ വര്‍ഷം നല്‍കിയ സംഭാവന.

കള്ളപ്പണക്കാരെ വരുതിക്ക് നിര്‍ത്താനായി നോട്ടുകള്‍ പിന്‍‌വലിക്കുന്നത് മുമ്പും നടന്നിട്ടുണ്ട്. അത് ഫലപ്രദമായ ഒരു നീക്കം തന്നെയാണ്. എന്നാല്‍ അതിന് വേണ്ടത്ര മുന്‍‌കരുതല്‍ എടുക്കാതെ നടത്തിയ ഇപ്പോഴത്തെ ശ്രമം സര്‍ക്കാരിനുണ്ടാക്കിയത് കനത്ത തിരിച്ചടിയാണെന്ന് പറയാതെ വയ്യ.

അഴിമതിയും കള്ളപ്പണവും തടയുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ജനങ്ങളെ മാസങ്ങളോളം ദുരിതത്തിലാക്കുന്നു എങ്കില്‍ അതേപ്പറ്റി ഭരണാധികാരി പലതവണ ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ പിന്‍‌വലിക്കുന്ന നോട്ടുകള്‍ക്ക് ആവശ്യത്തിന് പകരം നോട്ടുകളില്ലാത്ത അവസ്ഥ സൃഷ്ടിച്ചതിലൂടെ ജനം വഴിയാധാരമാകുന്ന കാഴ്ചയാണ് കണ്ടത്.

നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടാം തീയതിക്ക് ശേഷം രാജ്യത്തെ ഒട്ടുമിക്ക എ ടി എമ്മുകളും മരിച്ച അവസ്ഥയിലാണ്. എ ടി എമ്മുകള്‍ തുറക്കുന്നില്ല. തുറന്നുപ്രവര്‍ത്തിക്കുന്ന എ ടി എമ്മുകളിലാവട്ടെ 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണുള്ളത്. അതാകട്ടെ, പൊതിയാത്തേങ്ങ പോലെയാണ് സാധാരണക്കാരന്. നിത്യച്ചെലവിന് ക്രയവിക്രയം ചെയ്യാന്‍ നോട്ടുകളില്ലാത്ത ദുരന്തത്തിലേക്ക് രാജ്യം എത്തിച്ചേരുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണനേതൃത്വത്തിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല.

പിന്നെ, നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളിലും എ ടി എമ്മുകളിലുമുണ്ടായ തിരക്കും ക്യൂവും ഒരുപാടുപേരുടെ ജീവന്‍ ഇല്ലാതാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. ആത്മഹത്യ ചെയ്തവര്‍ അനവധി. ആശുപത്രികളില്‍ ശരിയായ സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ടവര്‍ ഒട്ടേറെ.

കള്ളപ്പണം തടയുക എന്ന ലക്‍ഷ്യത്തിനായി നടപ്പാക്കിയ ഈ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ രാജ്യത്തിന് സമ്മാനിക്കുന്നത് വേദനയും നടുക്കവും സമ്മാനിക്കുന്ന ഒരുപാട് ഓര്‍മ്മകളാണ്. കള്ളപ്പണക്കാരല്ല ക്യൂനിന്ന് കഷ്ടപ്പെട്ടത് എന്നുമനസിലാക്കാന്‍ കേരളത്തിലെ ട്രഷറികളിലേക്ക് ഒന്ന് നോക്കിയാല്‍ മതി.

നോട്ട് പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്നിരിക്കെ രാജ്യം അഭിമുഖീകരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയുടെ ആഴം എത്ര ഭീമമായിരിക്കുമെന്ന് ഓര്‍ക്കുന്നത് പോലും ഭീതിയുണര്‍ത്തുന്ന കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :