2016 പുലിമുരുകന്‍റെയല്ല, മമ്മൂട്ടിയുടെ വര്‍ഷം !

2016ല്‍ തിളങ്ങിയത് പുലിമുരുകനല്ല, മമ്മൂട്ടി!

Mammootty, Mohanlal, Pulimurugan, Thoppil Joppan, Renjith, Sasikala, മമ്മൂട്ടി, മോഹന്‍ലാല്‍, പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, രഞ്ജിത്, ശശികല
രഞ്ജിത് ശ്രീനിവാസ്| Last Updated: ശനി, 10 ഡിസം‌ബര്‍ 2016 (16:22 IST)
2016ല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ നേട്ടം പുലിമുരുകന്‍ തന്നെയാണ്. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം പിടിച്ച ഒരു സിനിമ. ഇത് ഒരിക്കല്‍ മലയാള സിനിമാലോകത്തിന്‍റെയാകെ സ്വപ്നമായിരുന്നു. ഇന്ന് അത് പുലിമുരുകനിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. വൈശാഖിനും മോഹന്‍ലാലിനുമെല്ലാം അഭിമാനിക്കാം.

എന്നാല്‍ പുലിമുരുകന്‍റേത് മാത്രമല്ല, മമ്മൂട്ടി എന്ന മഹാനടന്‍റെ അസാധാരണമായ ഭാവപ്പകര്‍ച്ചകള്‍ക്ക് സാന്നിധ്യം വഹിച്ച വര്‍ഷം കൂടിയാണ് 2016. നാല് ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്.

അതില്‍ ഒന്ന് ക്രൈം ത്രില്ലറായിരുന്നു. ഒന്ന് ആക്ഷന്‍ ത്രില്ലര്‍. ഒരെണ്ണം ലവ് സ്റ്റോറി. ഇനിയൊന്ന് കോമഡി എന്‍റര്‍ടെയ്നര്‍. മമ്മൂട്ടിയുടേതായി ഈ വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തിയത് എ കെ സാജന്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന ത്രില്ലറാണ്. ഭാര്യയുടെ മാനം കവര്‍ന്ന ചെറുപ്പക്കാരെ അതിവിദഗ്ധമായി ഇല്ലായ്മ ചെയ്യുന്ന അഡ്വ.ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി തിളങ്ങിയത്.

ലൂയിസ് പോത്തന്‍റെ ഗെറ്റപ്പില്‍ ഏറെ വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു. അതിലും വ്യത്യസ്തമായിരുന്നു അയാള്‍ പ്രതികാരം ചെയ്യുന്ന രീതി. നയന്‍‌താരയുടെ വാസുകി എന്ന നായികാ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ‘കസബ’യാണ് മമ്മൂട്ടിക്ക് ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ. രാജന്‍ സക്കറിയ എന്ന വഷളന്‍ പൊലീസുകാരനായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം ബോക്സോഫീസിലും വമ്പന്‍ നേട്ടമായി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നതിന്‍റെ പേരില്‍ ചിത്രം വലിയ വിവാദവും സൃഷ്ടിച്ചു.

എന്നാല്‍ മമ്മൂട്ടിയുടെ കരിയറില്‍ രാജന്‍ സക്കറിയ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയായിരുന്നു. രാജന്‍ സക്കറിയയുടെ നടപ്പില്‍ പോലും ഒരു പുതുമ കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിച്ചു.

‘വൈറ്റ്’ എന്ന പ്രണയചിത്രമാണ് മമ്മൂട്ടിയുടേതായി പിന്നീട് പ്രദര്‍ശനത്തിനെത്തിയത്. തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടു ഈ സിനിമ. എന്നാല്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഈ സിനിമയിലൂടെ മമ്മൂട്ടിയിലെ പ്രണയനായകനെ പ്രേക്ഷകര്‍ക്ക് തിരികെ ലഭിച്ചു.

പ്രകാശ് റോയ് എന്ന ബിസിനസ് മാഗ്‌നറ്റായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. പ്രകാശ് റോയിയേക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള നായികാകഥാപാത്രമായി ഹ്യുമ ഖുറേഷി തിളങ്ങി. നല്ല മാര്‍ക്കറ്റിംഗിന്‍റെ അഭാവവും വൈറ്റിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നു.

പുലിമുരുകനൊപ്പം പ്രദര്‍ശനത്തിനെത്തി, പുലിമുരുകന് വലിയ വെല്ലുവിളി ഉയര്‍ത്തി മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍. ലാളിത്യമുള്ള ഒരു കോമഡി എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ കുടുംബപ്രേക്ഷകര്‍ക്ക് വലിയ വിരുന്നായി ഈ ജോണി ആന്‍റണി സിനിമ മാറി. മികച്ച ഗാനങ്ങളും നല്ല തമാശയും പ്രേക്ഷകരെ വശീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങളുടെ കൂട്ടത്തില്‍ തോപ്പില്‍ ജോപ്പനുമെത്തി.

വ്യത്യസ്തമായ നാല് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടിവാങ്ങിയ മമ്മൂട്ടിയുടെ വര്‍ഷം കൂടിയാണ് 2016 എന്ന് നിസ്സംശയം പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :